കൊച്ചിയുടെ മരുമകള്‍ ഇനി
റോം മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം
വാര്‍ത്ത കടപ്പാട്: ഫാ.ഡോ.ജോഷി മയ്യാറ്റില്‍ , സി.ഡി തോമസ്
കൊച്ചി: മട്ടാഞ്ചേരി സ്വദേശിയും മുന്‍ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റുമായിരുന്ന വക്കച്ചന്‍ ജോര്‍ജ് കല്ലറക്കലിന്റെ ഭാര്യ തെരേസ പുതൂര്‍ ആണ് റോം മുന്‍സിപ്പല്‍ കൗണ്‍സില്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഇന്നലെ ഔദ്യോഗിക പദവി ഏറ്റെടുത്തത്.
യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യന്‍ വനിത മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ഔദ്യോഗിക സ്ഥാനത്തെത്തുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് തെരേസ മത്സരിച്ചത്. ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് ബഹുഭൂരിപക്ഷമുളള മേഖലയില്‍ നിന്നാണ് തെരേസ തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഇറ്റലിയിലെ മലയാളിസമൂഹത്തിന് ഏറെ അഭിമാനകരമാണ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം സിബി മാണി കുമാരമംഗലം പറഞ്ഞു.
പാലായിലെ പൂഞ്ഞാറില്‍ നിന്ന് കുമളിയിലേക്കു കുടിയേറിയവരാണ് തെരേസയുടെ കുടുംബം. മുപ്പത്തി അഞ്ചു വര്‍ഷം മുമ്പ് നേഴ്‌സായി റോമിലെത്തിയ തെരേസ പതിനഞ്ചു വര്‍ഷമായി ഡമോക്രാറ്റിക് പാര്‍ട്ടി മെമ്പറാണ്.
ആരോഗ്യരംഗത്തെ തെരേസയുടെ പ്രവര്‍ത്തനത്തിലൂടെയുള്ള സാമൂഹിക ബന്ധവും കോവിഡു കാലത്തെ സേവനവും സ്ഥാനാര്‍ത്ഥിത്വത്തിനും അതുവഴിയുള്ള വിജയത്തിനും ഇടയാക്കി.
ഭൂരിപക്ഷം നേടിയ ഡമോക്രാറ്റിക് പാര്‍ട്ടിയും സഖ്യകക്ഷികളും ചേര്‍ന്നാണ് അടുത്ത അഞ്ചു വര്‍ഷം റോം കോര്‍പ്പറേഷനില്‍ ഭരണം നടത്തുക. ഏലിയോ തൊമസെത്തിയാണ് മുന്‍സിപ്പല്‍ പ്രസിഡന്റ്. റോസേര്‍ത്തോ ഗ്വല്‍ത്തിയേരി മേയറും.
മൈക്ക് പ്രചരണങ്ങളോ കൊടിതോരണങ്ങളോ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കാണ് മുന്‍തൂക്കം. നിശ്ചയിക്കപ്പെട്ട ചത്വരങ്ങളിലും കോഫി ബാറുകളിലും മാത്രമാണ് പരസ്യപ്രചരണം.
ഒരു മലയാളി എന്നതില്‍ ഈ നേട്ടത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായി എല്ലാ അവധിക്കാലത്തും കുടുംബസമേതം കൊച്ചിയില്‍ എത്താറുള്ള തെരേസ പറഞ്ഞു. ഭര്‍ത്താവ് വക്കച്ചന്‍ ജോര്‍ജിന്റെ രാഷ്ടിയ-സാമൂഹിക പ്രവര്‍ത്തനപരിചയും പാര്‍ട്ടി പ്രസിഡന്റ് സിബി മാണി കുമാരമംഗലത്തിന്റെ പിന്തുണയും തന്റെ വിജയത്തിന് കാരണമായിട്ടുണ്ട് എന്നും തെരേസ പറഞ്ഞു.
ഇറ്റലിയില്‍ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ വെറോണിക്കയും മൂന്നാം വര്‍ഷ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ മകന്‍ ഡാനിയേലും സുഹൃത്തുക്കളും റോമിലെ മലയാളി സമൂഹവും തെരേസയുടെ വിജയത്തിനായി കഠിന പരിശ്രമം ചെയ്തു.
Comments