മനു നാസിക്
നഗരത്തിലെ പ്രശസ്തമായ ടാഗോർ ഓഡിറ്റോറിയത്തിൽ അന്നു പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു.
ഇരുന്നൂറോളം ആളുകൾ ഉൾക്കൊള്ളുന്ന ഒരാഴ്ച നീണ്ടുനിന്ന സെമിനാറിന്റെ അവസാനത്തെ ക്ലാസ്സ് നടക്കാൻ പോവുകയാണ്.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത മലയാളികളായ ഡോക്ടർമാർ, എഞ്ചിനീയർമാർ , അഭിഭാഷകർ, ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ആളുകൾ ഉൾപ്പെട്ടിരുന്നു.
രാത്രി ഒമ്പതു മണിക്ക് അവസാനത്തെ സെഷൻ നടക്കും. ക്ലാസ്സ് നയിക്കുന്നത് മെസ്സഞ്ചർ ഓഫ് ഗോഡ് എന്ന പേരിൽ ലോക പ്രശസ്തനായ ഈശോ കുര്യനാണ്. ഇന്നത്തെ സംവാദ വിഷയം ദൈവം ഉണ്ടോ, ഇല്ലയോയെന്നതാണ്.
ഈശോ കുര്യനെന്ന മനുഷ്യൻ ദൈവത്തിന്റെ ദാസനായിരുന്നു. അയാൾക്ക് ലോകത്തിലെ മിക്ക പ്രധാനപ്പെട്ട
ഭാഷകളുമറിയാമായിരുന്നു.
ഈ പരിപാടി ലൈവായി കാണിക്കാൻ എല്ലാ ചാനലുകാർക്കും അവസരം നൽകിയിരുന്നു. കാരണം ഈശോ കുര്യന്റെ പ്രോഗ്രാമുകളിൽ
അസാധാരണമായ എന്തെങ്കിലും കാര്യം സംഭവിക്കുക പതിവായിരുന്നു.
ഒമ്പതു മണിയാകാൻ പത്തു മിനിറ്റ് ബാക്കിയുള്ളപ്പോൾ പ്രോഗ്രാമിന്റെ സംഘടനാ തലവൻ കോശി ചെറിയാൻ സ്റ്റേജിലെത്തി ശ്രീ ഈശോ കുര്യൻ സമയത്തിന് എത്തിച്ചേർന്നെന്നും നിശ്ചയിച്ച സമയത്തു തന്നെ സംവാദം തുടങ്ങുമെന്നും അറിയിച്ചു.
കൃത്യം ഒമ്പതു മണിക്ക് മുപ്പതു വയസിൽ താഴെ പ്രായമുള്ള ഒരു ചെറുപ്പക്കാരൻ
ചുറുചുറുക്കോടെ
സ്റ്റേജിലേക്കെത്തി. അയാൾ എല്ലാവരെയും നോക്കി കൈയുയർത്തി അഭിവാദ്യം ചെയ്തു.
"ഗുഡ് ഈവനിംഗ് ലേഡീസ് ആൻഡ് ജന്റിൽ മെൻ, ഞാൻ ഈശോ കുര്യൻ "
പേര് പോലെ തന്നെ ഈശോയുടെ മുഖത്തോട് രൂപ സാദൃശ്യമുള്ള മുഖമായിരുന്നു അയാളുടേത്. വിലകുറഞ്ഞതും എന്നാൽ വൃത്തിയായി ഇസ്തിരിയിട്ട കറുത്ത പാന്റും വെള്ള ജുബയുമായിരുന്നു വേഷം.
ഭംഗിയായി വെട്ടി നിർത്തിയ താടി മീശ. തിളങ്ങുന്ന കണ്ണുകൾ. ആരെയും ആകർഷിക്കുന്ന ഒരു മുഖകാന്തി അയാൾക്കുണ്ടായിരുന്നു.
"നിങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരായതിനാൽ സമയത്തിന്റെ വില നന്നായി അറിയാമല്ലോ. അതുകൊണ്ട് സമയം കളയാതെ നമുക്ക് ഇന്നത്തെ സംവാദത്തിലേക്കു കടക്കാം. എല്ലാവരും തയ്യാറല്ലേ. ആർ യൂ റെഡി "
സദസ്സ് ഒന്നടങ്കം കൈ ഉയർത്തി.
