പലവ്യഞ്ജന വിലയില്‍ കാര്യമായ മാറ്റമില്ലാത്തതിനു
കാരണം സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ്
രാജ്യത്ത് ഇന്ധന വിലക്കുതിപ്പിനു മാറ്റമില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കൊപ്പം സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുകയാണ്. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങള്‍ക്കും പത്ത് മുതല്‍ 50 രൂപയിലേറെ വരെ വില ഉയര്‍ന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് തുടരുന്നതിനാല്‍ പലവ്യഞ്ജന വിലയില്‍ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ലോറി വാടകയില്‍ ഉള്‍പ്പെടെയുണ്ടായ വര്‍ധനവാണ് പച്ചക്കറി വിപണിയെയും സ്വാധീനിച്ചത്.
തക്കാളി വില ഇരുപതില്‍ നിന്ന് നാല്‍പ്പതായി. നാല്‍പ്പതില്‍ കിടന്ന സവാള വില 52 രൂപയായി. പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാല്‍പ്പത് രൂപയായി.തല്‍ക്കാലം പലചരക്ക് വിലയില്‍ വര്‍ധനയില്ലെങ്കിലും ഡീസല്‍ വിലിയിലെ വര്‍ധന തുടര്‍ന്നാല്‍ വില ഉയര്‍ന്നേക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. കാലിത്തീറ്റ ഉല്‍പ്പന്നങ്ങളുടെ വിലയും കൂടിയിട്ടുണ്ട്.
ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.ഇന്നത്തെ വര്‍ധനയോടെ ഫെബ്രുവരിയില്‍ ഇത് പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടുന്നത്. ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.ബീഹാര്‍ തെരഞ്ഞെടുപ്പ് എത്തുന്നതുവരെ അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ധനവില വര്‍ധനവിനൊപ്പം പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്ക്കുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയായി. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് പാചകവാതക സിലിണ്ടറിന് വില കൂട്ടുന്നത്.ഏറെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സബ്‌സിഡി പുനഃസ്ഥാപിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയുമാണ്.
ഇന്ധനവില കൂട്ടിയപ്പോള്‍, സംസ്ഥാനത്തിനു ലഭിക്കേണ്ട അധിക വില്‍പനനികുതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്ത് മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും മാതൃക കാട്ടിയിട്ടുണ്ട് കേരളമെന്നത് ഇപ്പോഴത്തെ സര്‍ക്കാര്‍ മാനിക്കുന്നില്ല. 2005 ലും 2011ലും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ മന്ത്രിസഭകളില്‍ നിന്നുണ്ടായതാണ് ഈ ജനപ്രിയ നടപടി. ഇതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി പിന്‍വലിച്ച് അസമില്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചു. അവിടെ രണ്ടിനും ലീറ്ററിന് 5 രൂപ വീതമാണു കുറയുന്നത്.
ഇന്ധനവിലയിലെ കയറ്റം അതില്‍ മാത്രം ഒതുങ്ങുന്നില്ല. നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ വസ്തുക്കളുടെയും വിലക്കയറ്റമാണ് ആത്യന്തിക ഫലമെന്ന അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്ന് ഇപ്പോള്‍ നികുതിവരുമാനമായി ലഭിക്കുന്ന കോടികളില്‍ കുറച്ചെങ്കിലും വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യക്കുറവ് ജനങ്ങള്‍ക്കു കനത്ത ആഘാതമായി മാറുന്നു. വില നിയന്ത്രിക്കാനുള്ള അടിസ്ഥാന ഉത്തരവാദിത്തം സൗകര്യപൂര്‍വം വിസ്മരിച്ച്, നികുതി കുറയ്ക്കില്ലെന്ന കടുത്ത നിലപാട് തുടരുന്നു.
എണ്ണക്കമ്പനികളാണു വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദത്തിനു നിലനില്‍പ്പില്ല. കോവിഡ് പ്രതിസന്ധിക്കു ശേഷം എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ വില കൂട്ടിയതാണ് ഇന്ധന വിലവര്‍ധനയ്ക്കു കാരണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതും ബലമില്ലാത്ത വാദം തന്നെ.ഇന്ധനനികുതി വികസനജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വാദമെങ്കിലും കോവിഡ് സാമ്പത്തിക ക്ലേശങ്ങളിലൂടെ ജനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇന്ധനനികുതിയില്‍ ഒരളവെങ്കിലും കുറച്ച്, അവരുടെ സാമ്പത്തികഭാരം കുറയ്‌ക്കേണ്ട ഉത്തരവാദിത്തം തീര്‍ച്ചയായും സര്‍ക്കാരുകള്‍ക്കുണ്ടെന്ന് സാമൂഹിക നിരീക്ഷകര്‍ പറയുന്നു.
പെട്രോളിനും ഡീസലിനും ഉപയോക്താക്കള്‍ നല്‍കുന്ന തുകയില്‍ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളായിരിക്കേ എക്‌സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ കുറച്ചാല്‍ ഒരു പരിധി വരെ പരിഹരിക്കാവുന്ന വിഷയമാണിത്. വില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞപ്പോള്‍ നികുതി കുറയ്ക്കില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
✍️ബാബു കദളിക്കാട്
Comments