Foto

പുതുവർഷത്തിൽ ഒരു പാട്ടുപുരാണം

പുതുവർഷത്തിൽ ഒരു പാട്ടുപുരാണം

'ഗദോൽ അദൊണായ്' എന്ന ഹീബ്രു ഗാനം പാടി ചുവടുവയ്ക്കുന്ന വൈദികരുൾപ്പെടെയുള്ള യുവജനങ്ങളെ കണ്ടാണ് 2022 പിറന്നുവീണത്. ലോകപ്രശസ്തമായ ഒരു ഗീതത്തിന് മലയാളികൾ കേരള ഭാഷ്യം നല്കിയത് എനിക്ക് ഏറെ ഇഷ്ടമായി. ആ ലിങ്ക് ഇവിടെ ചേർക്കുന്നു: https://youtu.be/xFV6K-v48xo

ഒറിജിനൽ ഗീതത്തിൻ്റെ പിന്നാമ്പുറങ്ങൾ പഠിക്കാൻ അത് എനിക്കു പ്രേരണയുമായിത്തീർന്നു. ഒറിജിനൽ ഗീതത്തിൻ്റെ ലിങ്കും ഇവിടെ ചേർക്കുന്നു: https://youtu.be/chG6xRsX7ns

അടുക്കളയിൽ പിറന്ന ഗീതം

2013-ൻ്റെ അവസാന ദിനം. ആണ്ടുപിറവിയുടെ ശുഭചിന്തകൾ സാറാ ലിബർമാൻ എന്ന ഒരു ഇസ്രായേലി വീട്ടമ്മയുടെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു. ദൈവസ്തുതി ശീലമാക്കിയിരുന്ന ആ മനസ്സിലേക്ക് സങ്കീ 48,1 ഒരു പ്രത്യേക ഈണത്തോടെ ആർത്തുകയറുന്നതായി അവൾക്ക് അനുഭവപ്പെട്ടു: 'ഗദോൽ അദൊണായ് ഉമെഹുലാൽ മെഓദ് ബ്ഈർ എലോഹെയ്നൂ, ബ്ഹർ ഖൊദ്ഷോ' (''കർത്താവ് വലിയവനും നമ്മുടെ ദൈവത്തിൻ്റെ നഗരത്തിൽ, അവിടത്തെ വിശുദ്ധിയുടെ മലയിൽ, ഏറെ പ്രകീർത്തിക്കപ്പെടുന്നവനുമാണ്''). തുടർന്ന്, സങ്കീ 43,4 സുന്ദരമായ ഈണത്തിൽ തൻ്റെയുള്ളിൽ മുഴങ്ങുന്നത് അവൾ കേട്ടു: 'അവോ എൽ മിസ്ബഘ് എലൊഹീം എൽ ഏൽ ശിംഘത് ഗിലീ' (''ദൈവത്തിൻ്റെ അൾത്താരയിലേക്ക് ഞാൻ ചെല്ലും; എൻ്റെ ആനന്ദാതിരേകത്തിൻ്റെ തമ്പുരാൻ്റെ പക്കലേക്കു തന്നെ'').

ഒരു പുത്തൻ പ്രകീർത്തനത്തിനായി കർത്താവ് തന്നെ ക്ഷണിക്കുകയാണെന്ന് സാറായ്ക്കു മനസ്സിലായി. അധരങ്ങൾ അൾത്താരയാണെന്ന അതിസുന്ദരമായ ബൈബിൾബിംബം (ഹെബ്രാ 13,15) ഭർത്താവിനും മക്കൾക്കും വേണ്ടി പാചകം ചെയ്യുന്നതിനിടെ ആ മനസ്സിൽ ഓടിയെത്തി: ''അങ്ങയുടെ സന്നിധിയിൽ എൻ്റെ അധരങ്ങളുടെ ഫലം ഞാൻ അർപ്പിക്കും" ('എഖ്റീവ് പ്റീ ശഫത്തായ് ല്ഫാനെയ്കാ'). തിരക്കിട്ട വീട്ടുപണികൾക്കിടയിൽ അവർ അത് ഒരു പേപ്പറിൽ കുറിച്ചുവച്ചു. കടന്നു പോകുന്ന വർഷം ദൈവം തങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾ (cf. സങ്കീ 126,3) ആ വീട്ടമ്മയുടെ മനസ്സിലേക്ക് ഇരമ്പിക്കയറി. അവൾ വീണ്ടും കുറിച്ചു: ''എന്തെല്ലാം വൻകാര്യങ്ങൾ അങ്ങ് എനിക്കു വേണ്ടി ചെയ്തെന്ന് ഞാൻ അനുസ്മരിക്കും" ('വെഎസ്കോർ മാ ഗെദോലോത് അസീതാ അവൂറീ').

