ആലപ്പുഴ: കേരളത്തിലെ തീരദേശ പരിപാലനം പ്രകൃതിദത്തമായ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള മാതൃകകള്‍ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ സി ബി സിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം, ആലപ്പുഴയുടെ തീരദേശ മേഖലയില്‍ ഷെല്‍ററര്‍ ബെല്‍റ്റ് സ്ഥാപിച്ചു. ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ സഹകരണത്തോടെ ഒറ്റമശ്ശേരിയില്‍ തീര്‍ത്ത തീരദേശ സംരക്ഷണ ജൈവ വേലിയുടെ ഉല്‍ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഒറ്റമശ്ശേരി ഇന്‍ഫന്റ് ജീസ്സസ് കോണ്‍വെന്റ് പരിസരത്ത് നിര്‍വഹിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സീ ചാക്രിക ലേഖനത്തിലെ പ്രകൃതി സംരക്ഷണ സന്ദേശത്തിന് ഊന്നല്‍ നല്‍കി 50 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമുള്ള ജൈവ സംരക്ഷണ കവചം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം നടപ്പിലാക്കിവരുന്ന നേര്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത്തരം പ്രകൃതിദത്ത കണ്ടല്‍ക്കാടുകള്‍ സ്ഥാപിക്കുന്നതിലൂടെ തീരദേശ പരിപാലനത്തിന് മാത്രമല്ല അത്രയും പാറയും കല്ലും ഒഴിവാക്കിയതിലൂടെ പശ്ചിമഘട്ട സംരക്ഷണത്തിനും ഉതകുമെന്നും ഈ മാതൃക കേരളം ഏറ്റെടുക്കണമെന്നും തന്റെ ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഏറ്റവും ബാധിക്കപ്പെട്ട ജനതയായി കേരളത്തിലെ തീരദേശ മലയോര ജനതകള്‍ മാറിയെന്ന് ബിഷപ്പ് അനുസ്മരിച്ചു. ആയിരത്തിലധികം വരുന്ന വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തിയ തീരദേശ സംരക്ഷണ ഭിത്തിയുടെ തുടര്‍ പരിപാലനം തീരദേശ ജനത ഏറ്റെടുക്കണമെന്ന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അഭ്യര്‍ത്ഥിച്ചു. എ.ഡി.എസ്. ഡയറക്ടര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍ സ്വാഗതവും അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ. സ്റ്റീഫന്‍ ജെ പുന്നക്കല്‍, എസ്.വി.സി. മദര്‍ ജനറല്‍ സിസ്റ്റര്‍ ട്രീസ ചാള്‍സ് എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. കെ എസ് എസ് എഫ് ടീം ലീഡര്‍ സിസ്റ്റര്‍ ജെസ്സീന സെബാസ്റ്റ്യന്‍, പ്രോജക്ട് ഓഫീസര്‍ ജിറ്റു തോമസ്, ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മാര്‍ഗ്രെറ്റ്, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുത്തറ എന്നിവര്‍ നേതൃത്വം നല്‍കി.
Comments