അഭയാർത്ഥികളുടെ ക്ഷേമത്തിനായുള്ള ക്രിസ്തീയ പ്രസ്ഥാനം 70-ാം വർഷത്തിൽ
വത്തിക്കാൻ സിറ്റി : ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ പ്രശ്‌നങ്ങൾ പഠിക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷൻ (ഐസി എംസി) സേവനത്തിന്റെ എഴുപതാം വർഷത്തിൽ.
കഴിഞ്ഞ കുറെ ആഴ്ചകളായി യൂറോപ്പിലേക്ക് കടക്കാൻ ബോട്ടുകൾ ഉപയോഗിച്ച് കടൽ താണ്ടുന്നവരെക്കുറിച്ചുള്ള ദുരന്ത വാർത്തകൾ ലോകം ശ്രവിച്ചുകൊണ്ടിരിക്കെ, ജനീവ കേന്ദ്രമാക്കിയുള്ള ഈ കത്തോലിക്കാ ജീവകാരുണ്യ പ്രസ്ഥാനം ആളും അർത്ഥവും ഉപയോഗിച്ച് ഇത്തരം ദാരുണ സംഭവങ്ങൾ തടയാൻ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച മൊറോക്കോയുടെ ദക്കല കടൽതീരത്തു നിന്ന് പുറപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നവർ അപകടത്തിൽ പെട്ടിരിക്കാമെന്ന് ഐസി എംസി വൃത്തങ്ങൾ പറഞ്ഞു. ലിബിയ, ടൂനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച 1150 പേരാണ് കടലിൽ വച്ച് ഈ വർഷം മാത്രം മരണമടഞ്ഞിട്ടുള്ളത്. യൂറോപ്പിൽ മാത്രമല്ല ലോകമെങ്ങും അഭയാർത്ഥികൾക്ക് കരയ്ക്കടുക്കോനോ അടുത്ത അയൽ രാജ്യങ്ങളിൽ പ്രവേശിക്കാനോ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഐസി എംസി സെക്രട്ടറി ജനറൽ മോൺ. റോബർട്ട് വിറ്റിലോ പറഞ്ഞു.
ചരിത്രാതീതകാലം മുതലേ അഭയാർത്ഥികളുടെ പ്രശ്‌നം നമുക്ക് പരിചിതമാണ്. അപകടകരമായ ജീവിത സാഹചര്യങ്ങളിൽ നിന്നും മതപീഡനങ്ങളിൽ നിന്നും കലാപകലുഷിതമായ ദേശങ്ങളിൽ നിന്നും ജനങ്ങൾ ഓടിപ്പോകാൻ നിർബന്ധിതരാകുകയാണ്. 1951-ലെ ജനീവാ കൺവെൻഷൻ 'അഭയാർത്ഥി' ആരാണെന്ന് നിർവചിച്ചിട്ടുണ്ട്. വംശം, മതം, ദേശീയത, പ്രത്യേക രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ തുടങ്ങിയ വ്യത്യാസങ്ങളെ ആധാരമാക്കി അവരവരുടെ ജന്മദേശങ്ങളിൽ നിന്ന് ഓടിപ്പോകേണ്ടിവരുന്നവരെ അഭയാർത്ഥികളായി പരിഗണിക്കണമെന്ന് കമ്മീഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അഭയാർത്ഥികൾക്കായുള്ള യു. എൻ. ഹൈക്കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇത്തരമാളുകൾക്ക് പ്രത്യേക സുരക്ഷ നൽകി പരിപാലിക്കേണ്ടത്. എന്നാൽ അഭയാർത്ഥിയെന്ന പരിഗണന ലഭിക്കാൻ കടമ്പകളേറെയാണ്- മോൺസിത്തോർ റോബർട്ട് പറഞ്ഞു.
