Foto

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പോക്ക് എങ്ങോട്ട്?


ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പോക്ക് എങ്ങോട്ട്? 

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി, ഔദ്യോഗിക വക്താവ് കെ സി ബി സി
ഡയറക്ടര്‍ പി ഒ സി

'ഇന്ന് ആര്‍ക്കും വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും ആരംഭിക്കാമെന്നും, അവയില്‍ പലതും ആരോടും ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, അത്തരക്കാര്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയും രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുകയും ചെയ്യുന്നുവെന്നും' കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത് മറ്റാരുമല്ല, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ മുഖ്യ ന്യായാധിപന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ്. രാജ്യമെങ്ങും ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന അരാജകത്വവും അതിന്റെ ഭാഗമായ അപകടങ്ങളും ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ പ്രകടമാണ്. അത്തരം വെബ്‌പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും വ്യക്തിഹത്യകള്‍ നടത്തുന്നതായുമുള്ള തന്റെ നിരീക്ഷണവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ആര്‍ക്കെതിരെയും ആര്‍ക്കും എന്തും പറയാം എന്ന സാഹചര്യം ഈ കാലഘട്ടത്തിന്റെ പുതുമയാണ്. ശക്തമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ധാര്‍മ്മിക ചട്ടക്കൂടുകളുമുള്ള സ്വതന്ത്ര ഭാരതത്തില്‍, ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കണ്ടുവരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പോലൊരാള്‍ ഇപ്പോഴെങ്കിലും ഈ വിഷയത്തില്‍ ശക്തമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത് ആശ്വാസപ്രദമായ കാര്യമാണ്. എങ്കിലും, അത്തരം പ്രവര്‍ത്തനങ്ങളെ വേണ്ടവിധം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഇനിയുമുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്.

സംഭവിക്കുന്നത് ഗുരുതരമായ വര്‍ഗ്ഗീയ ധ്രുവീകരണം 

ഇന്ന് നമുക്കിടയില്‍ തിരിച്ചറിയാന്‍ കഴിയുന്ന വര്‍ഗ്ഗീയ വിഷത്തിന്റെ വ്യാപനവും, ഐക്യമില്ലായ്മയും, ശത്രുതാമനോഭാവവും, ആക്രമണ ചിന്തകളും, തീവ്രവാദ ചിന്തകളുടെ അതിപ്രസരവുമെല്ലാം ദുഷ്ടലാക്കോടെയും സ്ഥാപിത താല്പര്യങ്ങളോടെയും ചിലര്‍ നടത്തുന്ന ആശയപ്രചരണങ്ങളുടെ തുടര്‍ച്ചയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നേരംപോക്കിനോ, തെറ്റിദ്ധാരണകള്‍ക്കൊണ്ടോ സൃഷ്ടിക്കപ്പെടുന്നവയല്ല പ്രതിദിനം അനേകരെ പ്രതിസന്ധിയിലാഴ്ത്തുംവിധം നമുക്കിടയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍. ഊതിപ്പെരിപ്പിച്ചവയും അവാസ്തവങ്ങളുമായ ഒട്ടേറെ സന്ദേശങ്ങളില്‍ പലതും ചില നിഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നവയാണ്. പ്രധാനമായും വര്‍ഗ്ഗീയ ചേരിതിരിവുകളും തീവ്രവാദ ചിന്തകളുടെ വ്യാപനവുമാണ് ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ നമുക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ തന്നെ, ഇത്തരം നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കും പിന്നില്‍ ചില വര്‍ഗ്ഗീയ ശക്തികളുടെ ഇടപെടലുകളുണ്ടെന്ന് ന്യായമായും സംശയിക്കാം. ഈ സമൂഹത്തില്‍ ഗുരുതരമായ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ നമുക്കിടയിലുണ്ട്. ആകെ കലങ്ങിയ സാമൂഹിക അന്തരീക്ഷത്തില്‍നിന്ന് ഇനിയും നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത എന്തൊക്കെയോ മുതെലെടുപ്പുകള്‍ അത്തരക്കാര്‍ നടത്തുന്നുണ്ടാവണം.പ്രത്യക്ഷവും പരോക്ഷവുമായി സാമൂഹികമായ നിരവധി വെല്ലുവിളികള്‍ക്ക് ഇത്തരം വ്യാജപ്രചാരണങ്ങള്‍ കാരണമാകുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.  അത്തരമൊരു വലിയ അപകടാവസ്ഥയിലൂടെ നാം കടന്നുപോകുന്നു എന്ന തിരിച്ചറിവും ജാഗ്രതാ മനോഭാവവും ഭരണ, സമുദായ നേതൃത്വങ്ങള്‍ക്ക് ഇല്ലാതെ പോകുന്നത് കൂടുതല്‍ ആശങ്കാജനകമാണ്. താല്‍ക്കാലികമായ മുതലെടുപ്പുകള്‍ക്കായി നവ മാധ്യമ സംവിധാനങ്ങളെ തങ്ങളില്‍ ചിലര്‍ ദുരുപയോഗിക്കുന്നതായി മനസിലാക്കുന്നെങ്കില്‍ പോലും അതിനെക്കുറിച്ച് നേതൃസ്ഥാനങ്ങളിലുള്ളവര്‍ നിശ്ശബ്ദരാവുകയോ അത്തരക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയോ ആണ് ചെയ്തുവരുന്നത്. 

