പുതുവൈപ്പിലെ ഡ്രഡ്ജിങ് മൂലം കൊച്ചിയുടെ തീരദേശ ഗ്രാമങ്ങൾ കടലെടുത്തു പോകുമോ ?
ഫോർട്ട്കൊച്ചി,ചെല്ലാനം പ്രദേശത്തെ ശക്തമായ കടലാക്രമണത്തിന് പുതുവൈപ്പ് എൽ. എൻ. ജി. ഭാഗത്തെ ഡ്രെഡ്ജിങ്ങും ഒരു കാരണമാകുന്നുണ്ടോ?
കഴിഞ്ഞ കുറെ വർഷങ്ങളായി ഫോർട്ട് കൊച്ചി ബീച്ച് മഴക്കാലത്തു നിശ്ശേഷം കടലെടുത്തുപോകുകയാണ്. അതുപോലെതന്നെ തെക്കോട്ടു ചെല്ലാനം വരെയുള്ള കടൽത്തീരവും നിരന്തരം കടലാക്രമണ ഭീഷണിയിലാണ്. ഇത് ഓരോ വർഷവും കൂടുകയല്ലാതെ കുറയുന്നില്ലെന്നതാണ് വാസ്തവം.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഒരു ശാസ്ത്രീയ പഠനവും ഇതുവരെ നടത്തിയിട്ടില്ല. 1970 കാലഘട്ടങ്ങൾ വരെ വൈപ്പിൻ ദ്വീപിന്റെ തെക്കെയറ്റത്തിന് അരകിലോ മീറ്റർപോലും വീതിയുണ്ടായിരുന്നില്ല.( കൊച്ചിയുടെ പഴയ ഭൂപടം നോക്കിയാൽ ഇക്കാര്യം മനസ്സിലാകും) ഇപ്പോൾ വീതി ഒന്നര രണ്ട് കിലോമീറ്റർ വരെയായിട്ടുണ്ട്. വൈപ്പിൻദ്വീപിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തായി അഴിമുഖത്ത് രണ്ട് ചെറിയ തുരുത്തുകളു മുണ്ടായിരുന്നു. കൊച്ചിക്കായൽ അഴിമുഖത്ത് സംഗമിക്കുമ്പോഴുണ്ടാകുന്ന എക്കൽ വീണാണ് ഈ തുരുത്തുകൾണ്ടാ യതത്രെ . പിന്നീട് ഓരോ വർഷം കഴിയുംതോറും ഈ തുരുത്തുകൾ വലുതാകുകയും വൈപ്പിൻകരയുടെ ഭാഗമാകുകയും ചെയ്തു. ഇങ്ങനെ വികസിച്ച ഭൂമിയിലാണ് ആദ്യം ഫിഷറീസ് യൂണിവേഴ്സിറ്റിയും പിന്നീട് എൽ എൻ ജി യും കെ എം ആർ എല്ലുമൊക്ക വന്നത്.
എൽ എൻ ജി ജെട്ടിയിൽ കപ്പലടുക്കുന്നതിന് ആഴം കൂട്ടുവാൻവേണ്ടിയാണ് ഇവിടെ ഡ്രെഡ്ജിങ് നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.365 ദിവസവും ഡ്രെഡ്ജിങ് നടത്തുന്നതിന് പിന്നിൽ ഇവിടെ പ്രകൃത്യാ വികസിച്ച ചതുപ്പുകൾ നികർത്തിയെടുക്കുന്നതിനും കൂടിയാണോയെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല.
