ദൈവം നൽകുന്ന സന്തോഷത്തിലേക്ക് കണ്ണയയ്ക്കുക: പാപ്പ
വത്തിക്കാൻ സിറ്റി : ദൈവം നൽകുന്ന സമ്പൂർണ്ണവും യഥാർത്ഥവുമായ സന്തോഷത്തിൽ വിശ്വസിക്കുവാൻ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ. ബോസ്നിയ- ഹെർസെ ഗോവിനയിലെ മെഡ്ജു ഗോരയിൽ ആഗസ്റ്റ് 1ന് ആരംഭിച്ച മിലാദിഫെസ്റ്റ് എന്ന പേരിലുള്ള യുവജന പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായുള്ള സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ ആഹ്വാനം ചെയ്തത്. ആഗസ്റ്റ് 6നാണ് ഈ സമ്മേളനം സമാപിക്കുക.
തേടണം, പക്വതയുടെ പടവുകൾ
നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണമെന്ന ധനികനായ യുവാവിന്റെ സുവിശേഷങ്ങളിലെ (മത്താ 19: 16-22, മർക്കോ 10: 17-22, ലൂക്കാ 18: 18-23) ചോദ്യമാണ് ഈ സമ്മേളനത്തിന്റെ പ്രമേയ വാക്യം. യേശുവിന്റെ ജീവിക്കുന്ന വചനത്തിലും ദിവ്യകാരുണ്യത്തിലും ദിവ്യകാരുണ്യാരാധനയിലും അനുരഞ്ജന കൂദാശയിലും ഊന്നിയുള്ള ഈ പ്രാർത്ഥനാ സമ്മേളനം യുവജനങ്ങളെ ദൈവത്തിലേക്കുള്ള പാതയിൽ എത്തിക്കും. സുവിശേഷങ്ങളിൽ ഈ യുവാവിന്റെ പേര് നൽകിയിട്ടില്ല. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഓരോ യുവതീ യുവാക്കളുടെയും പ്രതീകമാണ് ഈ യുവാവ്. ഈ യുവാവ് വിദ്യാസമ്പന്നനും അറിവുള്ളവനുമായിരുന്നു. അതുകൊണ്ടാകാം യഥാർത്ഥത്തിലുള്ള സന്തോഷവും ജീവിതത്തിന്റെ സമ്പൂർണ്ണ സാഫല്യവും അന്വേഷിക്കാൻ ആ യുവാവ് ശ്രമിച്ചത്. ഇക്കാരണങ്ങളാൽ തന്നെ ആധികാരികവും വിശ്വാസ്യതയുള്ളതും ആശ്രയിക്കാവുന്നതുമായ യേശുവിനെ അയാൾ തേടിയെത്തുകയായിരുന്നു. എല്ലാ നന്മകളും പുറപ്പെടുന്ന പരമമായ നന്മയായ ദൈവത്തെ അയാൾ തേടി. നിത്യജീവൻ ഒരാളുടെ മാത്രം പരിശ്രമം കൊണ്ട് നേടാവുന്ന ഒന്നല്ല. അതിനായി പക്വതയുടെ പടവുകൾ നാം കടക്കേണ്ടതുണ്ട്.
ഈ പടവുകളിൽ ആദ്യത്തേത് അയൽക്കാരനോടുള്ള ഗാഢമായ സ്‌നേഹബന്ധമാണ്. അതൊരു സദാചാരത്തിന്റെ അനുശീലനമല്ല. തികച്ചും കൃതജ്ഞതാഭരിതമായ സമ്പൂർണ്ണ സ്‌നേഹമാണ്. പൂർണ്ണനാകാനുള്ള ആ യുവാവിന്റെ ഹൃദയത്തിലുള്ള ആഗ്രഹം യേശു ശ്രദ്ധിച്ചു. കൂടാതെ, അയാളുടെ ദൗർബല്യവും. ഭൗതികമായ വസ്തൂക്കളിലാണ് അയാളുടെ ഹൃദയം പതിഞ്ഞിരിക്കുന്നത്. അങ്ങനെയാണ് നൽകുകയെന്ന യുക്തിയിലേക്ക് യേശു ഈ യുവാവിനെ ക്ഷണിക്കുന്നത്.
