ബാബു കദളിക്കാട്
അനുബന്ധ കുറ്റപത്രത്തോടൊപ്പം മുംബൈ പോലീസ് ഹാജരാക്കിയ മൊഴിയിലുള്ളത്
റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫിന്റെ പൊയ്മുഖം തുറന്നുകാട്ടുന്ന വിവരങ്ങൾ
സംഘപരിവാറിന്റെ പ്രീതിയാർജിക്കാൻ വിഷലിപ്ത വാക്ശരങ്ങളെയ്ത് വിവിധ രാഷ്ട്രീയ നേതാക്കളുടെ ശത്രുത പിടിച്ചുപറ്റിയ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ സ്വയം കൃതാർത്ഥങ്ങളുടെ കുരുക്കു മുറുകുന്നു. അധികാര കേന്ദ്രങ്ങളുടെ അടുപ്പക്കാരനെന്ന നിലയിൽ അമിത സ്വാതന്ത്യം ആസ്വദിച്ചുപോന്നതിനപ്പുറമായി വളഞ്ഞ വഴികളിലൂടെ സ്വന്തം ചാനൽ ബിസിനസ് വളർത്താൻ നടത്തിയ നിയമവിരുദ്ധ കൃത്യങ്ങളും പുറത്തായിരിക്കുകയാണ്.
അർണബ് അഞ്ച് ഘട്ടങ്ങളിലായി 12,000 അമേരിക്കൻ ഡോളറും 40 ലക്ഷം രൂപയും കൈക്കൂലിയായി തന്നെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്ത മുബൈ പൊലിസിന് മൊഴിനൽകി. തന്റെ ചാനലുകളുടെ റേറ്റിങ്ങ് കൃത്രിമമായി പൊലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ടി.ആർ.പി തട്ടിപ്പ് കേസിൽ ഗുപ്തയടക്കം മൂന്ന് പേർക്കെതിരെ ജനുവരി 11 ന് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ തെളിവായി പൊലിസ് ഈ മൊഴി ഉൾപ്പെടുത്തിയിട്ടുണ്ട്.റിപ്പബ്ലിക് ടി.വിക്ക് പുറമെ ടൈംസ് നൗ, ആജ് തക് തുടങ്ങിയ ചാനലുകളുടെയും റേറ്റിങ് ബാർകിലെ ഉന്നതർ പൊലിപ്പിച്ചതായുള്ള ഫോറൻസിക് റിപ്പോർട്ടും പൊലിസ് ഹാജരാക്കിയിയിട്ടുണ്ട്. ബാർക് ഉന്നതരും ചാനലുകളുടെ മാർക്കറ്റിങ് എക്സിക്യുട്ടീവുകളും തമ്മിലുള്ള ഇ- മെയിലുകളും തെളിവായി ഹാജറാക്കിയിട്ടുണ്ട്.
പൊലിസ് കസ്റ്റഡിയിലായിരിക്കെ ഡിസംബർ 27 നാണ് ഗുപ്ത രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മൊഴി നൽകിയത്. അനുബന്ധ കുറ്റപത്രത്തിനൊപ്പം നൽകിയ ഗുപ്തയും അർണബും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകൾ ഈയിടെ വിവാദമായിരുന്നു, 2004 മുതൽ അർണബിനെ അറിയാമെന്ന് ഗുപ്ത പോലീസിനോടു പറഞ്ഞു. ടൈംസ് നൗ ചാനലിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.അതേസമയം, ഗുപ്തയെക്കൊണ്ട് സമ്മർദം ചെലുത്തി ഇതെല്ലാം പറയിപ്പിച്ചതാണെന്നും കോടതിക്ക് ഇത് തെളിവായി പരിഗണിക്കാനാവില്ലെന്നും ഗുപ്തയുടെ അഭിഭാഷകൻ അർജീൻ സിങ് പറഞ്ഞു.
ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന ടിആർപി റേറ്റിംഗിൽ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ച മുംബൈ പോലീസിന്റെ വെളിപ്പെടുത്തലിൽ റിപ്പബ്ലിക് ടിവി ഉൾപ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് വന്നിരുന്നു.പരാതിയിൽ വഞ്ചനകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരം വീർ സിംഗ് വ്യക്തമാക്കി.ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഗോസ്വാമി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാൻ അർണ്ണാബ് ഗോസ്വാമിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.അതേസമയം, സുശാന്ത് സിംഗ് കേസിലെ ഇടപെടലിന്റെ പേരിൽ ശിവസേനയും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് പോലീസ് നടപടിയെന്ന് ഗോസ്വാമി പറയുന്നു.
