പരിവർത്തൻ പദ്ധതി : നാല് കോളനികൾ ദത്തെടുത്ത് റെയിൽവേ ചൈൽഡ് ലൈൻ
എറണാകുളം : ഒരുമിച്ചു കളിച്ച്, ഒരുമിച്ച് പഠിച്ച് മികച്ചൊരു ഭാവിയിലേക്ക് പറന്നുയരാൻ റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത കോളനികളിലെ കുട്ടികൾക്ക് സൗത്ത് റെയിൽവേയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഏരിയ മാനേജർ നിതിൻ നോർബർട്ട്. ഉദയ കോളനിയിലെ എസ്. ഡി കോൺവെന്റിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ "പരിവർത്തൻ" കോളനി ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി സൗത്ത് റെയിൽവേ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഉദയ കോളനി, പി & ടി കോളനി, പുഷ്പ നഗർ കോളനി, കരിന്തല കോളനി എന്നിവയാണ് ദത്തെടുത്തത്. 4 കോളനികളിൽ നിന്നായി 150 കുട്ടികൾ ആണുള്ളത്. അവരിൽ 20 ശതമാനത്തോളം കുട്ടികൾ 5 വയസ്സിൽ താഴെയുള്ളവരാണ്. എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെയും, സൗത്ത് റെയിൽവേയുടെയും സഹകരണത്തോടെ റെയിൽവേ ചൈൽഡ് ലൈൻ കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് നൽകുക, മാനസികോല്ലാസത്തിനായി പദ്ധതികൾ വിഭാവനം ചെയ്യുക, കുട്ടികളിലെ അഭിരുചികൾ കണ്ടെത്തി അവയെ വളർത്തിക്കൊണ്ടു വരിക എന്നിവയാണ് പരിവർത്തനിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മികച്ച രീതിയിൽത്തന്നെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമെന്ന് റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ആദ്യപടിയെന്നോണം സഹൃദയയുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെ 'കളിക്കളം ' എന്ന ക്യാമ്പയിനിലൂടെ ശേഖരിച്ച കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽകി തുടക്കം കുറിച്ചു. ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കളിപ്പാട്ടങ്ങളുടെ വിതരണോദ്ഘാടനം പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ് നിർവഹിച്ചു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ബിറ്റി. കെ. ജേസഫ് നിർവഹിച്ചു. അഡ്വ. സി സൗമിത, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, ഗവണ്മെന്റ് റെയിൽവേ പോലീസ് എസ്. ഐ അജയകുമാർ, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അരുൺ തങ്കച്ചൻ, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, അഞ്ജന മഹേശൻ എന്നിവർ പ്രസംഗിച്ചു. പരിവർത്തൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ചിഞ്ചു ദേവസി, വർഗീസ് ജോൺ എന്നിവരെയും മറ്റ് ചൈൽഡ് ലൈൻ പ്രവർത്തകരെയും പ്രത്യേകം അനുമോദിച്ചു.
Comments