Foto

ജുന്‍ജുന്‍വാലയുടെ ബജറ്റ് എയര്‍ലൈന്‍: ഇന്‍ഡിഗോയുടെ മുന്‍ മേധാവി സഹകരിക്കും

ജുന്‍ജുന്‍വാലയുടെ
ബജറ്റ് എയര്‍ലൈന്‍:
ഇന്‍ഡിഗോയുടെ
മുന്‍മേധാവി സഹകരിക്കും

തുടക്കത്തില്‍ 70 വിമാനങ്ങള്‍ ഈ കമ്പനിയുടെ കീഴില്‍ സര്‍വീസ് നടത്തുമെന്ന് ജുന്‍ജുന്‍വാല

ഇന്ത്യയിലെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന മുംബൈയിലെ ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യ ആസ്ഥാനമായി പുതിയ ബജറ്റ് എയര്‍ലൈന്‍ തുടങ്ങാന്‍ ആരംഭിച്ച പദ്ധതിയുമായി മുന്‍ ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് കൈകോര്‍ക്കും. മുന്‍ ജെറ്റ് എയര്‍വേയ്‌സ് സിഇഒയും ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ സംരംഭത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

കോവിഡ് വന്നതോടെ അന്താരാഷ്ട്ര, ആഭ്യന്തര  വിമാന കമ്പനികള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് ജുഞ്ജുന്‍വാലയുടെ വ്യോമയാന നീക്കം.ആകാശ എയര്‍ലൈന്‍സ് എന്നു പേരിടുന്ന വിമാന കമ്പനി വഴി 180 ഓളം യാത്രക്കാരെ വഹിക്കാന്‍ സാധിക്കുന്ന വിമാനങ്ങളുടെ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ 70 വിമാനങ്ങള്‍ ഈ കമ്പനിയുടെ കീഴില്‍ സര്‍വീസ് നടത്തുമെന്ന് ജുന്‍ജുന്‍വാല പറഞ്ഞു. പുതിയ പദ്ധതിയില്‍  40 ശതമാനം ഓഹരി പങ്കാളിത്തത്തോടെ 35 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് അദ്ദേഹം ഒരുങ്ങുന്നത്. അടുത്ത 15 ദിവസത്തിനുള്ളില്‍ വിമാന കമ്പനി തുടങ്ങാനുള്ള നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യോമയാന മന്ത്രാലയം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ഓഹരിവിപണിയിലെ വലിയ കളികളിലൂടെ ശ്രദ്ധേയനായ  ജുന്‍ജുന്‍വാല വ്യാപക നിക്ഷേപത്തിലൂടെ വന്‍ നേട്ടമുണ്ടാക്കിയയാളാണ്. അതേസമയം, വന്‍ നഷ്ടത്തില്‍ നടക്കുന്ന വിമാന കമ്പനികളുടെയിടയിലേക്ക് ഒരു പുതിയ കമ്പനി കൂടി വരുന്നത് എത്രത്തോളം ഗുണകരമായിരിക്കുമെന്ന ചര്‍ച്ചകളും അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ നടക്കുന്നുണ്ട്. കിംഗ്ഫിഷര്‍, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ വിമാനകമ്പനികളെല്ലാം നഷ്ടം വന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നഷ്ടത്തിലാണിപ്പോള്‍. തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുന്നു, എയര്‍ ഇന്ത്യയെ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News