പോലീസ് വെളിപ്പെടുത്തൽ മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ദേശീയ തലത്തിൽ ടിവി ചാനലുകളുടെ പരസ്യ കിടമത്സരത്തിന് സാഹചര്യമൊരുങ്ങി.ടിവി ചാനലുകളുടെ കാഴ്ചക്കാർ എത്രയെന്ന് കണ്ടെത്താൻ ടിആർപി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നല്കുന്നവർ ആശ്രയിക്കുന്നത്. ഇതിനായുള്ള ഏജൻസിയായ ബാർക്ക് വീടുകളിൽ പ്രത്യേക മീറ്ററുകൾ സ്ഥാപിച്ച് കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നു. മുംബൈയിൽ ഈ മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നൽകി ചാനലുകൾ സ്വാധീനിക്കുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിമാസം അയ്യായിരം രൂപ വരെയാണ് ആളുകൾക്ക് വാഗ്ദാനം ചെയ്തത്. ആളുകൾ വീട്ടിലില്ലെങ്കിലും ടെലിവിഷൻ നിർത്തരുതെന്നാണ് നിർദ്ദേശം.
ഗുപ്ത 2013 ലാണ് ബാർകിൽ ചേരുന്നത്. 2017 ൽ റിപ്പബ്ലിക് ടി.വി തുടങ്ങുന്ന വിവരം അർണബ് മുൻകൂട്ടി തന്നെ അറിയിക്കുകയും റേറ്റിങ് കൂട്ടാൻ സഹായിക്കണമെന്നഭ്യർത്ഥിക്കുകയും ചെയ്തതായി പോലീസിനോടു പറഞ്ഞു.ഭാവിയിൽ അതിന്റെ ഗുണം ലഭിക്കുമെന്ന വാഗ്ദാനവും നൽകി. 2017 നും 2019 നുമിടയിൽ താൻ തന്റെ സംഘത്തിനൊപ്പം ചേർന്ന് റിപ്പബ്ലിക് ടി.വിയെ ഒന്നാമതെത്തിച്ചു. ഇതിന് പ്രതിഫലമായി 2017 ൽ മുംബൈയിലെ ഹോട്ടലിൽ വന്ന് കുടുംബത്തോടൊപ്പമുളള ഫ്രാൻസ്, സ്വിറ്റ്സർലൻഡ് യാത്രയ്ക്ക് 6,000 ഡോളർ അർണബ് പാരിതോഷികം തന്നു. 2019 ൽ ഇതേ ഹോട്ടലിൽ വെച്ച് കുടുംബവുമായുള്ള സ്വീഡൻ, ഡെൻമാർക്ക് യാത്രയ്ക്ക് 6,000 ഡോളറും തന്നു. 2017 ൽ മറ്റൊരു ഹോട്ടലിൽ വെച്ച് 20 ലക്ഷം രൂപയും, 2018 ലും 2019 ലും 10 ലക്ഷം രൂപ വീതവും അർണബ് നൽകിയതായി പാർഥ ദാസ് ഗുപ്ത സമ്മതിച്ചു. ഗുപ്തയ്ക്കൊപ്പം മുൻ ബാർക് സി.ഒ.ഒ റോമിൽ രാംഗറിയ, റിപ്പബ്ളിക് ടി.വി സി.ഇ.ഒ വികാസ് ഖഞ്ചന്താനി എന്നിവർക്ക് എതിരെയും കുറ്റപത്രമുണ്ട്.
2017 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച റിപ്പബ്ലിക് ടിവി സർക്കാറിന് പണം നൽകാതെ പ്രസാർ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഡയറക്റ്റ്-ടു-ഹോം (ഡിടിഎച്ച്) സേവനമായ ഡിഡി ഫ്രീഡിഷിന്റെ 22 ദശലക്ഷം ഉപയോക്താക്കൾക്ക് നിയമവിരുദ്ധമായ പ്രവേശനം നേടി ഖജനാവിനു ലഭിക്കേണ്ട 25 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു.