പീയൂസ് 12 ാമൻ പാപ്പയുടെ ദീർഘവീക്ഷണം
1951-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പയാണ് ഐസി എംസി സ്ഥാപിച്ചത്. ലോകമെങ്ങുമുള്ള മെത്രാൻ സമിതികളുടെ നെറ്റ് വർക്ക് പ്രയോജനപ്പെടുത്തി ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കാൻ അന്നുമുതൽ ഐസി എംസി ശ്രമിച്ചുവരികയാണ്. ഇപ്പോൾ തന്നെ ജോർദാൻ, പാക്കിസ്ഥാൻ, മലയേഷ്യ എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികൾക്ക് ജീവസന്ധാരണത്തിനുള്ള പണവും, വീട്ടുവാടകയും മരുന്നിനുള്ള തുകയുമെല്ലാം ഐസി എംസി നൽകി വരുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും കലാപമോ സാമൂഹിക ബഹിഷ്‌ക്കരണമോ ഇല്ലാത്ത ഇടങ്ങളിൽ താമസിപ്പിക്കുന്നു. അഭയാർത്ഥി പ്രശ്‌നത്തിന് പരിഹാരമായി മൂന്നു കാര്യങ്ങളാണ് യു. എൻ. നിർദ്ദേശിച്ചിട്ടുള്ളത്. ഒന്നാമതായി, അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുവാനുള്ള സാഹചര്യമുണ്ടാകുമ്പോൾ അഭയാർത്ഥികൾക്ക് മടക്ക യാത്ര ഒരുക്കിക്കൊടുക്കുന്നു. രണ്ടാമതായി അവർ താമസിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ അവരെ സ്വീകരിക്കാൻ തയ്യാറായാൽ അതിനുള്ള ഔദ്യോഗികമായ സജ്ജീകരണങ്ങൾ ഉറപ്പാക്കുക. മൂന്നാമതായി അഭയാർത്ഥികൾക്ക് ദീർഘകാലത്തേക്കുള്ള പുനരധിവാസം ഉറപ്പാക്കുക. ലോകമൊട്ടാകെ സ്വന്തം ജന്മനാടുകളിൽ നിന്ന് പറിച്ചെറിയപ്പെട്ട 85 ദശലക്ഷം പേരിൽ ഒരു ശതമാനം പേരെ മാത്രമാണ് ഇതേവരെ ഒരു മൂന്നാം രാജ്യത്തിൽ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
നമ്മുടെ സഭയിൽ യേശുവും മേരിയും ഔസേപ്പുമടങ്ങിയ തിരുക്കുടുംബം അഭയാർത്ഥികളായി ഏറെക്കാലം കഴിയേണ്ടിവന്നവരാണ്. അഭയാർത്ഥികളെ സ്വീകരിക്കുമ്പോൾ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നതായി ഫ്രാൻസിസ് പാപ്പാ പറയുന്നുണ്ട്. ഒന്ന്, അഭയാർത്ഥികൾക്ക് അത് ഗുണം ചെയ്യുന്നു. രണ്ടാമത് അഭയാർത്ഥികളുടെ തൊഴിൽ നൈപുണ്യവും സംസ്‌കാരവും വിശ്വാസരീതികളും കുടുംബമൂല്യങ്ങളും പരിചയപ്പെടാൻ ആതിഥേയർക്ക് കഴിയുന്നു.
എല്ലാ മതങ്ങളുമായി കൈകോർത്ത്....
ഐസി എംസി അഭയാർത്ഥി പ്രശ്‌നപരിഹാരത്തിന് എല്ലാ മതങ്ങളുടെയും സർക്കാരേതര ഏജൻസികളുമായി സഹകരിക്കുന്നുണ്ട്. മാനുഷികമായി വിധം അഭയാർത്ഥികൾക്ക് സഹായം നൽകിവരുന്ന രാജ്യങ്ങൾ ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളിലാണ്. ഉദാഹരണത്തിന് പാക്കിസ്ഥാനിലും അഫ്ഗാൻ അതിർത്തികളിലും 15 വിവിധ ആരോഗ്യ പരിപാടികൾ ഐസി എംസി നടപ്പാക്കി വരുന്നു. അഫ്ഗാൻ അഭയാർത്ഥികൾ കഴിഞ്ഞ 40 വർഷമായി രണ്ടും മൂന്നും തലമുറകളായി ഈ ക്യാമ്പുകളിൽ കഴിഞ്ഞുവരികയാണ്. പല ക്രിസ്തീയ വിശ്വാസികളും അഭയാർത്ഥി പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. തങ്ങളുടെ പഴയ തലമുറയിലുള്ളവർ അഭയാർത്ഥികളായിരുന്നുവെന്ന കാര്യം പോലും അവർ മറക്കുന്നു. എന്നിട്ടും ഇപ്പോൾ അഭയാർത്ഥികളെ അകറ്റി നിർത്തുന്ന രീതി തുടരുന്നു- മോൺസിഞ്ഞോർ പറഞ്ഞു.
Comments