"ഓക്കേ, ഞാൻ തന്നെ തുടങ്ങാം. ദൈവം എന്ന പ്രതിഭാസം നിലനിൽക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്താണ് തെളിവ്, ഇനി അങ്ങനെയൊരു പ്രതിഭാസം ഇല്ലെങ്കിൽ അതിന് എന്താണ് തെളിവ് അതാണ് ഇന്നത്തെ വിഷയം. ഇവിടെ ആരെയും
ദൈവവിശ്വാസികളാക്കുകയോ അല്ലെങ്കിൽ
ദൈവനിഷേധികളാക്കുകയോ അല്ല ഉദ്യേശം. നമ്മുടെ ചിന്തകളും വിചാരങ്ങളും പരസ്പരം പങ്കു
വയ്ക്കുക. അത്രമാത്രം. ആദ്യമായി ദൈവമുണ്ടെന്ന്
വിശ്വസിക്കുന്നവർ ദയവായി കൈ ഉയർത്തുക."
200 പേരിൽ 20 പേരൊഴിച്ച് ബാക്കിയുള്ളവർ കൈ പൊക്കി.
ഈശോ എല്ലാവരെയും നോക്കി.
"ദൈവം ഇല്ലന്ന് കരുതുന്നവർ ദയവായി മുന്നിലേക്ക് വന്ന് അടുത്തിരിക്കുക. അതാണ് സംവാദം നടത്താൻ എളുപ്പം. എല്ലാവരും ഒന്നു സഹായിക്കുക."
അഞ്ചു സ്ത്രീകളും പതിനഞ്ച് പുരുഷന്മാരും മുന്നിലേക്ക് കടന്നു വന്നു ഇരിപ്പിടത്തിലിരുന്നു.
"നിങ്ങളുടെ പേരെന്താണ്? എന്തു ചെയ്യുന്നു."
മുന്നിലിരുന്ന സ്ത്രീയോട് ഈശോ ചോദിച്ചു.
"ഞാൻ ഡോക്ടർ വിമലാ ദേവി,
സയന്റിസ്റ്റാണ്. "
"വളരെ നല്ലത്. ശ്രീമതി വിമലാ ദേവി, മനുഷ്യരുടെ ഉല്പത്തി എങ്ങനെയുണ്ടായി? നിങ്ങളുടെ അഭിപ്രായം തുറന്നു പറയാം."
വിമലാ ദേവി തല താഴ്ത്തി.
"ഈ അടുത്ത നിമിഷം എന്തു നടക്കുമെന്ന് അറിയില്ലാത്ത സയൻസ് കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് കുരങ്ങനിൽ നിന്നാണ് മനുഷ്യനുണ്ടായതെന്നു കണ്ടു പിടിച്ചിരിക്കുന്നു. അപ്പോൾ ഈ കുരങ്ങൻ എങ്ങനെയുണ്ടായി ശ്രീമതി വിമലാ ദേവി? കുരങ്ങൻ എവിടുന്നുണ്ടായി.?"
ഈശോയുടെ മുഖത്തേക്കു
നോക്കാൻ അവർ പേടിച്ചു.
"ഒരൊറ്റ ചോദ്യം കൂടി. കരയിലുള്ളതിനേക്കാൾ
മൂന്നിരട്ടി ജീവികൾ കടലിലുണ്ട്. അവയിൽ നിന്നും മനുഷ്യനെപ്പോലുള്ള ജീവികൾ ഉണ്ടായിട്ടുണ്ടോ? സയൻസ് എന്തു പറയുന്നു."
"എനിക്കറിയില്ല.. സത്യമായും അറിയില്ല."
വിമലാ ദേവി കൈ കൂപ്പി. സയൻസിന്റെ ഒരു വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ താൻ ഈ മനുഷ്യന് മുമ്പിൽ എത്ര നിസാരയാണെന്ന് അവർ
ആത്മനിന്ദയോടെയോർത്തു.
"നിങ്ങൾ ഇരിക്കൂ.. പ്ലീസ് "
അവർ ഇരുന്നിട്ട് ശ്വാസം വലിച്ചു വിട്ടു.
"മിസ്റ്റർ ഈശോ നിങ്ങൾ ജയിച്ചെന്നു കരുതേണ്ട.."
ഒരു മധ്യവയസ്കൻ എഴുന്നേറ്റുനിന്നു.
"നിങ്ങൾ ആരാണ്.. ഞാൻ എവിടെയാണ് ജയിച്ചത്? ആരോടാണ് മത്സരിച്ചത് "
ഈശോ അയാളെ നോക്കി.