ടൺകണക്കിന് മണ്ണാണ് ഓരോ ദിവസവും ഇവിടെ നിന്ന് ഡ്രെഡ്ജ് ചെയ്‌തെടുക്കുന്നത്. ഇത്രയും മണ്ണ് ഓരോ ദിവസവും നീക്കപ്പെടുമ്പോൾ സ്വാഭാവികമായും സമീപപ്രദേശങ്ങളിൽ നിന്നുള്ള മണ്ണ് അവിടേയ്ക്ക് ഊർന്നുവരുക സ്വഭാവികമാണ്.കടൽ ഭിത്തിയുടെഅടിഭാഗത്തെ മണ്ണ് ഊർന്നു ഭിത്തി താഴ്ന്നു പോകുകയും ഭിത്തി തകർന്നു പോകുകയുമാണ് ഇവിടെയൊക്കെ സംഭവിക്കുന്നത്. ഇത്തരമൊരവസ്ഥയിൽ പുതുവൈപ്പിൽ നടക്കുന്ന ഡ്രെഡ്ജിങ്ങിനെക്കുറിച്ച് ഒരു ശാസ്ത്രീയ പഠനം നടത്തുവാൻ ഇനിയും വൈകരുത്.365ദിവസവും ഡ്രെഡ്ജിങ് ആവശ്യമുണ്ടോയെന്നും ഇവിടത്തെ ഡ്രെഡ്ജിങ് സമീപപ്രദേശങ്ങളെ ബാധിക്കുന്നണ്ടോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
കൊച്ചിയുടെ കടൽ തീരങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കണം. ചെല്ലാനത്തു ജിയോ ബാഗ് സ്ഥാപിക്കുവാൻ കോടതി വരെ ഇടപെട്ടു. 2017 -ൽ തുടങ്ങിയ പണി 5 % മാത്രമാണ് നടന്നിട്ടുള്ളത് . ഈ കരാർ മറ്റു വല്ലവർക്കും നൽകി കൂടെയെന്ന് കോടതി ചോദിച്ചിട്ടും മറൈൻ വകുപ്പ് ഉദ്യോഗസ്ഥർ ഉരുണ്ടു കളിക്കുകയായിരുന്നു . ഇനി അഞ്ചു ദിവസത്തിനുള്ളിൽ ചെല്ലാനത്തു വീണ്ടും കടൽ കയറുമെന്നു പഴമക്കാർ പറയുന്നു . ഇപ്പോൾ തന്നെ ചെല്ലാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 73 % ആണ്.
കടലാക്രമണവും കോവിഡ് മഹാമാരിയും കൂടി തീരദേശങ്ങളെ ക്രൂരമായി ആക്രമിക്കുമ്പോൾ , ചെല്ലാനത്തു വളരെയേറെ ജാഗ്രത നടപടികൾക്ക് സർക്കാർ സന്നദ്ധരാകണം. കോവിഡ് മൂലമുള്ള ഈ ദുരിതാവസ്ഥക്ക് ആലോചനകളും ചർച്ചകളുമല്ലാതെ ഉടനടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഹെൽപ് ഡെസ്ക് ചെല്ലാനത്തു തുറക്കണം . നേവിയുടെ സഹായത്തോടെ താൽക്കാലിക കോവിഡ് ചികിത്സാ കേന്ദ്രം കടൽകയറാത്ത സുരക്ഷിത സ്ഥാനത്തു തുറക്കാനും അധികൃതർ തയ്യാറാകണം.
-ഫ്രാൻസിസ് ചമ്മണി
വീഡിയോ ദൃശ്യങ്ങളിൽ :
1 . ഫോർട്ട് കൊച്ചിക്ക് തെക്ക് ഭാഗത്തെ ഈയിടെയുണ്ടായ കടലാക്രമണം
2 . പുതുവൈപ്പ് എൽ എൻ ജി പ്രദേശത്തെ ഡ്രെഡ്ജിങ്
3 .കൊച്ചിക്കായലിലെ ദ്വീപുകളുടെയുംകൊച്ചിയുടെയും ഭൂപടം, വില്ലിങ്ടൺ ഐലൻഡ് നിർമ്മിക്കുന്നതിന് മുൻപ്. വൈപ്പിൻ ദ്വീപിന്റെ തെക്കേ അറ്റം വീതികുറഞ്ഞു കൂർത്തിരിക്കുന്നത് കാണാം. ( കടപ്പാട് : cochin saga, by sir Robert Bristow, 1959)
Comments