ഓർത്തഡോക്സ് സഭയിൽ നിന്ന് കഴിഞ്ഞ ദിവസം മലങ്കര കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ട വന്ദ്യ പോൾ റമ്പാച്ചനുമായി കെ സി ബി സി ന്യൂസ് ലേഖകൻ മനോജ് ജോർജ്ജ് തടത്തിൽ നടത്തിയ അഭിമുഖം.
1. പുനരൈക്യമെന്ന തീരുമാനത്തിലേക്ക് റമ്പാച്ചൻ എങ്ങനെയാണ് എത്തിച്ചേർന്നത് ?
ഒരിടയനും ഒരു തൊഴുത്തും ആകണം എന്ന വിശാലമായ ആഗ്രഹത്തോടെ കത്തോലിക്കാസഭയിലെ മെത്രാന്മാരും അച്ചന്മാരും പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ ഏറെ പ്രോത്സാഹനവും പ്രചോദനവും ലഭിച്ചു.
വിശുദ്ധന്മാരോടുള്ള മധ്യസ്ഥ പ്രാർത്ഥന, ജപമാല, കരുണകൊന്ത, കുരിശിൻറെ വഴി ഇവയെല്ലാം എനിക്ക് വളരെയേറെ പ്രയോജനമായി തോന്നി. അത് അനുദിന ജീവിതത്തിലെ പ്രശ്നങ്ങളെ അതിജീവിച്ച് പ്രതികൂലങ്ങളുടെ മധ്യത്തിൽ സമാധാനമായി പോകാൻ സാധിക്കും എന്ന ബോധ്യത്തിൽ ആണ് ഞാൻ ഇതിലേക്ക് വന്നിരിക്കുന്നത്.
2. “പുനരൈക്യം സഭാ തർക്കങ്ങൾക്ക് ഒരു ഉത്തരം” എങ്ങനെ വിലയിരുത്തുന്നു ?
യേശു പത്രോസിനെ ആണ് സഭയേൽപിച്ചത് പത്രോസേ നീ പാറയാകുന്നു ഈ പാറമേൽ എൻറെ സഭയെ പണിയുന്നു എന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട് പത്രോസിന്റെ അഥവാ മാർപാപ്പയുടെ കൂടെ നിൽക്കുന്നതാണ് ഐക്യത്തിന് നല്ലതെന്ന് എനിക്ക് തോന്നി.
3. പുനരൈക്യ ത്തിൻറെ നൂറാം വാർഷികത്തിലും അതിൻറെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് പറയാമോ ?
ഇപ്പോഴും പുനരൈക്യത്തിനു പ്രസക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും ഈയൊരു യാഥാർത്ഥ്യത്തിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ദയറായിൽ എല്ലാവരെയും ആകർഷിക്കത്തക്ക രീതിയിൽ എല്ലാ സഭകളുടെയും നല്ല പഠിപ്പിക്കലുകൾ കൊടുക്കുന്നുണ്ട്. ഓർത്തഡോക്സ് സഭയിലെയും നല്ല ആദർശങ്ങൾ ഇവിടെ പഠിപ്പിക്കുന്നുണ്ട് ഇതൊരു എക്യുമെനിക്കൽ ആശ്രമമായിട്ടാണ് പ്രവർത്തിക്കുന്നത് . എല്ലാ സഭകൾക്കും ഇവിടെ വന്നു ആരാധിക്കാനും ആരാധനയിൽ സംബന്ധിക്കാനും ഉള്ള സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. എല്ലാവരെയും ശ്രേഷ്ഠരായി കരുതി ഒന്നിക്കുന്നതിനുള്ള വേദിയാണിത്
4. സഭാ തർക്കങ്ങൾ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിന് ഏതൊക്കെ രീതിയിൽ തടസ്സമാകുന്നു ?
