Foto

സി.ഐ.എ മേധാവി ബേണ്‍സും റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവും അജിത് ഡോവലിനെ കണ്ടു

സി.ഐ.എ മേധാവി ബേണ്‍സും
റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവും
അജിത് ഡോവലിനെ കണ്ടു

 ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികള്‍ താലിബാന്റെ ഭരണ നേതൃത്വത്തിലേക്ക് എത്തിയതില്‍ ആശങ്ക

അഫ്ഗാനിലെ താലിബാന്‍ ഭരണകൂട രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ സി.ഐ.എ മേധാവി വില്യം ബേണ്‍സ് ഡല്‍ഹിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവും ഡല്‍ഹി സന്ദര്‍ശിച്ച് അജിത് ഡോവലിനെ കണ്ടു. ഈ വിഷയത്തില്‍ അമേരിക്കയും റഷ്യയും ഇന്ത്യ കേന്ദ്രമാക്കി അടിയന്തര ചര്‍ച്ചകള്‍ നടത്തുന്നത് സുപ്രധാന സംഭവ വികാസമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ വില്യം ബേണ്‍സ് അടിയന്തിരമായി ഇന്നലെ ഇന്ത്യയിലെത്തി മടങ്ങിയത് ഏറെക്കുറെ രഹസ്യമായായിരുന്നു. അഫ്ഗാനില്‍ താലിബാന്‍ ഭരണകൂടത്തെ പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിനാണ് അടിയന്തിര സന്ദര്‍ശനം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പെട്രുഷേവുമായി ഇന്ത്യയുടെ ചര്‍ച്ച  ആരംഭിക്കുന്നതിന് മുമ്പു തന്നെ വില്യം ബേണ്‍സ് തിരക്കിട്ട് ഇന്ത്യയിലെത്തിയത് പ്രതിരോധ വിദഗ്ധര്‍ ഏറെ പ്രാധാന്യത്തോടെ വിലയിരുത്തുന്നു.


അജിത് ഡോവലും വില്യം ബേണ്‍സുമായി നടത്തിയ കൂടിക്കാഴ്ച അതീവ രഹസ്യമായിട്ടാണ് നടന്നത്. ചര്‍ച്ചയുടെ വിശദാശംങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനൊപ്പം ഇനിയും അമേരിക്കന്‍ വംശജര്‍ അഫ്ഗാനിലുള്ളതും തലവേദനയാണ്. ഇന്ത്യയാണ് നിലവില്‍ മേഖലയില്‍ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന രാജ്യം.നിക്കോളായ് പെട്രുഷേവ് പ്രധാനമന്ത്രിയെയും വിദേശ കാര്യ മന്ത്രിയെയും കാണുന്നുണ്ട്.

താലിബാനെ പിന്തുണയ്ക്കുന്ന ചൈനയും പാകിസ്താനുമായും അമേരിക്കയും റഷ്യയും ഒട്ടും സുഖകരമായ ബന്ധമല്ല പുലര്‍ത്തുന്നത്. എന്നാല്‍ മേഖലയില്‍ ഇരുരാജ്യങ്ങളുടേയും ഏറ്റവും വിശ്വസ്തയുള്ള ഏക രാജ്യം ഇന്ത്യയാണ്. വിദേശകാര്യ, പ്രതിരോധ മേഖലയില്‍ സുപ്രധാന സ്ഥാനമാണ് ഇതുവഴി ഇന്ത്യക്കു കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നു.ഈ സാഹചര്യം മുന്നല്‍ക്കണ്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കരുനീക്കങ്ങള്‍.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സൂക്ഷമമായി് നിരീക്ഷിക്കുന്നുണ്ട്. താലിബാന്‍ ഭരണം ഭീകരര്‍ പിടിച്ചത് ഇന്ത്യയുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ്. മേഖലയിലെ ഭീകരസംഘടനകളെല്ലാം അഫ്ഗാനില്‍ കേന്ദ്രീകരിക്കുന്ന വിഷയം യു എന്‍ സുരക്ഷാ സമിതിയോഗത്തില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു. ചൈനയും പാകിസ്താനും താലിബാനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് അതിര്‍ത്തി സുരക്ഷയെ ബാധിക്കുമെന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ താലിബാന്‍ നടത്തിയ പരാമര്‍ശത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. പാകിസ്താന്റെ ഭീകരനയങ്ങള്‍ക്ക് താലിബാന്റെ പിന്തുണയേറുന്നതിലുള്ള ആശങ്കയും ലോകരാജ്യങ്ങളുമായി പങ്കുവെച്ചിരുന്നു.

ബാബു കദളിക്കാട്

 

Video Courtesy : CNN - NEWS 18

Foto
Foto

Comments

leave a reply

Related News