അടുക്കളയിൽനിന്ന് അനുഭവത്തിലേക്ക്

അപ്പോഴേക്ക് വൈകീട്ട് ഏതാണ്ട് നാലു മണി കഴിഞ്ഞിരുന്നു. ആറു മണിക്ക് പ്രാർത്ഥനാശുശ്രൂഷയ്ക്കു പോകേണ്ടതാണ്. അന്ന് ഗാനശുശ്രൂഷയ്ക്ക് ഇതു പാടണമെന്ന് മനസ്സു പറഞ്ഞു. അവൾ പ്രാർത്ഥിച്ചു: ദൈവമേ, അഞ്ചു മണിക്കുള്ളിൽ അങ്ങ് എനിക്ക് ഇതു തന്നാൽ ഞാൻ തീർച്ചയായും ഇതുപയോഗിച്ച് കൂട്ടായ്മയിൽ അങ്ങയെ പാടിസ്തുതിക്കും.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വെളിപാടു പുസ്തകത്തിലെ ഇരുപത്തൊന്നാം അധ്യായത്തിലെ മൂന്നാം വചനം കൂട്ടിനെത്തി: "ഇതാ ദൈവത്തിൻ്റെ കൂടാരം മനുഷ്യമക്കളോടൊപ്പം. അവർ അവിടത്തെ ജനമായിത്തീരും" ('ഹിന്നെ മിഷ്കാൻ എലൊഹീം ഇം ബ്നെയ് അദാം, ഹേമാ യിഹ്യൂ ലോ ലെആം'). തുടർന്ന്, പുതുവർഷത്തിനായുള്ള പുത്തൻ പ്രത്യാശയായി വെളി 21,4 ആ മനസ്സിൽ നിറഞ്ഞു: "അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് എല്ലാ കണ്ണീരും തുടച്ചുനീക്കും. ഇനി മരണമോ വേദനയോ വിലാപമോ ഉണ്ടാവുകയില്ല" ('ഹൂ യിംഘെ കോൾ ദമാ മേഎയ്നാം; വെഹമ്മാവെത് വെ ഏവ് വെസകാ ലോ യിഹ്യൂ ഓദ്').

ദൈവത്തിൻ്റെ കർത്തൃത്വവും രാജത്വവും വിളംബരം ചെയ്യാനുള്ള അവസരമായി പുതുവർഷാരംഭത്തെ സാറാ കണ്ടു. ദൈവം അവളുടെ തൂലികയെ ഭരിച്ചു. വെളി 19,6 ഗാനത്തിൻ്റെ സുന്ദരമായ പല്ലവിയായിത്തീർന്നു: "കർത്തനെ സ്തുതിക്കുവിൻ! എന്തെന്നാൽ, നമ്മുടെ ദൈവമായ കർത്താവ് വാഴുന്നു; കർത്തനെ സ്തുതിക്കുവിൻ! എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവ് വാഴുന്നു" ('ഹാലേലൂയ! കീ മലാക് അദാണായ് എലൊഹെയ്നൂ; ഹാലേലൂയ! കീ മലാക് അദാണായ് റ്റ്സവോത്'). കർത്തൃമഹത്ത്വത്തിനായി പുതുവത്സരാഘോഷങ്ങൾ വിനിയോഗിക്കാൻ തൻ്റെ കവിതയിലൂടെ ഏവരെയും അവൾ ക്ഷണിച്ചു: "നമുക്ക് ആഹ്ലാദിച്ചാനന്ദിക്കാം; അവിടത്തേക്കു മഹത്ത്വം നല്കാം" ('നഗീലാ വ്നിശ്മേഘാ വ്നിത്തെൻ ലോ കവോദ്').