തർക്കങ്ങൾ അനേകം അക്രൈസ്തവരെ പോലും ചൊടിപ്പിക്കുന്ന രീതിയിൽ ദൈവനാമത്തെ ദുഷിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. നഷ്ടങ്ങൾ സഹിച്ചും, കഷ്ടങ്ങൾ സഹിച്ചും, ആരെങ്കിലും നിന്നിൽ നിന്ന് ബലമായി പിടിച്ചെടുത്താൽ അത് വിട്ടുകൊടുത്ത് സാക്ഷ്യം കാണിക്കണം എന്നാണ് കർത്താവ് പഠിപ്പിച്ചിരിക്കുന്നത്. നിനക്കുള്ളത് എടുത്തുകൊണ്ടു പോയവനോട് മടക്കി ചോദിക്കരുത് എന്നാണ് കർത്താവ് പറഞ്ഞത്. ഞാൻ അങ്ങനെ ആത്മാർത്ഥമായി ആയി വിശ്വസിക്കുന്നു എനിക്കുള്ളത് വിട്ടു കൊടുത്തിട്ടാണ് ഞാൻ വന്നത്. എനിക്ക് അവരോട് വിരോധവുമില്ല. എൻറെ മുറിയും സാധനങ്ങളും അവർ ഉപയോഗിക്കുന്നു. എനിക്കതിൽ യാതൊരു പരാതിയുമില്ല. എല്ലാവരുമായും രമ്യതയിൽ കഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. വരുന്നവർ യേശുവിൻറെ നാമത്തിൽ ഒന്നാകാൻ ഉള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
സഭാ തർക്കങ്ങൾ പൊതുസമൂഹത്തിൽ നമുക്ക് ഇടർച്ചയാണ്. അത് അന്ത്യകാലത്തു സംഭവിക്കുമെന്ന് ഉണ്ടല്ലോ. ജാതി ജാതിയോടും മതം മതത്തോടും ഭിന്നിക്കുമല്ലോ? അതിനിടയിൽ ജാഗരണത്താലും പ്രാർത്ഥനയാലും ഉപവാസത്താലും വിശ്വാസത്താലും പിടിച്ചു നിന്നെങ്കിൽ മാത്രമേ കർത്താവിനെ സാക്ഷിക്കുവാൻ സാധിക്കൂ.
5. പുനരൈക്യപെട്ടത് കാരണം, അംഗമായിരുന്ന സഭയിൽനിന്നും, ഇടവക സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ടോ ?
എതിർപ്പ് ആരും എന്നെ അറിയിച്ചിട്ടില്ല. ചിലരൊക്കെ പരോക്ഷമായി മാധ്യമങ്ങളിൽ കൂടി അറിയിച്ചിട്ടുണ്ട് . എന്നെക്കുറിച്ച് ആരെങ്കിലും വ്യാജമായി പറയുകയാണെങ്കിൽ ഭാഗ്യമായി കരുതുന്നു.
വീട്ടുകാർക്ക് സമ്മതമാണ് എൻറെ അപ്പന്റെ കുടുംബം യാക്കോബായക്കാരും, അമ്മയുടെ കുടുംബം ഓർത്തഡോക്സ്കാരുമാണ്. രണ്ടുകൂട്ടർക്കും എതിർപ്പൊന്നുമില്ല.
6. വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഇതുവരെ പാലിച്ചു പോന്നിരുന്നതുമായി ഉൾക്കൊള്ളാൻ വിഷമകരമായ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ ?
ഒന്നും കാണുന്നില്ല എല്ലാം സഹായകരമായിട്ടും അനുഗ്രഹകരമായിട്ടുമാണ് കാണുന്നത്.
7. പരുമല തിരുമേനിയുടെ ഒരു ചിത്രം ഇവിടെ സ്ഥാപിച്ചു എന്നറിയാൻ കഴിഞ്ഞു എന്താണ് അതിൻറെ യാഥാർത്ഥ്യം?
എനിക്ക് പരുമലപ്പള്ളിയും ആയി ഒരു പേഴ്സണൽ ബന്ധമുണ്ട്. ഞാനവിടെ പോയിരുന്ന് പ്രാർത്ഥിച്ചപ്പോഴാണ് ദൈവവിളി ബോധ്യമായത്. എനിക്ക് ഒരു ആത്മീയ ഗൈഡൻസ് കിട്ടിയത് അവിടെ നിന്നാണ്. എല്ലാവർഷവും അവിടെ പോയി ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്ക ബാവ തിരുമേനി അവിടെ പോകാറുള്ള ആളാണ്. ജൂൺ മാസം പതിനഞ്ചാം തീയതിയാണ് പരുമല തിരുമേനിയുടെ ജന്മദിനം അദ്ദേഹത്തിൻറെ ജന്മദിനവും അന്നുതന്നെയാണ്. കാതോലിക്കാ ബാവാ തിരുമേനി ആറുമാസം മുമ്പ് ഇവിടെ വന്നപ്പോൾ പരുമലതിരുമേനിയുടെ ഒരു ചിത്രവും വേണമെന്ന് കല്പിച്ചതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. അദ്ദേഹത്തിൻറെ ആഗ്രഹവും എൻറെ ആഗ്രഹവും ഒത്തുചേർന്നതുകൊണ്ടാണ് ഈ ചിത്രം പ്രതിഷ്ഠിച്ചത്.
പരുമല തിരുമേനി ഒരു സഭയുടെയോ ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ മാത്രം അല്ല ലോകത്തിനു മുഴുവനും വേണ്ടി, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ്. ഒരു പരിശുദ്ധൻ എന്ന നിലയിൽ അംഗീകരിക്കുന്നു, വിശ്വസിക്കുന്നു. അദ്ദേഹത്തിൻറെ മധ്യസ്ഥതയും, അദ്ദേഹത്തിൻറെ സാന്നിധ്യവും, അദ്ദേഹത്തിൻറെ ചിത്രവും, ഐക്യത്തിന് സഹായകരമായ കാര്യമാണ് എന്നുള്ള വിശ്വാസത്തിലാണ് ഈ ചിത്രം സ്ഥാപിച്ചിരിക്കുന്നത്.
