Foto

പ്രൗഢോജ്വലമായി ദുക്റാന തിരുനാളും സീറോമലബാർ സഭാദിനാഘോഷവും

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സഭാദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും പ്രൗഢോജ്വലമായി നടന്നു. സഭയുടെ തലവനും പിതാവുമായ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തിയതോടെയാണ് മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിൻ്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിൻ്റെ ആവിഷ്കാരമായും മാറിയ ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന റാസ കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ്പ് കാർമ്മികത്വം വഹിച്ചു. 

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മേജർ‌ ആര്‍ച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭാംഗങ്ങളായ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർക്ക് മേജർ ആർച്ചുബിഷപ്പ് സഭയുടെ ആദരം സമർപ്പിച്ചു. സഭാംഗവും കത്തോലിക്കാ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസി വ്യവസായി ഷെവലിയർ ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങിൽ മേജർ ആര്‍ച്ച് ബിഷപ്പ് പ്രത്യേകമായി ആദരിച്ചു.

2026 ഒക്ടോബറിൽ റോമിൽ വെച്ച് നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിൻ്റെ മുന്നോടിയായുള്ള ആഗോള പതാക പ്രയാണത്തിൻ്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ്പ് നിർവ്വഹിച്ചു. ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഏറ്റുവാങ്ങി. ചടങ്ങിൽ 'ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ' പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിൻ്റെ പ്രകാശനവും മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു; മന്ത്രി ശ്രീ സണ്ണി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. ബിഷപ്പ് മാർ തോമസ് ഇലവനാലിന് സമർപ്പിക്കുന്ന 'പൗരസ്ത്യരത്നം' അവാർഡ് ലിറ്റർജി കമ്മീഷൻ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം പ്രഖ്യാപിച്ചു.

കൂരിയ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. സഭയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് മീഡിയ കമ്മീഷൻ തയ്യാറാക്കിയ വീഡിയോ അവതരണവും, ഫാ. ഷാജി തുമ്പേച്ചിറയിലിൻ്റെ നേതൃത്വത്തിൽ 'ത്രിയേകം' എന്ന പേരിൽ സമുദായ ശാക്തീകരണ വർഷത്തോടനുബന്ധിച്ച് ഒരുക്കിയ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സമർപ്പിത, അല്മായ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

leave a reply

Related News