Foto

ക്രിസ്തുമസിന് മുന്നോടിയായി റോമിലെ ഇടവകകൾ സന്ദർശിക്കുവാന്‍ ലെയോ പാപ്പ

വത്തിക്കാന്‍ സിറ്റി: ആഗമനകാലത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമസിന് മുന്നോടിയായി റോമിലെ ഇടവകകൾ സന്ദർശിക്കുവാന്‍ ലെയോ പാപ്പ. നവംബർ 27 മുതൽ ഡിസംബർ 20 വരെ കാലയളവിൽ, റോം രൂപതയിലെ ഇടവകകൾ രൂപത മെത്രാൻ കൂടിയായ ലെയോ പാപ്പ സന്ദർശിക്കുമെന്നും, വിശുദ്ധ ബലിയർപ്പിക്കുമെന്നും റോം വികാരിയാത്ത് അറിയിച്ചു. റോം രൂപതയിലെ വിവിധ സെക്ടറുകളിലുള്ള അഞ്ച് ഇടവകകളിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. കഴിഞ്ഞ നോമ്പുകാലത്തും ലെയോ പാപ്പ സമാനമായ സന്ദർശനങ്ങൾ നടത്തിയിരുന്നു. 

നവംബർ 27-ന് മധ്യമേഖലയിലെ സാന്ത് അന്ത്രെയാ ദെല്ലെ ഫ്രാത്തെ, നവംബർ 29-ന് ദക്ഷിണമേഖലയിലെ സാൻ കാർലോ ദ സെത്സെ, ഡിസംബർ 6-ന് കിഴക്കൻ മേഖലയിലെ സാന്ത് എലീജിയോ, ഡിസംബർ 13-ന് പടിഞ്ഞാറൻ മേഖലയിലെ സാന്താ ലൂച്ചിയ, ഡിസംബർ 20-ന് വടക്കൻ മേഖലയിലെ സാൻ റോബെർത്തോ ബെല്ലാർമിനോ എന്നീ ഇടവകകളിലാണ് പാപ്പ എത്തുക. രൂപത സന്ദർശിക്കുന്ന ഇടയനെ, റോം രൂപതയിലേക്കുള്ള പാപ്പയുടെ വികാരി ജനറാള്‍ അതാതു പ്രദേശങ്ങളുടെ ചുമതലയുള്ള സഹായമെത്രാൻ, ഇടവക വികാരി എന്നിവർ ചേർന്ന് സ്വീകരിക്കും.  

അഞ്ചു ദിവസങ്ങളിലും ഉച്ചകഴിഞ്ഞായിരിക്കും പാപ്പ ഈ സന്ദർശനങ്ങൾ നടത്തുകയെന്നും, ഇടവകകളിലെ വിവിധ സമിതികളുമായും സംഘടനകളുമായും കൂടിക്കാഴ്ച നടത്തുകയും തുടർന്ന് ഇടവക സമൂഹത്തിനൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുമെന്നും വികാരിയാത്ത് അറിയിച്ചു. പരിശുദ്ധ പിതാവിന്റെ സന്ദർശനങ്ങൾ റോം രൂപതയ്ക്കാകെ ആഘോഷത്തിന്റെ നിമിഷമാണെന്ന് കർദ്ദിനാൾ ബൽഡസ്സാരെ റെയ്‌ന പറഞ്ഞു. ഇടവകകളിലെ അജപാലന പ്രവർത്തനങ്ങൾ വിലയിരുത്താനും വിശ്വാസസമൂഹങ്ങളെ ശക്തിപ്പെടുത്താനും, പ്രാർത്ഥനയിലും വിശ്വാസത്തിലും സഭൈക്യത്തിലും വളരാനും ഈ സന്ദർശനങ്ങൾ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കി.

Comments

leave a reply

Related News