പാതിവഴിയിലാകുന്ന നിയമ നിര്‍മ്മാണങ്ങള്‍

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2000 ഐടി ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന 66 എ വകുപ്പും, 2011ലെ കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന കാരണത്താല്‍ സുപ്രീംകോടതി റദ്ദാക്കുയുണ്ടായി. പിന്നീട് സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്തകളും വ്യക്തിഹത്യകളും പെരുകിവന്നിരുന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങളാല്‍ കഴിഞ്ഞ വര്‍ഷം കേരളാ പോലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയും പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് അത് വേണ്ടെന്നു വയ്ക്കുകയും ചെയ്തു. സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ആരെയെങ്കിലും അധിക്ഷേപിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തെ പ്രതി, അതിന് ഉത്തരവാദിയെന്ന് പരാതി ലഭിക്കുന്ന വ്യക്തിക്കെതിരെ കര്‍ശനമായ നിയമ നടപടി ഉറപ്പുവരുത്തുകയാണ് 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഈ നിയമം ദുരുപയോഗിക്കപ്പെട്ടേക്കാം എന്നുള്ളതായിരുന്നു അതിനെതിരെയുള്ള പ്രധാന ആക്ഷേപം. ഈ വകുപ്പ് ഉപയോഗിച്ച് കള്ളക്കേസുകള്‍ കൊടുത്ത് ആരെയും കുടുക്കിലാക്കാന്‍ കഴിയുമെന്നും, മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും മറ്റും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ നിയമനിര്‍മ്മാണത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. എന്നാല്‍, അക്കാരണത്താല്‍ വളരെ വ്യാപകമായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെവരുന്നത് ന്യായീകരിക്കാനാവില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് - 2021,സൈബര്‍ ലോകത്തെ അരാജകത്വത്തിന് പരിഹാരമാകുമെന്ന് കരുതിയിരുന്നുവെങ്കിലും വേണ്ടവിധത്തില്‍ നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന വ്യാജ വാര്‍ത്തകള്‍, വ്യക്തിഹത്യയ്ക്ക് കാരണമാകുന്ന പോസ്റ്റുകള്‍, അവഹേളനപരമായ മറ്റു സൃഷ്ടികള്‍ തുടങ്ങിയവയിലുള്ള പ്രധാന ഉത്തരവാദിത്തം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കാണ്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളുടെ ഉത്ഭവം എവിടെനിന്നാണെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് കൈമാറുകയും, പരാതികള്‍ ലഭിച്ചാല്‍ താമസംവിനാ കണ്ടന്റ് നീക്കം ചെയ്യുകയും, നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയിലെ നിയമ വ്യവസ്ഥിതിയോട് സഹകരിക്കുകയും ചെയ്യുക എന്നീ ഉത്തരവാദിത്തങ്ങളാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഉണ്ടായിരിക്കുക. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന് കീഴില്‍ വരും. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ പല പ്ലാറ്റ്ഫോമുകളും തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങി ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രധാനപ്പെട്ട ചിലവ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പല ഒടിടി പ്ലാറ്റ്ഫോമുകളുടെയും കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. യൂട്യൂബ്, ഫേസ്ബുക്ക്, നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയവയിലൂടെ വ്യാജവാര്‍ത്തകളും വ്യക്തിഹത്യയും അവഹേളനവും ലക്ഷ്യംവച്ചുള്ള പോസ്റ്റുകളും പ്രചരിക്കുന്നതില്‍ ഇനിയും കുറവുവന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തെ കാണേണ്ടത്.

ആവശ്യം ഉത്തരവാദിത്തപൂര്‍ണ്ണമായ സമീപനം

താല്‍ക്കാലിക കാര്യലാഭത്തിനുവേണ്ടി സോഷ്യല്‍മീഡിയയിലെ അധര്‍മ്മികളുടെ തേര്‍വാഴ്ചയെ കണ്ടില്ലെന്ന് നടിക്കുന്നവരാണ് രാഷ്ട്രീയ സാമുദായിക നേതൃരംഗങ്ങളിലുള്ള പലരും. പൊതുസമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ ഒരു ഉപകരണമായി മാത്രം കുറേപ്പേര്‍ അതിനെ കാണുന്നു. തങ്ങളുടെ ശത്രുക്കളെ തകര്‍ക്കാനും ശത്രുതയോടെ കാണുന്ന സമൂഹങ്ങളെ അവഹേളിക്കാനും ഒപ്പം, തങ്ങളുടെ മനോനിലയ്ക്കനുസരിച്ച് അവാസ്തവങ്ങളും അശ്ലീലവും പ്രചരിപ്പിക്കാനും കുറേപ്പേര്‍ ഓണ്‍ലൈന്‍ മീഡിയയെയും സമൂഹമാധ്യമങ്ങളെയും ഉപയോഗിക്കുമ്പോള്‍ ഈ സമൂഹത്തില്‍ സംഭവിക്കുന്ന അപചയങ്ങള്‍ കാണാതെ പോകരുത്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം ആവശ്യമാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആര്‍ക്കും എന്തുമാകാം എന്ന ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് -2021, ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നതിനൊപ്പം, സംസ്ഥാന സര്‍ക്കാരിന്റെ നിയമപാലക സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും വേണം

Comments

leave a reply

Related News