Foto

കോവിഡും കലിതുള്ളുന്ന കടലും തീരദേശ ഗ്രാമങ്ങൾ തീരാദുരിതത്തിൽ

കോവിഡും  കലിതുള്ളുന്ന കടലും തീരദേശ ഗ്രാമങ്ങൾ തീരാദുരിതത്തിൽ

കടലാക്രമണവും കോവിഡും  എന്ന ഇരട്ട ഭീഷണിയിലാണ്  കേരളത്തിലെ തീരദേശ ഗ്രാമങ്ങൾ എറണാകുളം , കൊല്ലം , തിരുവനന്തപുരം , ആലപ്പുഴ ,  കണ്ണൂർ തുടങ്ങിയ തീരദേശ ഗ്രാമങ്ങളാണ്   ഇപ്പോൾ  ദുരിതം പേറുന്നത് . ഫിഷിങ് ഹാർബറുകൾ അടച്ചതും കടലിൽ പോകരുതെന്ന മുന്നറിയുപ്പുമെല്ലാം മൽസ്യ തൊഴിലാളി കുടുംബങ്ങളെ കൊടും പട്ടിണിയിൽ ആഴ്ത്തിക്കഴിഞ്ഞു  . എറണാകുളം ജില്ലയിലെ വൈപ്പിൻകര,  ചെല്ലാനം  എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമായിക്കഴിഞ്ഞു . കോവിഡ് രോഗ ബാധിതരുള്ള  വീടുകളിലേക്ക്  കടൽ കൂടി കലിതുള്ളി ഇരച്ചെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അമ്പരപ്പിലാണ്  ജനം .

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിലും അടിമലത്തുറയിലും  കടലാക്രമണം മൂലം  നിരവധി വീടുകൾ തകർന്നു  കഴിഞ്ഞു.ആലപ്പുഴ ജില്ലയിലെ ഒറ്റമശ്ശേരി  തൃശൂർ ജില്ലയിലെ വലപ്പാട് കണ്ണൂർ ജില്ലയിലെ അഴിക്കോട് എന്നിവിടങ്ങളിൽ എല്ലാം കടലാക്രമണവും കനത്ത മഴയും തുടരുകയാണ് .

വൈപ്പിൻകരയിലെ വിവിധ ഭാഗങ്ങളിൽ കടൽ ക്ഷോഭം അതിശക്തമായി തുടരുന്നു. ന്യൂനമർദ്ദമഴയായാലും കാലാവർഷ മഴയായാലും  വയ്പ്പിൻകരയിലെ നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട് അണിയൽ, പഴങ്ങാട് കടപ്പുറം പ്രദേശങ്ങളെയാണ് കടൽക്ഷോഭത്തിന്റെ ദുരിതം ഏറ്റവും ആദ്യം ബാധിക്കുക.തീരദേശ റോഡും കടൽഭിത്തിയും സമാന്തരമായി പോകുന്നതിനാൽ കടൽക്ഷോഭം ശക്തമാകുന്നതോടെ തീരദേശറോഡ് പെട്ടെന്ന്തന്നെ മണ്ണിനടിയിലാകും. നായരമ്പലം മുതൽ എടവനക്കാട് വരെയുള്ള കടൽത്തീരത്തെ സംരക്ഷണഭിത്തിയും പലയിടങ്ങളിലും ദുർബലമാണ്.   വെളീത്താംപറമ്പ് കടപ്പുറം വള്ളക്കടവിലൂടെയും കടൽവെള്ളം അടിച്ചുകയറുന്നുണ്ട്.  കാറ്റും മഴയും തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വള്ളമിറക്കുവാനും കഴിയുന്നില്ല. കടൽക്ഷോഭദുരിതത്തിനൊപ്പം കോവിഡ് രോഗഭീതിയും നിലനിൽക്കുന്നതിനാൽ തീരമേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.

ജനജീവിതം കോവിഡ്  മൂലം സ്തംഭിച്ചിരിക്കെ  തീരദേശ ഗ്രാമങ്ങളിലേക്ക്  അടിയന്തര സഹായം എത്തിക്കണമെന്ന്  വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടുകഴിഞ്ഞു .

 ഫ്രാൻസിസ് ചമ്മണി

Foto
Foto

Comments

leave a reply