Foto

പാക്കിസ്ഥാനിലെ ക്രിസ്തീയ പുരോഹിതൻറെ കൊലപാതകം: പ്രതിഷേധം ശക്തമാകുന്നു എച്ച്.ആര്‍.എഫ്.പി രംഗത്ത്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ ശക്തമാകുന്നു. ക്രൂരമായ കൊലപാതകത്തെ കടുത്ത ഭാഷയില്‍ അപലപിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാന്‍’ (എച്ച്.ആര്‍.എഫ്.പി) രംഗത്ത് വന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന പാസ്റ്റര്‍ വില്ല്യം സിറാജിനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരു വചനപ്രഘോഷകനെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. വില്ല്യം സിറാജിനെ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമായിരുന്നു ഇതെന്നു എച്ച്.ആര്‍.എഫ്.പി പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പ്രസ്താവിച്ചു.

രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവരുടെ സുരക്ഷക്കായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് ആരോപിച്ച വാള്‍ട്ടര്‍, കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ ക്രൈസ്തവരും, സിഖുകാരും, ഹിന്ദുക്കളും ഉള്‍പ്പെടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്ന അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുതകുന്ന പ്രായോഗിക നടപടികള്‍ കൈകൊള്ളണമെന്ന് സര്‍ക്കാരിനോട് വാള്‍ട്ടര്‍ അഭ്യര്‍ത്ഥിച്ചു.

മദീന പോലത്തെ ഒരു സ്ഥലമാക്കി പാകിസ്ഥാനെ മാറ്റുമെന്ന്‍ സര്‍ക്കാര്‍ പറയുമ്പോള്‍ പാക്കിസ്ഥാനെ സമ്പൂര്‍ണ്ണ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനോടുള്ള സര്‍ക്കാരിന്റെ അനുഭാവപൂര്‍വ്വമായ സമീപനത്തേയാണ് അത് സൂചിപ്പിക്കുന്നതെന്നും എച്ച്.ആര്‍.എഫ്.പി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളേയും അവര്‍ക്ക് പ്രേരണ നല്‍കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വാള്‍ട്ടറിന്റെ പ്രസ്താവന അവസാനിക്കുന്നത്.

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജ മതനിന്ദയുടെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഒരു ക്രൈസ്തവനെ സമീപകാലത്ത് വധശിക്ഷക്ക് വിധിച്ച കോടതിനടപടിക്കെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Comments

leave a reply

Related News