8. മുന്നോട്ടുള്ള കർമ്മ പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ ?
ഞാനൊരു ഗവേഷണ വിദ്യാർഥിയാണ് ഇപ്പോഴും. ഒരിടയനും ഒരു തൊഴുത്തും ആകുമെന്ന കാര്യം ഇന്നും നടപ്പിലായിട്ടില്ലല്ലോ.. അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നതിനെപ്പറ്റി, എല്ലാവരെയും പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാസഭയിലെ വിശുദ്ധന്മാരുടെ ചരിത്രങ്ങളും അവരുടെ പഠിപ്പിക്കലുകളും അവരുടെ അനുഭവങ്ങളും ഇത് പഠിക്കുന്നതിനു സഹായകരമായി എനിക്ക് ബോധ്യമായിട്ടുണ്ട്. ഇപ്പോഴും ആ പഠനം തുടർന്നു കൊണ്ടിരിക്കുകയാണ്.
ഇവിടെ എല്ലാ സഭകളും ഒന്നിച്ചു വരാൻ ഉള്ള വേദിയായി തുറന്നിട്ടിരിക്കുകയാണ്. ഇവിടെത്തന്നെ കത്തോലിക്കാസഭയുടെ ആരാധനാരീതികൾ ആയ മലങ്കര, മലബാർ, ലത്തീൻ ഒപ്പം ഓർത്തഡോക്സ് ആരാധനയും നടത്തി കൊടുക്കാറുണ്ട് ഇനി വേറെ ആരെങ്കിലും വന്നാൽ അവർക്കും കൊടുക്കാൻ തക്കവണ്ണം വാതിൽ തുറന്നിട്ടിരിക്കുകയാണ്.ഒരു എക്യുമിനിക്കൽ ട്രസ്റ്റ് ആണ് ഇത് നടത്തിക്കൊണ്ടിരിക്കുന്നത്.
9. മാനസികമായും ആത്മീയമായും എന്തു വ്യത്യാസം അനുഭവപ്പെടുന്നു ?
കൂടുതൽ ആരോഗ്യം വർദ്ധിച്ചിട്ടുണ്ട്. മാനസികമായ ഒരു സന്തോഷമുണ്ട്. ബിഷപ്പുമാരുടെയും അച്ചന്മാരുടെയും സിസ്റ്റേഴ്സ്ൻറെയും സ്നേഹവും വാത്സല്യവും പ്രചോദനം നൽകുന്നുണ്ട്.
10. താങ്കളുടെ ആത്മീയമായ ലക്ഷ്യം എന്താണ് ?
എല്ലാ പ്രവർത്തനങ്ങളും ഈ അഭിമുഖം പോലും സഭകളുടെ ഐക്യത്തിനും പരസ്പര സഹകരണത്തിനും പരസ്പരം പഠിക്കുന്നതിനും യോജിക്കുന്നതിനും യേശുവിൻറെ വാക്കുകൾ നടപ്പിലാക്കുന്നതിനും സഹായകരം ആകണം എന്നാണ് എൻറെ ആഗ്രഹം. അല്ലാതെ ഒരു കൂട്ടർക്ക് അസൂയ ഉണ്ടാകുവാനും വിഷമം ഉണ്ടാകാനും വേണ്ടിയല്ല ഉദ്ദേശിക്കുന്നത്. എല്ലാവർക്കും ഒന്നിച്ചു കൂടാനും പഠിക്കുവാനും പ്രാർത്ഥിക്കുവാനും ഉള്ള ഒരു വേദി തുറന്നിട്ടിരിക്കുകയാണ്.
അങ്ങനെ ഒരു വേദി മുൻ സഭയിൽ സാധ്യമാകാതെ ഇരുന്നതിനാലാണ് ഇങ്ങോട്ട് വന്നത് ഇവിടെ അതിനുള്ള എല്ലാ സൗകര്യങ്ങളും ലഭിച്ചു. കൂടുതൽ പ്രാർത്ഥനയ്ക്കും ഐക്യത്തിനും യോജിപ്പിനും ഉള്ള ഒരു വേദിയായി, പരസ്പരം മനസ്സിലാക്കാനും പ്രാർത്ഥിക്കാനും ഉള്ള ഇടമായി ഇവിടം ആയിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു.
✍️ അഭിമുഖം തയ്യാറാക്കിയത് മനോജ് ജോർജ്ജ് തടത്തിൽ
Comments