"ഞാൻ ഡോക്ടർ ജോസഫ് മുണ്ടക്കൽ, ലോക പ്രശസ്ത ഹാർട്ട് സ്പെഷ്യലിസ്റ്റ്, ഇപ്പോൾ ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്നു "
"താങ്കൾക്ക് എന്താണ് പറയാനുള്ളത് "
"മനുഷ്യൻ കുരങ്ങിൽ നിന്നാണ് രൂപം കൊണ്ടതെന്നു സയൻസ് പഠിപ്പിക്കുന്നു. ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു."
"നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഒരു കാര്യം ഞാൻ
ചോദിക്കട്ടെ ഡോക്ടർ. ഈ
ഭൂമണ്ഡലത്തിൽ കോടാനുകോടി മനുഷ്യർ ജീവിച്ചു മരിച്ചു. ഇനിയും ജനിക്കും ജീവിക്കും മരിക്കും.
നിങ്ങൾക്ക് ഒരേപോലുള്ള നായ്ക്കളെക്കാണാം , പശുക്കളെക്കാണാം, കിളികളെക്കാണാം, മത്‍സ്യത്തേക്കാണാം, സസ്യങ്ങൾ കാണാം. പക്ഷേ, "
ഈശോ സദസ്യരെ നോക്കി.
"ജോസഫ് മുണ്ടക്കൽ എന്ന വ്യക്തിയെപ്പോലൊരാൾ ഇന്നേവരെ ഈ ലോകത്തിൽ ജനിച്ചിട്ടില്ല. ഇനി
ജനിക്കുകയുമില്ല. നിങ്ങളുടെ വിരലടയാളംപോലും നിങ്ങൾക്ക് സ്വന്തം. കാരണം നിങ്ങളെ സ്പെഷ്യലായി നിർമ്മിച്ചതാണ്. യൂ ആർ യൂണിക്ക്. സാമാനതകളില്ലാത്ത ജന്മം.അതിൽ സംശയമുണ്ടോ.?"
"നിങ്ങൾ എന്തു പറഞ്ഞാലും ദൈവനാമം ഞാൻ ഒരിക്കലും പറയില്ല."
"അങ്ങനെ ഞാൻ ആവശ്യപ്പെട്ടില്ലല്ലോ ജോസഫ് സാറേ. ഒന്നു ചോദിക്കട്ടെ, അപകടത്തിൽപ്പെട്ട ഒരാളുടെ ഓപ്പറേഷൻ അടിയന്തിരമായി നിങ്ങൾ നടത്തിയെന്ന് കരുതുക. അതിന് ശേഷം വെളിയിൽ വരുമ്പോൾ അവരുടെ പ്രിയപ്പെട്ടവരോട് നിങ്ങൾ സാധാരണ എന്താണ് പറയാറ് "
"അത്.. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിച്ചു.. ബാക്കി...."
"പറഞ്ഞുകൊള്ളു ജോസഫ് സാർ.. "
"ബാക്കി ദൈവത്തിന്റെ കൈയിലാണ്..."
അയാളുടെ ശബ്ദം വിറച്ചു.
"മതി. താങ്കൾ ഇരുന്നുകൊള്ളു "
ഡോക്ടർ ഇരുന്നിട്ട് കുപ്പി തുറന്ന് അരക്കുപ്പിയോളം വെള്ളം കുടിച്ചു.
"നിങ്ങളിൽ സോഫ്റ്റ്‌വെയർ സ്പെഷ്യലിസ്റ്റുകൾ കൈ ഉയർത്തുക "
ഈശോ മുന്നിലേക്ക് നോക്കി.
രണ്ടുപേർ കൈ പൊക്കി.
"ഇപ്പോൾ എല്ലാം വിരലിന്മേലാണ് നടക്കുന്നത്. പക്ഷേ ഏതെങ്കിലും സോഫ്റ്റ്‌വെയർ സ്വയം ഉത്ഭവിച്ചതാണോ അതോ അതിന് പിറകിൽ
മനുഷ്യബുദ്ധിയുടെ
ആവശ്യമുണ്ടോ.?"
"നിങ്ങൾ വെള്ളം എവിടെ നിന്ന് എങ്ങനെയാണ് കുടിക്കുന്നത്?
പറയൂ."
"വെള്ളം കിണറ്റിൽ നിന്നും കുളത്തിൽ നിന്നും ആറ്റിൽ നിന്നും കുടിക്കും."
"എങ്ങനെ കുടിക്കും "
"ഗ്ലാസിൽ പകർന്ന്, അല്ലെങ്കിൽ കുപ്പിയിലൂടെ കുടിക്കും "
"വെള്ളം അന്തരീക്ഷത്തിൽ നിന്നും നേരിട്ട് എന്തുകൊണ്ട് കുടിക്കുന്നില്ല."