ഒരു സ്ലോട്ടിനുള്ള കാരേജ് ഫീസ് പ്രതിവർഷം 8-12 കോടി രൂപ വരും.ഇതിനായുള്ള ലേല പ്രക്രിയ ഒഴിവാക്കിക്കൊണ്ട്, ഗോസ്വാമിയുടെ ഇംഗ്ലീഷ് വാർത്താ ചാനൽ രണ്ട് വർഷത്തിലേറെയായി എൻക്രിപ്റ്റ് ചെയ്യാത്ത രൂപത്തിൽ ഫ്രീഡിഷ് സേവനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കി.
റിപ്പബ്ലിക് ആസ്വദിച്ച അന്യായമായ നേട്ടം എതിരാളികൾ കണ്ടെത്തി വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും, 2019 സെപ്റ്റംബർ വരെ ഈ ക്രമക്കേട് തുടർന്നു.
2012ന് ശേഷം ഹിന്ദി-ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ കാണാനായ സംഘ്പരിവാർ വിധേയത്വം ഏറ്റവും തീവ്രമായി എടുത്തുയർത്തിയ അർണബ് ഗോസ്വാമി റിപ്പബ്ലിക് ചാനൽ എന്ന തന്റെ സ്വപ്ന സംരംഭം നിലനിർത്തിപ്പോന്നത് മോദി ഭരണവുമായുള്ള അവിശുദ്ധമായ കൂട്ടുകെട്ടിലൂടെയും ടി ആർ പി റേറ്റിംഗ് അടക്കമുള്ള സാങ്കേതികത്വങ്ങളിൽ തിരിമറി കാണിച്ചുമാണ് എന്ന് വെളിപ്പെടുത്തുന്നു പുതിയ വിവരങ്ങളെന്നാണ് എതിരാളികൾ പറയുന്നത്.മോദി സർക്കാറിനെ വിമർശിക്കുന്നവരെയും മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർഥി പ്രക്ഷോഭകരെയും ദേശദ്രോഹി ചാപ്പ കുത്തുന്നതിൽ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന അർണബ് ചെയ്തുകൂട്ടിയ രാജ്യദ്രോഹ പ്രവർത്തനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ എന്നും വിമർശകർ പറയുന്നു.അർണബ് ഉൾപ്പെട്ട ക്രമിനൽ സംഭവങ്ങൾ ദേശീയ അന്വേഷണ ഏജൻസികളുടെ നടപടിക്കു വിടണമെന്ന ആവശ്യം സീനിയർ നേതാക്കൾ ഉന്നയിച്ചുകഴിഞ്ഞു.
അൻവയ് നായിക് എന്ന ആർക്കിടെക്ടിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകൾക്ക് മുമ്പ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി തിരക്കിട്ട് അർണബിന് ജാമ്യം കൊടുത്തു. ഇന്ത്യയിൽ ''സ്വതന്ത്ര മാധ്യമ പ്രവർത്തനം' സംരക്ഷിക്കാൻ സുപ്രീം കോടതി കാണിച്ച ''താത്പര്യം' പക്ഷേ അർണബിന് മാത്രം കിട്ടുന്ന പ്രിവിലേജാണെന്ന വിമർശനവും ഉയർന്നിരുന്നു. 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമി പാർക്കിൻസൺസ് രോഗവുമായി മല്ലിട്ട ജയിലിൽ കഴിയുമ്പോൾ പ്രത്യേകിച്ചും.ബി ജെ പി വിരുദ്ധ സർക്കാരുകളുടെ കീഴിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണോ ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉലയുന്നതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു.
സോണിയ ഗാന്ധിക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളുടെ പേരിൽ അർണബിനെ മുംബൈ പോലീസ് നേരത്തേ വിരട്ടിയിരുന്നു. മഹാരാഷ്ട്രയിലെ മൻഡ്സരിൽ ആൾക്കൂട്ടം ചില വയോധികരായ സന്യാസികളെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് അടിസ്ഥാനരഹിതമായ കഥകൾ മെനഞ്ഞ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കവെയായിരുന്നു സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള അർണബിന്റെ വാർത്താവതരണം. അന്ന് മുംബൈ പോലീസുമായി അർണബ് ഏറ്റുമുട്ടാൻ മുതിർന്നു. പിന്നീടാണ് ടി ആർ പി റേറ്റിംഗ് അഴിമതിയുടെ വിവരങ്ങൾ മുംബൈ പോലീസ് പുറത്തുകൊണ്ടുവന്നത്.
Comments