Foto

യൂകാറ്റ്: ലവ് ഫോറെവർ നവംബറിൽആമുഖമെഴുതി ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാൻ സിറ്റി: യുവജനങ്ങളെ സ്നേഹത്തിന്റെ പാതയിലും വിവാഹജീവിതത്തിലും വഴികാട്ടുന്നതിനായി പുറത്തിറക്കുന്ന “യൂകാറ്റ്: ലവ് ഫോറെവർ” (YOUCAT: Love Forever) എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ആമുഖം. പ്രണയവും ദാമ്പത്യവും വെറുമൊരു താത്കാലിക വികാരമല്ലെന്നും, അത് ജീവിതാവസാനം വരെയുള്ള വലിയൊരു തീരുമാനവും യാത്രയും ക്രിസ്തുവിന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന നിത്യമായ ഉടമ്പടിയുമാണെന്ന് പാപ്പ തന്റെ ആമുഖ സന്ദേശത്തിൽ വ്യക്തമാക്കുന്നു. വരുന്ന നവംബറിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

തന്റെ ഔദ്യോഗിക ചിഹ്നത്തിലുള്ള (Coat of Arms) വിശുദ്ധ അഗസ്റ്റിന്റെ അമ്പുകൊണ്ട് തുളയപ്പെട്ട ഹൃദയത്തെ സ്മരിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിക്കുന്നത്. “ദൈവത്തിൽ വിശ്രമിക്കുന്നത് വരെ മനുഷ്യഹൃദയം അസ്വസ്ഥമായിരിക്കും” എന്ന വി. അഗസ്റ്റിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയ പാപ്പ, മനുഷ്യന്റെ ഹൃദയത്തിലുള്ള സ്നേഹത്തോടുള്ള കൊതി യാദൃശ്ചികമല്ലെന്നും അത് നമ്മെ ദൈവത്തിലേക്കും അവിടുന്ന് നൽകുന്ന വലിയ സ്നേഹത്തിലേക്കും നയിക്കുന്ന അടയാളമാണെന്നും വ്യക്തമാക്കുന്നു.

ആണിനും പെണ്ണിനും ഇടയിലുണ്ടാകുന്ന ആകർഷണം സ്നേഹത്തിന്റെ തുടക്കം മാത്രമാണ്. “എനിക്ക് ഇതിൽ നിന്ന് എന്ത് ലാഭമുണ്ട്?” എന്ന് ചിന്തിക്കുന്നതിന് പകരം “ക്രിസ്തു സ്നേഹിച്ചതുപോലെ എനിക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയും?” എന്ന് ചിന്തിക്കുന്നിടത്താണ് യഥാർത്ഥ സ്നേഹം വെളിപ്പെടുന്നത്.

ഒരു പുരുഷനും സ്ത്രീയും സ്നേഹത്തോടെ പരസ്പരം പൂർണ്ണമായി സമർപ്പിക്കുമ്പോൾ ദൈവം അവർക്കിടയിൽ ജീവസ്സുറ്റവനായി വസിക്കുന്നു. ദമ്പതികളുടെ വിശ്വസ്തതയും പരസ്പരം നൽകുന്ന ക്ഷമയും സഭയോടുള്ള ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണെന്നും, യഥാർത്ഥ സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ചിത്രം നാം കാണുന്നത് ക്രിസ്തുവിന്റെ കുരിശിലാണ്. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന ക്രിസ്തുവിന്റെ കൽപ്പനയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അന്തസ്സത്തയും ‘ഡി.എൻ.എ’യും (DNA). പാപ്പ കൂട്ടിച്ചേർത്തു

30-ലധികം രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരുടെ ജീവിതാനുഭവങ്ങളും സാക്ഷ്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം, മനുഷ്യന്റെ സങ്കൽപ്പങ്ങൾക്കും അപ്പുറമുള്ള ദൈവത്തിന്റെ വലിയ പദ്ധതിയിലേക്ക് ഹൃദയം തുറക്കാനും, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വിശ്വസ്തമായ ഒരു ‘ശരി’ (Yes) എന്ന് പറയാനും യുവജനങ്ങളെ പ്രാപ്തരാക്കും.

Comments

leave a reply

Related News