"അതെങ്ങനെ സാധ്യമാകും.?"
"അതുപോലെയാണ് ദൈവത്തെ സ്വീകരിക്കുന്നതും. ആകാശത്തിൽ നിന്നും ഭൂമിയിലേക്ക് മഴവെള്ളം ഒരേപോലെയാണ് വീഴുന്നത്. അത് കുളങ്ങളിലും ആറുകളിലും നിറയുന്നു. ദൈവത്തിന്റെ ശക്തിയെ സംഭരിച്ചു നിർത്തുന്ന ജലസംഭരണികളാണ് ആരാധനാലയങ്ങൾ "
"അപ്പോൾ ദൈവത്തെ അനുഭവിക്കുവാൻ ആരാധനാലയങ്ങൾ നിർബന്ധമാണോ?"
"ഒരിക്കലുമല്ല. മഴപോലെ പൊഴിയുന്ന ദൈവസ്നേഹം സ്വീകരിക്കുവാൻ നമ്മുടെ മനസ്സിൽ മഴക്കുഴി കുത്തുക. അത് താനെ നിറഞ്ഞോളും. അതിന് ആദ്യം നന്മ നിറഞ്ഞ ഒരു മനസ് വേണം. ഇനി എന്തെങ്കിലും സംശയം."
ശാസ്ത്രജ്ഞൻ ഇരുന്നു.
"സർ ഞാൻ വീണ നായർ. മെക്കാനിക്കൽ എഞ്ചിനീയറാണ്. ദൈവമെന്ന ശക്തിയാണ് എന്നെ സൃഷ്ടിച്ചതെന്നു താങ്കൾക്ക് തെളിയിക്കാമോ."
ഈശോ അല്പസമയം അവളുടെ മുഖത്തേക്ക് നോക്കിനിന്നു.
"ആയി സർ "
"യൂ ആർ യൂണിക് . ദൈവത്തിന്റെ വിശേഷ
സൃഷ്ടിയാണ് നിങ്ങൾ."
"ഇനി ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ "
"സർ ഒരു സംശയം "
വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു.
"ഞാൻ മയിലാടുമ്പാറ ജോയി. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഞങ്ങളുടെ പാർട്ടി ദൈവത്തിൽ വിശ്വസിക്കുന്നില്ല. ദൈവമെന്ന ശക്തിയാണ് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന് താങ്കൾക്ക് സ്ഥാപിക്കാമോ.?"
"നല്ല മനോഹരമായ പേര്. മയിൽ നൃത്തം വയ്ക്കുന്ന പാറ. മിസ്റ്റർ ജോയി ഈ രാജ്യത്തെ ആരാണ് നയിക്കുന്നത്.,"
"പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും"
"അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ദേശങ്ങളെ നയിക്കുന്നതോ.."
"അവിടുത്തെ ഭരണാധികാരികൾ "
"ഇവർക്ക് ഒരു സ്ഥലത്ത് നിന്നും എല്ലാം നിയന്ത്രിക്കാൻ പറ്റുമോ. തീർച്ചയായും ഇല്ല. ഇവിടെ എല്ലാത്തിനും ഓരോരോ വിഭാഗങ്ങളും അവയെ നയിക്കാൻ ഓരോരോ മന്ത്രിമാരുമുണ്ട്. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം,
ജലസേചനം, വൈദ്യുതി, കൃഷി തുടങ്ങി നിരവധി വിഭാഗങ്ങൾ.. അവരുടെ കീഴിൽ ലക്ഷക്കണക്കിന് ജീവനക്കാർ. എന്നിട്ടും ഒന്നും ശരിക്കു നടക്കുന്നില്ല. അല്ലേ മയിലാടുമ്പാറ ജോയി "
"അതെ.. അതെ.. നടക്കുന്നില്ല "
"അപ്പോൾ ഈ
ബ്രഹ്മാണ്ഡത്തിലെ എല്ലാ
ഗോളങ്ങളെയും ആരാണ്
നയിക്കുന്നത്. സമയാസമയം മഴയും വേനലും മഞ്ഞും വസന്തവും ഗ്രീഷ്മവും ശിശിരവും തന്ന് പ്രകൃതിയെ ആരാണ് നിയന്തിക്കുന്നത്? സൂര്യന് ചൂടും ചന്ദ്രന് കുളിർമ്മയും നക്ഷത്രങ്ങൾക്ക് ശോഭയും നൽകുന്നതാര്?.
