Foto

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്


കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
 
കേരള സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2021-22 അധ്യയന വര്‍ഷത്തെക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പഠന മികവുള്ള ആയിരം, ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് , ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്. ഓണ്‍ലൈനായിട്ടാണ് , അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്/രേഖകളുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.ജനുവരി 10 ആണ്, അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി.കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ഒന്നാംവര്‍ഷ ബിരുദത്തിന് ചേര്‍ന്നവരെയാണ് , സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. ഇതോടൊപ്പംതന്നെ ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ സമാന ബിരുദ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ള ഒന്നാം വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. എന്നാല്‍ പ്രഫഷണല്‍ കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
 
സംവരണക്രമം
50 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പൊതുവിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ്.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 10 ശതമാനവും ബി.പി.എല്‍ വിഭാഗത്തിന് 10 ശതമാനവും ഒ.ബി.സി വിഭാഗങ്ങളിലുള്ളവര്‍ക്ക് 27 ശതമാനവും ഫിസിക്കലി ചലഞ്ച്ഡ് കാറ്റഗറിയിലുള്ളവര്‍ക്ക് മൂന്നു ശതമാനവും സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ്, കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. 
 
അടിസ്ഥാന യോഗ്യത
പ്ലസ്ടു/യോഗ്യത പരീക്ഷയില്‍, പൊതുവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സയന്‍സ്, ബിസിനസ് സ്റ്റഡീസിന് വിഷയങ്ങളില്‍ 75 ശതമാനവും ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും മാര്‍ക്ക് വേണം.ബി.പി.എല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനവും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് പഠിച്ചവര്‍ക്ക് 55 ശതമാനവും ബിസിനസ് സ്റ്റഡീസ് പഠിച്ചവര്‍ക്ക് 65 ശതമാനവും മാര്‍ക്ക് വേണം.പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 55 ശതമാനവും ബിസിനസ് സ്റ്റഡീസിന് 60 ശതമാനവും മാര്‍ക്ക് അപേക്ഷാ യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗക്കാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും 45 ശതമാനം മാര്‍ക്ക് മതി. എന്നാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പാസ്മാര്‍ക്ക് മതി. 
 
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
ബിരുദപഠനത്തിന് ഒന്നാം വര്‍ഷം 12,000 രൂപയും രണ്ടാം വര്‍ഷം 18,000 രൂപയും മൂന്നാം വര്‍ഷം 24,000 രൂപയുമാണ്, സ്‌കോളര്‍ഷിപ്പ് ആനുകൂല്യം. ബിരുദാനന്തര ബിരുദ(പി.ജി) തുടര്‍പഠനത്തിന് ഒന്നാംവര്‍ഷം 40,000 രൂപയും രണ്ടാം വര്‍ഷം 60,000 രൂപയും സ്‌കോളര്‍ഷിപ്പായി ലഭിക്കും. സ്‌കോളര്‍ഷിപ് ലഭിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍ വര്‍ഷങ്ങളിലെ അക്കാദമിക് മികവ് വിലയിരുത്തിയാണ് , അതാത് വര്‍ഷങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. 
 

ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും

www.kshec.kerala.gov.in 

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News