Foto

കെആർഎൽസിസി 47-ാം ജനറൽ അസംബ്ലി നാളെ മുതൽ

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലി ജൂലൈ 10 മുതൽ 12 വരെ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ നടക്കും. കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിൻ്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.

ജൂലൈ 10 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് ഫിഷറീസ് മന്ത്രി അഡ്വ വി. ഇ. അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആർഎൽസിസി പ്രസിഡൻ്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. കൊച്ചി രൂപതാ മെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. ദീപക് ജോയ് എം.എൽ.എ., കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജുഡ്, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ ആശംസകൾ നേരും.

തുടർന്ന് 'ജൂബിലി നിറവിൽ നവീകരണവും മുന്നേറ്റവും' എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ബിജു ടെറൻസ് മുഖ്യപ്രഭാഷണം നടത്തും. ദശവത്സര അജപാലനരേഖ രൂപീകരണം, ലത്തീൻ കത്തോലിക്കരുടെ നിലവിലെ സാഹചര്യം, ഭാവി വികസന സാധ്യതകൾ എന്നിവ സംബന്ധിച്ച ചർച്ചകളും നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സമ്മേളനത്തിൽ സന്ദേശം നൽകും. രാത്രിയിൽ മദർ ഏലീശ്വായുടെ ജീവിതം ആസ്പദമാക്കിയുള്ള ചവിട്ടുനാടകവും അരങ്ങേറും.

രണ്ടാം ദിനമായ ജൂലൈ 11-ന് കെആർഎൽസിസിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും വിവിധ ശുശ്രൂഷാസമിതികളുടെ പ്രവർത്തനം വിലയിരുത്തുകയും ചെയ്യും. രജതജൂബിലിയുടെ പശ്ചാത്തലത്തിൽ സഭയുടെ വർത്തമാനവും ഭാവിയും, സാമൂഹിക സ്വാധീനം, നവീകരണ സാധ്യതകൾ എന്നിവ വിഷയമാക്കി പാനൽ ചർച്ചകളും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചുള്ള അവലോകനവും നടക്കും. രാത്രി സംഘടനാ വിഷയങ്ങളും പൊതുപ്രശ്‌നങ്ങളും ചർച്ച ചെയ്യുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും.

സമാപന ദിവസമായ ജൂലൈ 12-ന് രൂപതാ രാഷ്ട്രീയകാര്യ സമിതികളുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കും. തുടർന്ന് സമാപന സമ്മേളനത്തിൽ വിശ്വാസപരിശീലന സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. കെആർഎൽസിസി പ്രസിഡൻ്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപന സന്ദേശം നൽകും. സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 9-ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യോഗവും ചേർന്നു.

Comments

leave a reply

Related News