കാറ്റിനേയും കടലിനേയും ഉള്ളം കൈയിലിട്ട്
അമ്മാനമാടുന്നതാര്.. മഴവില്ലിന് നിറം കൊടുത്തതാര്..
പർവ്വതങ്ങളിൽ മരങ്ങൾ നട്ടതാര്.. ഇരുന്നൂറടി ഉയരമുള്ള തെങ്ങിൽ വിളഞ്ഞ തേങ്ങാക്കുള്ളിൽ വെള്ളം നിറച്ചതാര്.. കടൽവെള്ളത്തിൽ ആരാണ് ഉപ്പു കലർത്തിയത്.. മനുഷ്യനോ അതോ ദൈവമോ?"
അയാളുടെ ചടുലമായ ചോദ്യത്തിൽ ജോയ് പകച്ചു പോയി. ജോയ് മാത്രല്ല സദസ്സും പകച്ചിരിക്കുകയായിരുന്നു.
"ഉത്തരം പറയൂ മിസ്റ്റർ ഇവയെല്ലാം നിയന്ത്രിക്കുന്നത് മനുഷ്യനോ അതോ ദൈവമോ?"
"ദൈവം.. "
ജോയി അറിയാതെ പറഞ്ഞു പോയി.
"സുഹൃത്തുക്കളെ നമ്മുടെ ശരാശരി ജീവിതം 70, ഓ 80 ഓ വർഷമാണ്. നമ്മുടെ
പഴയ തലമുറയുടെ അതായത് നമ്മുടെ മുത്തച്ഛന്റെയോ മുതു മുത്തച്ഛന്റെയോ പേരോ ഊരോ അവരുടെ ബന്ധുക്കളെയോ നമുക്ക് അറിയില്ല. അറിഞ്ഞാലും എന്ത് ഗുണം. നമുക്ക് കിട്ടിയ ഈ ജീവിതം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക. അത്ര തന്നെ. കോടാനുകോടി മനുഷ്യർ ജനിച്ചു ജീവിച്ചു മരിച്ച ഈ മണ്ണിൽ നമ്മളും ഒരിക്കൽ അലിഞ്ഞു ചേരും. നിങ്ങൾക്ക് ദൈവമെന്ന പ്രതിഭാസത്തിൽ വിശ്വസിക്കാം, അഥവാ തള്ളിപ്പറയാം. ഈ ഒരു നല്ല ദിവസം തന്നതിന് എല്ലാവർക്കും നന്ദി, എനിക്ക് ഭൂമിയുടെ തെക്കുള്ള മറ്റൊരു ദേശത്ത് ഉടനെ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്. ബൈ"
സംഘാടകരോടും സദസ്യരോടും നന്ദി അറിയിച്ചശേഷം അയാൾ പുറത്തേക്ക് പോയി.
സംഘാടകൻ കോശി ചെറിയാൻ മൈക്ക് കൈയിലെടുത്തു.
"മാന്യരെ, ശ്രീ ഈശോ
കുര്യനോടൊപ്പമുള്ള സംവാദം നിങ്ങൾക്ക് പുതിയൊരു അനുഭവമാണന്ന് കരുതട്ടെ. ഇനി നന്ദി പറയാനായി ഈ പ്രോഗ്രാമിന്റെ സെക്രട്ടറി
ശ്രീ പീ. കെ. വിനയനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു."
പെട്ടന്ന് അയാളുടെ മൊബൈൽ ശബ്ദിച്ചു.
അറിയാത്ത നമ്പറാണ്. എങ്കിലും എടുത്തു.
"ഹലോ മിസ്റ്റർ കോശി
ചെറിയാനല്ലേ?"
"അതെ ആരാണ് സംസാരിക്കുന്നത്?"
മൈക്ക് ഓണായിരുന്നതിനാൽ ആ സംഭാഷണം സദസ്സിലിരുന്ന എല്ലാവർക്കും വ്യക്തമായി കേൾക്കാമായിരുന്നു.
"ഞാൻ ഈശോ കുര്യൻ. എന്റെ ഫ്ലൈറ്റ് അരമണിക്കൂർ വൈകി. ഇപ്പോൾ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. പങ്കെടുക്കുന്നവരോട് വിവരം പറയണം. ഹലോ.. ഹലോ.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.. മിസ്റ്റർ കോശി ചെറിയാൻ.. കാൾ കട്ടായോ "
എന്തു മറുപടി പറയണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
കോശിയുടെ കൈയിലിരുന്ന് മൊബൈൽ വിറച്ചു.
Comments
Sebastian PK
Excellent