കാനഡയിലും കൃപാസനം അഖണ്ഡ ജപമാലറാലി സംഘടിപ്പിച്ചു. കാനഡയിലെ ഒന്റാരിയോ പ്രൊവിന്‍സില്‍ ഗദ്സമേന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്ന കൃപാസനം അഖണ്ഡ ജപമാല റാലിയിലും ഉപവാസ പ്രാര്‍ത്ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഗദ്സമേന്‍ മിനിസ്ട്രിയുടെ ചാപ്ലെയിന്‍ ഫാ. ജോണ്‍ പുല്ലുമാരിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഫാ. മാത്യു ഇളംപ്ലാക്കാട്ട് സഹകാര്‍മികനായി.
കാനഡയിലെ വിശ്വാസികള്‍ കൃപാസനം മാതാവിന്റെ മാധ്യസ്ഥം തേടി ഗദ്സമേനില്‍ എത്തി തങ്ങളുടെ പ്രാര്‍ത്ഥനകളും നിയോഗങ്ങളും സമര്‍പ്പിച്ചു. വിശ്വാസികള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഇടവിട്ട് ജപമാല ചൊല്ലി. അഖണ്ഡ ജപമാലക്ക് ശേഷം പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും നടത്തി.
വൈകുന്നേരമാണ് ഗദ്സമേന്‍ മിനിസ്ട്രിയുടെ ഭാഗമായ പരിശുദ്ധ ദൈവമാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാല റാലി നടത്തിയത്. മുന്നില്‍ കൃപാസനം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാല റാലിയില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വം പങ്കുചേര്‍ന്നു. ഗദ്സമേന്‍ മിനിസ്ട്രി ഡയറക്ടര്‍ ബ്രദര്‍ സുരേഷ് ഡോമിനിക്ക് നന്ദി പ്രകാശിപ്പിച്ചു.
യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം പരിപാടികള്‍ ക്രമീകരിച്ചിരുന്നു. കുട്ടികള്‍ക്കായി ഫാ. ജാനൂസ് റോഗിന്‍സ്കി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് സഭാ സമൂഹാംഗങ്ങളായ സന്യാസിനികള്‍ കൊച്ചുകുട്ടികളുടെ വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്കി.




Comments