ഒരേസമയം ക്രിസ്തുവിന്റെ ശിഷ്യനും യഹൂദവിരുദ്ധനും ആകാനാവില്ലെന്ന് ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കുര്‍ട്ട് കോച്ച്. വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖതിലായിരുന്നു കര്‍ദിനാളിന്റെ പ്രതികരണം .
യേശുക്രിസ്തുവിന്റെ ശിഷ്യനായിരിക്കെ ഒരാള്‍ക്ക് യഹൂദവിരുദ്ധ നിലപാട് സ്വീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ കുര്‍ട്ട് കോച്ച്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നോസ്ട്ര അറ്റേറ്റ് പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ എ ജേര്‍ണി ഓഫ് ഹോപ്പ് എന്ന രേഖയെക്കുറിച്ച് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈസ്തവ വിശ്വാസത്തിന്റെ യഹൂദ വേരുകള്‍ സഭയുടെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. യഹൂദരും ക്രൈസ്തവരും പങ്കിടുന്ന പൊതുവായ ആത്മീയ പൈതൃകം മതബോധനത്തിലും സുവിശേഷപ്രഘോഷണത്തിലും സജീവമായി നിലനിര്‍ത്തേണ്ടതുണ്ട്. പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ധാരണയും ഇതിന് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ യഹൂദക്രൈസ്തവ സംവാദത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. യഹൂദജനതയുമായുള്ള ബന്ധവും ഗാസയിലെ ദുരിതമനുഭവിക്കുന്ന സാധാരണക്കാരോടുള്ള ധാര്‍മിക ഉത്തരവാദിത്വവും തമ്മില്‍ വേദനാജനകമായ സംഘര്‍ഷം പല ക്രൈസ്തവരും നേരിടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍പ്പോലും സംവാദം അവസാനിപ്പിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രയേല്‍, പലസ്തീന്‍ ജനതകള്‍ക്ക് സമാധാനം ഉറപ്പാക്കാന്‍ സഭ പ്രവര്‍ത്തിക്കേണ്ടതുണ്ട്. രണ്ട് രാഷ്ട്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ മാത്രമേ മധ്യപൂര്‍വദേശത്ത് സമാധാനം കൈവരിക്കാനാകൂ എന്നതാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ലോകമെമ്പാടും യഹൂദവിരുദ്ധത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നോസ്ട്ര അറ്റേറ്റ് പ്രഖ്യാപനത്തിന്റെ പഠനങ്ങള്‍ ക്രൈസ്തവര്‍ ഗൗരവമായി ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.










Comments