Foto

ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തവും മാര്‍ഗ്ഗ ദീപവുമായി നിലകെള്ളുന്ന മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, കേരള സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ബാബുരാജ് പി.റ്റി, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, റിട്ടയേര്‍ഡ് തഹസ്സില്‍ദാറും കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പറുമായ ജോര്‍ജ്ജ് കുര്യന്‍ പാണ്ടവത്ത് എന്നിവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
നാളികേര വികസന ബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കുട്ടം പദ്ധതി നടത്തിപ്പിലും കെ.എസ്.എസ്.എസ് സ്വാശ്രയസംഘ ക്ഷേമ പ്രവര്‍ത്തനങ്ങളിലും നല്‍കിയ സേവനങ്ങളെ മാനിച്ചുകൊണ്ടാണ് ടി.കെ ജോസ് ഐ.എ.എസിന് പുരസ്‌കാരം സമ്മാനിക്കുന്നത്. ന്യൂനപക്ഷ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം കോട്ടയം അതിരൂപതയുടെ സാമൂഹിക സാമുദായിക മേഖലകളില്‍ നല്‍കി വരുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടാണ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എയ്ക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. ഭിന്നശേഷി ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന വിവധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അഡ്വക്കസി നെറ്റ് വര്‍ക്ക് മീറ്റിംഗുകള്‍ക്കും പരിശീലനങ്ങള്‍ക്കും നല്‍കി വരുന്ന സഹകരണങ്ങളെയും പ്രോത്സാഹനങ്ങളെയും മാനിച്ചുകൊണ്ടാണ് ഡോ. ബാബുരാജ് പി.റ്റിയ്ക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തോടൊപ്പം കെ.എസ്.എസ്.എസ് കര്‍ഷക സംഘങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും കര്‍ഷക സംഘ പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ക്കും ചൈതന്യ കാര്‍ഷിക മേള ഉള്‍പ്പെടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളിലും നല്‍കി വരുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടാണ് ഷേര്‍ളി സക്കറിയാസിന് പുരസ്‌കാരം സമ്മാനിക്കുന്നത്. കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ എന്ന നിലയിലും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനങ്ങളുടെ ലഭ്യമാക്കലിനും നല്‍കി വരുന്ന പ്രോത്സനവും പിന്തുണയും പരിഗണിച്ചുകൊണ്ടാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജ്ജ് കുര്യന് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഇരുപതിനായിരത്തി ഒന്ന് രൂപയും (20001) മൊമന്റോയും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 28-ാം തീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മത സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനോപകാര സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗ ദീപമായി നിലകൊള്ളുന്ന വ്യക്തിത്വങ്ങളെ എല്ലാവര്‍ഷവും ചൈതന്യ എക്‌സലന്‍സ് അവാര്‍ഡിലൂടെ ആദരിക്കുമെന്നും കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കോട്ടയത്ത് പത്ര സമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍ അനീഷ് കെ.എസ്, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

 

Comments

leave a reply

Related News