ആറു മണിക്കു മുമ്പ് കർത്താവു വാക്കു പാലിച്ചു. പണിത്തിരക്കുകൾക്കിടയിൽ തൻ്റെ മനസ്സിലെത്തിയ വരികൾ സാറാ പേപ്പറിലും അവയുടെ ഈണം മനസ്സിലും ഉറപ്പിച്ചിരുന്നു. അതുമായി അവൾ തൻ്റെ സഭാകൂട്ടായ്മയിലേക്കു പോയി. അവിടെ കൂടിയിരുന്നവരെയെല്ലാം വലിയ ദൈവാനുഭവത്തിലേക്കു നയിക്കാൻ 'ഗദോൽ അദൊണായ്'ക്കു കഴിഞ്ഞു. ആ പുതുവത്സരാഘോഷം കഴിഞ്ഞതു മുതലിങ്ങോട്ട്, കഴിഞ്ഞ ഏഴു വർഷങ്ങളായി, ലക്ഷക്കണക്കിനു ശ്രോതാക്കളെ - ഹീബ്രു അറിയുന്നവരായാലും അല്ലെങ്കിലും - പ്രാർത്ഥനാനുഭവത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ് ഈ ഗീതം.

തുടർന്ന് സാറാ ലിബർമാൻ മറ്റനേകം സ്തുതിഗീതങ്ങൾക്കും ജന്മം നല്കിയിട്ടുണ്ട്. A Pure Heart, Before you, God of Miracles എന്നിവയാണ് സാറായുടെ ആൽബങ്ങൾ. വചനപ്രഘോഷക, മോട്ടിവേഷൻ സ്പീക്കർ, ഗാനരചയിതാവ്, സംവിധായക എന്നീ നിലകളിൽ ഏറെ ശ്രദ്ധേയയാണ് ഈ ഗായിക.

'ഗദോൽ അദൊണായ്' കേരളഭാഷ്യത്തിനു പിന്നിൽ

ഈ മഹതിയുടെ 'ഗദോൽ അദൊണായ്' എന്ന അതിശ്രദ്ധേയമായ ഗീതം ആകർഷകമായും ഉന്നതനിലവാരത്തിലും പുറത്തിറക്കാൻ പദ്ധതിയിട്ടതും നടപ്പിലാക്കിയതും വരാപ്പുഴ അതിരൂപതയിലെ ഫാ. ജോർജ് പുന്നക്കാട്ടുശ്ശേരിയും ഫാ. നിബിൻ കുര്യാക്കോസും ചേർന്നാണ്. കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ഇടവകയിലെയും തേവര സെൻ്റ് ജൂഡ് ഇടവകയിലെയും ചെറുപ്പക്കാരായ സെനൻ ജൂഡ്‌, ജോയേൽ ജെൻസൻ, നിഹാൽ നെൽസൺ, ആൻ്റണി അലൻ, സാൻഡ്ര സിൽവെസ്റ്റർ, റോസ് മേരി മാത്യു, നിഷ കെ. ജോസഫ്, ആൻഡ്രീന മേരി, ആഷ്വിൻ കെ.ജി. എന്നിവരാണ് ശ്രമകരമായ ഈ ഗാനം പഠിച്ചൊരുങ്ങി ആലപിച്ചത്. ഭാഷാപരമായ സഹായങ്ങൾ നല്കിക്കൊണ്ട് ഫാ. ജോഷി മയ്യാറ്റിലും കൂടെയുണ്ടായിരുന്നു. ഓർക്കെസ്ട്രേഷൻ ഒരുക്കിയത് ഫെർണാണ്ടോ ജോർജ് ആണ്. അമൽ ആൻ്റണിയുടെ കോറിയോഗ്രഫിയിൽ വൈദികരായ എബിൻ ജോസ് വാര്യത്ത്, ഫാ. റെനിൽ തോമസ്, ജിലു ജോസ്  മുള്ളൂർ, ഫാ. ജോർജ് പുന്നക്കാട്ടുശ്ശേരി എന്നിവരാണ് നൃത്തച്ചുവടുകൾ വച്ചത്. വീഡിയോ എഡിറ്റിങ്ങ് അതിസുന്ദരമായി നിർവഹിച്ചത് ജിബിൻ ജോയ് ആണ്.

ഫാ. ജോഷി മയ്യാറ്റിൽ

Foto
Foto

Comments

leave a reply