പരിധികളില്ലാത്ത നൽകണം
നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. സ്വർഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും (മത്താ 19:21) യേശു ആ യുവാവിന്റെ കാഴ്ചപ്പാട് മാറ്റിമറിക്കുകയാണ്. മരണാനന്തര ജീവിതം സുരക്ഷിതകമാക്കുകയെന്ന ചിന്തയിൽ നിന്ന്, ഭൗതിക ജീവിതത്തിൽ നിനക്കുള്ളതെല്ലാം ദരിദ്രർക്ക് നൽകുകയെന്ന ചിന്താപഥത്തിലേക്ക് ആ യുവാവിനെ നയിക്കുകയാണ് യേശുനാഥൻ. പക്വതയിലേക്ക് വളരാൻ, പരിധികളില്ലാതെ നൽകാൻ യേശു പറയുന്നു. സ്‌നേഹിക്കുന്നതിനു തടസ്സമായ ഹൃദയ ഭാരങ്ങളെല്ലാം ഇങ്ങനെ ഉപേക്ഷിക്കാൻ കഴിയും. ഹൃദയങ്ങൾ സ്വന്തമായുള്ളവ കൊണ്ട് കുത്തിനിറയ്ക്കപ്പെട്ടിരിക്കുന്നു. അയൽക്കാരൻ നമുക്ക് ഒരു വസ്തുവാണിപ്പോൾ. സ്വന്തമാക്കുന്നതിലും കൂടുതൽ വേണമെന്ന ചിന്തയും നമ്മെ ശ്വാസം മുട്ടിക്കുന്നു. ഇതാകട്ടെ നമ്മെ ദുഃഖിതരാക്കുന്നു; സ്‌നേഹിക്കാൻ കഴിവില്ലാത്തവരാക്കുന്നു.
വരൂ , എന്നെ അനുഗമിക്കൂ ..
മൂന്നാമത്തെ പടി അനുഗമിക്കലാണ് വരൂ, എന്നെ അനുഗമിക്കൂ എന്നായിരുന്നു ആ നിർദ്ദേശം. യേശു ഒരിക്കലും നഷ്ടമല്ല. അത് കണക്കാക്കാനാവാത്ത നേട്ടമാണ്. യുവാവിന് രണ്ട് യജമാനന്മാരുണ്ടായിരുന്നു. ദൈവവും പണവും. സ്വത്തുവകകൾ നഷ്ടപ്പെടുമെന്ന ചിന്തയിൽ അവൻ ദുഃഖിതനായി തിരിച്ചുപോയി. എന്തുകൊണ്ടാണ് ആ യുവാവിന്റെ ജീവിതത്തിൽ ഇത്തരമൊരു ദുഃഖകരമായ നിമിഷമുണ്ടായത് ? യേശുവിന്റെ പ്രതികരണത്തോട് അതെ എന്നു പറയാനുള്ള ധൈര്യം അവന് ഇല്ലാതെ പോയി. നിങ്ങൾ ഓരോരുത്തരും ദൈവത്തെ പിന്തുടരാനുള്ള ധീരത പ്രകടിപ്പിക്കുക. സ്‌നേഹാർദ്രമായ യേശുവിന്റെ കണ്ണുകൾ നിങ്ങളെ കീഴടക്കട്ടെ. വിഗ്രഹങ്ങളിൽ നിന്ന് സ്വതന്ത്രരാകുക . വ്യാജമായ ധനം നിങ്ങൾക്ക് ജീവൻ വാഗ്ദാനം ചെയ്യാം. പക്ഷെ അതെല്ലാം മരണത്തെയാണ് സ്വാഗതം ചെയ്യുന്നത്. യേശുവിന്റെ വചനത്തിനു സ്വാഗതമോതാനും, ആ വിളി സ്വീകരിക്കാനും നിങ്ങൾക്ക് കഴിയണം. സുവിശേഷത്തിലെ യുവാവ് നിങ്ങളെ നിരുൽസാഹപ്പെടുത്താതിരിക്കട്ടെ. ''ഇതാ ഞാൻ'' എന്ന പരിശുദ്ധ അമ്മയുടെ പ്രതികരണമാകട്ടെ നമ്മെയും നയിക്കുന്നത്. യേശുവിനെ ലോകത്തിലേക്ക് കൊണ്ടുവന്ന പരിശുദ്ധ അമ്മ നമ്മുടെ ജീവിതത്തെ ഒരു സമ്മാനമായി രൂപാന്തരപ്പെടുത്തട്ടെ. അത് നമ്മെ ആഹ്ലാദഭരിതരാക്കും -പാപ്പ പറഞ്ഞു.
Comments