Foto

അഭയാർത്ഥികളുടെ മുങ്ങിമരണം തുടർക്കഥയാകുന്നത് അപമാനകരം

അഭയാർത്ഥികളുടെ മുങ്ങിമരണം തുടർക്കഥയാകുന്നത് അപമാനകരം

ലിബിയൻ തീരത്ത് മുങ്ങിമരിച്ച അഭയാർത്ഥികൾക്കായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലിബിയയിൽ നിന്നുള്ള അഭയാർത്ഥി ബോട്ട് മദ്ധ്യധരണ്യാഴിയിൽ മുങ്ങി നൂറ്റിമുപ്പതോളം പേർ മരിച്ച സംഭവത്തിൽ മാർപ്പാപ്പാ അതീവ ദുഃഖം രേഖപ്പെടുത്തി.

ഞായറാഴ്ച (25/04/21) ത്രികാലപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ അഭയാർത്ഥികളുടെ ഈ ദുരന്തത്തിൽ തൻറെ   വേദന അറിയിച്ചത്.

മദ്ധ്യധരണ്യാഴിയിൽ അനധികൃത കുടിയേറ്റക്കാർ മുങ്ങിമരിക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് നമ്മെ ആത്മശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ നാം ലജ്ജിച്ച് തല കുനിക്കേണ്ട ഒരു സമയമാണിതെന്ന് ഓർമ്മിപ്പിച്ചു.

കടലിൽ അപകടത്തിലായിരുന്ന ഈ കുടിയേറ്റക്കാർ രണ്ടു ദിവസം മുഴുവനും സഹായം അഭ്യർത്ഥിച്ചിട്ടും എല്ലാം വിഫലമായി എന്നും ആരും സഹായഹസ്തം നീട്ടിയില്ലെന്നും പാപ്പാ പറഞ്ഞു.

മരണമടഞ്ഞവർക്കും ദുരന്തപൂർണ്ണമായ ഇത്തരം യാത്രകൾ നടത്തുന്നവർക്കും അതു പോലെതന്നെ, സഹായിക്കാൻ കഴിയുമായിരുന്നിട്ടും അതു ചെയ്യാതെ മുഖം തിരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

ലിബിയയിൽ നിന്ന് മദ്ധ്യധരണ്യാഴി വഴി യൂറോപ്പിലേക്ക് മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് വ്യാഴാഴ്‌ച (22/03/21) അപകടത്തിൽ പെട്ടത്. 

2014 മുതലിങ്ങോട്ട്, ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കടൽ മാർഗ്ഗം കടക്കാൻ ശ്രമിച്ച അഭയാർത്ഥികളിൽ 21500-നടുത്താളുകൾ കപ്പലപകടങ്ങളിൽ മരിച്ചിട്ടുണ്ട്.

Comments

leave a reply

Related News