Foto

മികച്ച രാഷ്ട്രീയത്തിന്റെ ലക്ഷണം പൊതുനന്മയ്ക്കു വേണ്ടിയുള്ള കൂടിയാലോചനകളാണ്: പാപ്പാ

"ഫ്രത്തെല്ലി തൂത്തി" വടക്ക്-തെക്ക് സാമൂഹിക സംവാദം എന്ന പേരിൽ ലാറ്റിനമേരിക്കക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനുമായി ചേർന്ന്,  ലാറ്റിനമേരിക്കൻ, കരീബിയൻ മെത്രാൻ സമിതി, ആമസോൺ സഭാ കോൺഫറൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് കത്തോലിക്കാ മെത്രാൻ സമിതി എന്നിവ നടത്തുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ,  സെപ്റ്റംബർ മാസം പന്ത്രണ്ടാം തീയതി കൂടിക്കാഴ്ച്ച അനുവദിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സാമൂഹിക-പരിസ്ഥിതി സംവാദത്തിന്റെ ഈ യാത്രയിൽ പങ്കാളികളാകുന്ന അന്താരാഷ്ട്ര സംഘടനകൾ, പ്രാദേശിക സഹകരണ ബാങ്കുകൾ, ബിസിനസ് ലോകം, ഫൗണ്ടേഷനുകൾ എന്നിവയുടെ പ്രതിനിധികൾക്കു പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. ഓരോ വ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടാനുള്ള അപകടസാധ്യത നേരിടുന്നവരിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും, കൂടുതൽ മാനുഷികവും സുസ്ഥിരവും പിന്തുണയ്ക്കുന്നതുമായ വികസന മാതൃകകളിലേക്കുള്ള യാത്ര തുടരുവാനുള്ള ആഗ്രഹത്തെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു. സംഭാഷണത്തിനുള്ള ഈ ഇടം,  ഭാവിയെ ബാധിക്കുന്ന വെല്ലുവിളികളെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ നേരിടാൻ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

"ഭയപ്പെടേണ്ട" എന്നത് സഭയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ തന്റെ മുൻഗാമികൾ ആവർത്തിച്ച ഒരു ഉദ്ബോധനമാണെന്നും, അത് വീണ്ടും ആവർത്തിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ പാപ്പാ, പിരിമുറുക്കങ്ങളും, വ്യത്യാസങ്ങളും നമ്മെ ഭയപ്പെടുത്തുന്നതാകരുത്: മറിച്ച് അവ പങ്കുവയ്ക്കുന്ന  ഉത്തരവാദിത്തത്താൽ നയിക്കപ്പെടുമ്പോൾ  സർഗ്ഗാത്മക ഊർജ്ജമായി മാറുമെന്നു അടിവരയിട്ടു. സാമൂഹിക നീതിയുടെ തത്വങ്ങൾ ഇവിടെ വളരെ പ്രധാനപ്പെട്ടതാണെന്നും, അത് എല്ലാവരെയും  പ്രത്യേകിച്ച് ഏറ്റവും ദുർബലമായവരെ  ഉപേക്ഷിക്കാതെ യഥാർത്ഥ മാനുഷിക രീതിയിൽ ജീവിക്കാൻ അനുവദിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. നാം പണിയുന്നതെന്തും യഥാർത്ഥത്തിൽ എല്ലാവർക്കും, പ്രത്യേകിച്ചും ഏറ്റവും ആവശ്യമുള്ളവർക്ക്  ഒരു ഭവനവും അഭയകേന്ദ്രവും ആകട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

Comments

leave a reply

Related News