ഉക്രൈനിലേക്കുള്ള പാപ്പയുടെ പ്രതിനിധി എന്ന നിലയിൽ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കി ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭയുടേയും ലത്തീൻ സഭയുടേയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരിശുദ്ധ പിതാവിന്റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ക്രജേവ്സ്കി യുക്രൈനില്‍ എത്തിചേര്‍ന്നത്.
ലിവിവിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയതോസ്ലാവ് ഷെവ്ചുക്മായും ലിവിവിലെ ലാറ്റിൻ മെട്രോപോളിറ്റ൯ ആർച്ച് ബിഷപ്പ് മീചിസ്ലാവ് മൊക്രിക്കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മൂന്ന് കത്തോലിക്ക നേതാക്കളും പാപ്പായുമായി ഫോണിൽ സംസാരിച്ചുകൊണ്ട് യുക്രൈനിലെ സാഹചര്യങ്ങൾ വിലയിരുത്തിയെന്ന് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പോളണ്ടിൽ നിന്നും യുക്രൈനിലെത്തിയ തന്റെ ദൗത്യത്തിന്റെ ആദ്യ അനുഭവങ്ങൾ കർദ്ദിനാൾ ക്രജേവ്സ്കി ഫോണിലൂടെ പാപ്പയെ അറിയിച്ചു. തന്റെ സന്ദർശനത്തിന്റെ തുറന്ന ലക്ഷ്യങ്ങളോടെയുള്ള പദ്ധതികളെക്കുറിച്ചും പാപ്പയെ കർദ്ദിനാൾ അറിയിച്ചു. ചരിത്രത്തിലെ ഈ നാടകീയ നിമിഷങ്ങളിൽ ഉക്രെയിനിൽ തുടർന്ന് അവിടത്തെ ജനതയ്ക്ക് അപ്പസ്തോലിക സിംഹാസനത്തിന്റെ പേരിൽ പിന്തുണ നൽകാൻ ഫ്രാൻസിസ് പാപ്പ നിർദ്ദേശം നൽകിയതായി ഇന്നലെ ബുധനാഴ്ചത്തെ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച്ച കർദ്ദിനാൾ ക്രജേവ്സ്കി ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് സമൂഹം ലിവിവിൽ നടത്തുന്ന സാമൂഹ്യ സഹായകേന്ദ്രങ്ങൾ സന്ദർശിക്കും. പിന്നീട് പാൻ - യുക്രേനിയൻ സഭകളുടെ കൗൺസിലിന്റെയും മറ്റു മതസംഘടനകളുടെയും പ്രതിനിധികൾ ചേർന്നു സംഘടിപ്പിച്ചിട്ടുള്ള സംയുക്ത പ്രാർത്ഥനയിൽ സംബന്ധിക്കുകയും ചെയ്യുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
Comments