വിരമിച്ച മെത്രാപ്പോലീത്ത ഇടവകയിൽ സഹവികാരിയായി
പട്ന അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വില്യം ഡിസൂസയുടെ മാതൃകയാക്കാവുന്ന ജീവിതകഥ.
- ഫാദർ വില്യം നെല്ലിക്കൽ
മെത്രാപ്പോലീത്ത സഹവികാരിയായി
74-ാം വയസ്സിൽ വത്തിക്കാന്‍റെ അനുമതിയോടെ വടക്കെ ഇന്ത്യയിലെ പട്ന അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനമൊഴിഞ്ഞ ആർച്ചുബിഷപ്പ് വില്യം ഡിസൂസയാണ് സഹവികാരിയായി അജപാലന ശുശ്രൂഷ തുടരുവാൻ സന്നദ്ധനായത്. 2020 ഡിസംബർ 9-ന് കാനോന നിയമങ്ങൾക്ക് അനുസൃതമായ വിരമിച്ച ആർച്ചുബിഷപ്പ് 2021 മാർച്ച് 1-ന് പട്ന സിറ്റിയുടെ പ്രാന്തപ്രദേശത്ത് ദീനാപൂരിലുള്ള വിശുദ്ധ സ്റ്റീഫന്‍റെ നാമത്തിലുള്ള ഇടവകയിലാണ് സഹവികാരിയായി ചാർജ്ജെടുത്തതെന്ന്, ദേശീയ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ഡോ. സ്റ്റീഫൻ ആലത്തറ പ്രസ്താവനയിലൂടെ അറിയിച്ചു.
ജനമദ്ധ്യത്തിലായിരിക്കുവാനുള്ള താല്പര്യം
തനിക്ക് ഇടവകയിലെ അജപാലനശുശ്രൂഷ താല്പര്യമാണെന്നും, അതിനാല് ആവുന്നതുപോലെ ഇടവകയിലെ ജനങ്ങളെയും സന്ന്യാസസമൂഹങ്ങളെയും സഹായിച്ചും ശുശ്രൂഷചെയ്തും ശിഷ്ടകാലം ഫലപ്രദമായി ചെലവഴിക്കുവാൻ ഇഷ്ടപ്പെടുന്നതായി ആർച്ചുബഷപ്പ് വില്യം പ്രസ്താവിച്ചതായി ഫാദർ ആലത്തറ അറിയിച്ചു. തന്‍റെ ലളിതമായ ജീവിത ശൈലികൊണ്ടും ജനമദ്ധ്യത്തിൽ ആയിരിക്കുന്ന അജപാലന തീക്ഷ്ണതകൊണ്ടും ശ്രദ്ധേയനായിരുന്നുവെന്ന് ദേശീയ മെത്രാൻ സമിതിയുടെ ബാംഗളൂർ ഓഫീസിൽനിന്നും ലഭിച്ച പ്രസ്താവന വ്യക്തമാക്കി.
ഹ്രസ്വജീവിതരേഖ
1976-ൽ ഈശോ സഭാംഗമായിട്ടാണ് ആർച്ചുബിഷപ്പ് വില്യം പൗരോഹിത്യം സ്വീകരിച്ചത്.
1995-മുതൽ 2001-വരെ ഈശോസഭയുടെ പട്ന പ്രവിശ്യയുടെ പ്രൊവിൻഷ്യലായിരുന്നു.
2005-ൽ ബുക്സാർ പുതിയ രൂപതയുടെ മെത്രാനായി ചുമതലയേറ്റു.
2007-ൽ പട്ന അതിരൂപതയുടെ മെത്രാപ്പോലീത്തയായി.
ആർച്ചുബിഷപ്പി വില്യം ഡിസൂസ കർണ്ണാടക സ്വദേശിയാണ്.
Comments