Foto

ഗ്യാസ് ക്രിമറ്റോറിയം: തൃശൂർ അതിരൂപതയുടേത് വിപ്ലവകരവും അഭിനന്ദനാർഹവുമായ തീരുമാനം.

മൃതദേഹം ദഹിപ്പിക്കാൻ സൗകര്യത്തോടുകൂടി ഗ്യാസ് ക്രിമറ്റോറിയം പണിയാൻ തൃശൂർ അതിരൂപതയിൽ തറക്കല്ലിട്ടത് അഭിനന്ദനാർഹമാണ്. തൃശൂർ പട്ടണത്തിനടുത്ത് മുളയത്തുള്ള ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്നാണ് ഡാമിയൻ ആർച്ച് ഡയോസീഷ്യൻ ക്രിമേഷൻ സെന്റർ സ്ഥാപിതമാകുന്നത്. കേരളകത്തോലിക്കാ സഭയിൽ ഇതാദ്യമായാണ് മൃതദേഹം ദഹിപ്പിക്കാനുള്ള ഒരു സംവിധാനം ഒരുങ്ങുന്നത്. വിപ്ലവകരമായ ഒരു മാറ്റത്തിന് നേതൃത്വം നൽകിയ തൃശൂർ അതിരൂപതയ്ക്കും അഭിവന്ദ്യ പിതാക്കന്മാർക്കും വൈദികർക്കും അഭിനന്ദനങ്ങൾ.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മൃതസംസ്കാരം പലയിടത്തും ചർച്ചാവിഷയമാവുകയുണ്ടായി. സെമിത്തേരികളുടെ സൗകര്യക്കുറവും, സമീപവാസികളുടെ ആശങ്കകളും തുടങ്ങി പല കാരണങ്ങൾ മൂലം ചില തർക്കങ്ങളും ഉടലെടുത്തിരുന്നു. അക്കാലത്ത് മൃതദേഹം ദഹിപ്പിക്കാനുള്ള നിർദ്ദേശം ആദ്യം നൽകിയതും തൃശൂർ അതിരൂപതയാണ്. 

കത്തോലിക്കാവിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാനാവുമോ എന്ന ആശങ്ക ആരംഭഘട്ടത്തിൽ പല കോണുകളിലും നിന്ന് ഉയരുകയുണ്ടായിരുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. CCC 2301 ഖണ്ഡികയിലാണ്, സഭ മൃതദേഹം ദഹിപ്പിക്കുന്നത് അനുവദിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. അന്ത്യദിനത്തിലെ പുനരുത്ഥാനം വിശ്വാസ പ്രമാണത്തിലൂടെ ഏറ്റുപറയുന്ന കത്തോലിക്കാ സഭയുടെ ബോധ്യത്തിന് എതിരല്ല മൃതദേഹം ദഹിപ്പിക്കുന്നത് എന്നും മതബോധന ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നു. 

1983 ലാണ് സാധാരണ വിശ്വാസികളുടെയും മൃതദേഹം ദഹിപ്പിക്കാൻ വത്തിക്കാൻ അനുമതി നൽകിയത്. 1990 ൽ പൗരസ്ത്യ സഭകൾക്കായുള്ള കാനൻ നിയമത്തിലൂടെയും മൃതദേഹം ദഹിപ്പിക്കാമെന്ന് അനുമതി നൽകുകയുണ്ടായി. ഭാരതത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിലും മൃതദേഹം ദഹിപ്പിക്കുന്നത് പതിവ് കാഴ്ചയായിരുന്നെങ്കിലും  സമീപകാലത്തുവരെ മൃതദേഹം ദഹിപ്പിക്കാൻ കേരളത്തിലെ കത്തോലിക്കാ വിശ്വാസ സമൂഹം വിമുഖത പുലർത്തിയിരുന്നു. 

ഗ്യാസ് ക്രിമറ്റോറിയം ഒരുങ്ങുന്ന മുളയം ഡാമിയൻ ക്യാംപസിൽ ഈ കോവിഡ് കാലത്ത് ഇരുപത്തൊമ്പത് മൃതദേഹങ്ങൾ ചിതയൊരുക്കി ദഹിപ്പിക്കുകയുണ്ടായിരുന്നു. സ്വന്തം ഇടവകകളിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഇപ്രകാരം ചെയ്തത്. കോവിഡ് രോഗികളുടെ മൃതസംസ്കാരം ചിലയിടങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ കഴിഞ്ഞ ജൂൺ മാസത്തിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് നൽകിയ സർക്കുലറിൽ, മൃതദേഹം സൗകര്യപ്രദമായ ഇടത്ത് ദഹിപ്പിച്ചതിനു ശേഷം അവശിഷ്ടം ഇടവക സെമിത്തേരിയുടെ കല്ലറയിൽ സ്ഥാപിച്ചാൽ മതിയാവുമെന്ന് നിർദ്ദേശിച്ചിരുന്നു.

കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തിൽ മാത്രമല്ല, ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഇല്ലാത്തതും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതുമായ പ്രദേശങ്ങൾക്ക് മാതൃകയാണ് തൃശൂർ അതിരൂപതയുടെ ഈ നീക്കം. പ്രത്യേകിച്ച്, ടൗണുകളിൽ സ്ഥിതിചെയ്യുന്ന ഇടവക ദേവാലയങ്ങൾക്കും മറ്റും ഇത്തരം സംവിധാനങ്ങൾ വലിയ സൗകര്യമാകുമെന്ന് തീർച്ച. ഭാവിയിൽ എല്ലാ രൂപതകളും ഇത്തരം സംവിധാനങ്ങൾ ഒരുക്കുമെന്നും, മൃതസംസ്കാരവും സെമിത്തേരിയും സംബന്ധിച്ച ഇന്നുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അവസാനിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി 
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.

Comments

leave a reply

Related News