പങ്കുവയ്ക്കാമോ ?
ദൈവം അനേകം മടങ്ങാക്കി
അദ്ഭുതം പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ : നിങ്ങൾക്ക് ഉള്ളത് പങ്കുവയ്ക്കുക. അപ്പോൾ നിങ്ങൾക്കായുള്ള ദൈവത്തിന്റെ സമ്മാനങ്ങൾ അനേക മടങ്ങായി വർധിക്കും - ഫ്രാൻസിസ് പാപ്പ ഞായറാഴ്ചത്തെ പൊതുദർശനവേളയിൽ സെന്റ് പീറ്റേഴ്‌സിൽ തടിച്ചുകൂടിയ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
പാപ്പ ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച വചനഭാഗം അനുസ്മരിച്ചുകൊണ്ടാണ് ഈ ആഹ്വാനം നടത്തിയത്. ''ചെറുതാകലിന്റെയും നൽകലിന്റേയും യുക്തി'' എന്നാണ് അപ്പം വർധിപ്പിച്ച സുവിശേഷ വിവരണത്തെ പാപ്പ വിശേഷിപ്പിച്ചത്.
''അയ്യായിരം പേരെ യേശു തീറ്റിപ്പോറ്റിയത് പുതിയതായി അപ്പവും മീനും ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചുകൊണ്ടല്ല. എന്നാൽ ഒരു ബാലൻ വച്ചുനീട്ടിയ അഞ്ചപ്പത്തിലും രണ്ട് മീനുകളിലും അടിസ്ഥാനമിട്ടുകൊണ്ടായിരുന്നു ആ അദ്‌ഭുതപ്രവൃത്തി യേശു ജനങ്ങൾക്കായി ചെയ്തത്. യേശുവിന് എല്ലാവർക്കും ഭക്ഷണം നൽകാൻ കഴിയും. നാം പഠിക്കേണ്ടത്, ദൈവത്തിനായി നാം നീക്കിവയ്ക്കുന്ന 'ചെറുതായ' എന്തിൽ നിന്നും ദൈവത്തിന് വളരെയേറെ വർദ്ധിപ്പിക്കാൻ കഴിയുമെന്നതാണ് . എല്ലാ ദിവസവും നാം ചോദിക്കണം. ഇന്ന് ഞാൻ യേശുവിനു നൽകിയത് എന്താണെന്ന് ? നമ്മുടെ പ്രാർത്ഥനകൾ, കാരുണ്യപ്രവൃത്തികൾ, നമ്മുടെ ദൈനം ദിന സഹനങ്ങൾ എന്നിവയെല്ലാം യേശുവിന് സമർപ്പിച്ചു നോക്കൂ: അവിടുന്ന് നമ്മുടെ ഈ കാണിക്കകൾകൊണ്ട് അദ്ഭുതങ്ങൾ പ്രവർത്തിക്കും. ഇങ്ങനെയാണ് ദൈവം പ്രവർത്തിക്കുവാൻ ഇഷ്ടപ്പെടുന്നത്. ചെറിയ കാര്യങ്ങളിൽ നിന്ന്, നിങ്ങൾ സ്വയം സന്നദ്ധരായി ദൈവത്തിനു നൽകുന്നതിൽ നിന്നെല്ലാം അവിടുന്ന് വൻ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു.
പ്രവാചകരും പരിശുദ്ധഅമ്മയും ചെറുതാകലിന്റെയും നൽകുന്നതിലെയും യുക്തി അറിഞ്ഞവരാണ്. എന്നാൽ എല്ലാം വാരിക്കൂട്ടാനാണ് നമ്മുടെ ശ്രമം പലപ്പോഴും. യേശു പറയുന്നത് നൽകാനും പങ്കുവയ്ക്കാനുമാണ്. അങ്ങനെ നാം ചെയ്യുമ്പോൾ സ്‌നേഹം വർധിക്കും, അങ്ങനെ ദൈവത്തിന് അദ്ഭുതങ്ങൾ ചെയ്യാൻ സന്ദർഭമൊരുക്കും. കൂടുതൽ കൂടുതലായി പങ്കുവയ്ക്കാനാണ് യേശു പഠിപ്പിക്കുന്നത്.
പങ്കുവയ്ക്കൽ നടക്കാതിരുന്നാൽ എന്തു സംഭവിക്കുമെന്ന് പോഷകാഹാരക്കുറവ് മൂലം ലോകത്തിൽ ദിവസേന മരിക്കുന്ന അഞ്ച് വയസ്സിൽ താഴെയുള്ള ഏഴായിരം കുട്ടികൾ തന്നെ ഉദാഹരണമല്ലേ ? ധൈര്യമായിരിക്കുക, നിങ്ങൾക്കുള്ളത് കഴിവോ, സ്വത്തുവകകളോ എന്തായാലും അത് യേശുവിനും നിങ്ങളുടെ സഹോദരീ സഹോദരന്മാർക്കുമായി പങ്കുവയ്ക്കുക. പങ്കുവയ്ക്കുമ്പോൾ, ദൈവം അത് അനേകമടങ്ങായി വർദ്ധിപ്പിക്കും- പാപ്പ പറഞ്ഞു.
പ്രഭാതത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വയോധികരായ മാതാപിതാക്കൾക്കായി അർപ്പിച്ച ദിവ്യബലിയെക്കുറിച്ച് പാപ്പ പറഞ്ഞു. എല്ലാ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും എല്ലാവരും അഭിനന്ദിക്കണം. വയോധികരായ മാതാപിതാക്കളും പേരക്കുട്ടികളും യുവജനങ്ങളുമെല്ലാം ചേർന്ന സുന്ദരമായ മുഖമാണ് സഭയുടേത്. തലമുറകളുമായുള്ള ഉടമ്പടിയാണത്. ഒറ്റപ്പെട്ടു കഴിയുന്ന പ്രായമായ മാതാപിതാക്കളെ സന്ദർശിക്കുക. ഞാൻ നിങ്ങളോടു കൂടെ എപ്പോഴും ഉണ്ടായിരിക്കുമെന്ന യേശുവിന്റെ വാഗ്ദാനം അവരുമായി പങ്കുവയ്ക്കുക - പാപ്പ പറഞ്ഞു.
Comments