ഭൂമിക്കായി ഒന്നിക്കും: യുവജനങ്ങൾ കൈകോർക്കുന്നു
വത്തിക്കാൻ സിറ്റി : ആഗസ്റ്റ് 24 മുതൽ 28 വരെ സ്വിറ്റ്സർലണ്ടിലെ ലസാല്ലെ ഹൗസിൽ നടന്ന എക്കോ സമ്മർ ക്യാമ്പ് ഭൂമിയെന്ന പൊതുഭവനം വരും തലമുറകൾക്കായി പരിപാലിക്കാനുള്ള നിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി ക്യാമ്പിന്റെ സംഘാടകൻ
ഫാ. വലെറിയേ സിറിയെല്ലോ എസ്.ജെ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.
18 നും 35 നും മധ്യേ പ്രായമുള്ള യുവതീയുവാക്കളാണ് ക്യാമ്പിൽ പങ്കെടുത്തത്. പരിസ്ഥിതി മലിനീകരണം, കൊടുങ്കാറ്റ്, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയെല്ലാം ഭൂമി എന്ന പൊതുഭവനത്തിന്റെ സംരക്ഷണത്തിനുള്ള സമൂഹപരമായ യത്നങ്ങളിലേക്ക് നമ്മെ നയിക്കുന്നു. 2015-ലാണ് ലൗദാത്തോസി (കർത്താവേ, അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പ ലോകം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടിയത്.
പരിസ്ഥിതി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പുതിയൊരു സമീപനം ആവശ്യമാണ്. ആഭ്യന്തരമൊത്ത വരുമാനമെന്നതിനെ (ജി.ഡി.പി) അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മനുഷ്യനിൽ കേന്ദ്രീകരിക്കണം: മത, രാഷ്ട്രീയ, തത്വശാസ്ത്രങ്ങളുടെ വേർതിരിവില്ലാതെ ഒരു പൊതുവേദി പരിസ്ഥിതി പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സ്വരൂപിക്കേണ്ടത് അനിവാര്യമാണ്. - ഫാ. വലേറിയേ പറഞ്ഞു. അടുത്ത എക്കോ സമ്മർ ക്യാമ്പ് 2022 ആഗസ്റ്റ് 25 മുതൽ സെപ്തംബർ 1 വരെ നടത്തും.
Video Courtesy: Action for Conservation
Comments