ഞായർ സുവിശേഷത്തിൻ്റെ ഏറ്റവും പുതിയ വ്യാഖ്യാനവും വിചിന്തനങ്ങളുമായ് ജേക്കബ് നാലുപറയിൽ അച്ചൻ്റെ പുസ്തകം "വചനബോധി" പ്രകാശനം ചെയ്തു.640 പേജുകളിൽ പൂർത്തിയാകുന്ന ഞായർ സുവിശേഷഭാഗത്തിൻ്റെ പരിപൂർണ്ണ റഫറൻസ് ഗ്രന്ഥമാണിത്. മെയ് 27 ശനിയാഴ്ച്ച പാലാരിവട്ടം പിഒസിയിലെ ചടങ്ങിലാണ് പ്രകാശനം ചെയ്തത്. കോഴിക്കോട്ടുള്ള ആത്മ ബുക്സ് ആണ് പ്രസാധകർ.
ഞായർ സുവിശേഷ വ്യാഖ്യാനവും വിശുദ്ധരുടെ തിരുന്നാളുകളുമായ് 63 അദ്ധ്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.ഓരോ അദ്ധ്യായവും നാല് ഉപവിഭാഗങ്ങളായാണ് ഈ പുസ്തകം വിശദീകരിക്കുന്നത്; സന്ദർഭം, പ്രമേയം, സന്ദേശം, പ്രസംഗം എന്നിവയാണ് അത്.
ആദ്യ ഭാഗം സന്ദർഭത്തിൽ, ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിൻ്റെ സന്ദർഭമാണ് പറയുന്നത്. രണ്ടാമത് പ്രമേയത്തിൽ, ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിൻ്റെ പ്രധാന പ്രമേയമെന്തെന്ന് ചുരുക്കി പറയുകയാണ്.മൂന്നാമത് സന്ദേശം, സുവിശേഷ പ്രസംഗകരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഈ ഭാഗത്തിൽ ആനുകാലിക ജീവിത സാഹചര്യങ്ങളിൽ നിർദ്ദിഷ്ട സുവിശേഷഭാഗം തരുന്ന സന്ദേശങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണ് ചെയ്യുന്നത്. അവസാന ഘട്ടമായ പ്രസംഗത്തിൽ പേരു പോലെ ഏതൊരാളുടെയും പ്രാസംഗിക കലയിലെ കഴിവ് മെച്ചപ്പെടുത്തുന്ന വിധം ഓരോ സുവിശേഷഭാഗവും മാതൃക പ്രസംഗമായാണ് ചേർത്തിരിക്കുന്നത്.
എക്കാലവും സൂക്ഷിച്ചുവെക്കേണ്ട സുവിശേഷഭാഗത്തിൻ്റെ പരിപൂർണ്ണ വിശകലന ഗ്രന്ഥമാണിതെന്നും പ്രസംഗത്തിന് തയ്യാറെടുക്കുന്ന ആർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് "വചനബോധി"യുടെ രചനയെന്നും ജേക്കബ് നാലുപറയിൽ അച്ചൻ പറഞ്ഞു. സുവിശേഷ പ്രസംഗങ്ങൾക്കുള്ള വൻ ജനാവലിയുടെ പ്രോത്സാഹനത്തിന് ഒരിക്കൽകൂടി നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ലത്തീൻ സുവിശേഷ വായനകളെക്കുറിച്ചുള്ള പുതിയ പുസ്തകത്തിൻ്റെ സൃഷ്ടിയിലാണെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
Comments