കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ
പ്രസിഡന്റ്,കെ.സി.ബി.സി
കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസി യുടെ സ്ഥാപക ഡയറക്ടര്‍ ആയിരുന്ന ജോസഫ് കണ്ണത്തച്ചന്‍ ദീര്‍ഘദര്‍ശിയായിരുന്നുവെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. 1968 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിനെക്കുറിച്ച് പാരീസിലെ തന്റെ ഡിപ്ലോമാ പഠനകാലത്ത് തന്നെ ഗൗരവമായി ചിന്തിക്കുകയും അതേക്കുറിച്ച് പഠനരേഖ തയ്യാറാക്കുകയും ചെയ്ത ജോസഫച്ചന്‍ കേരളത്തില്‍ വന്ന് മംഗലപ്പുഴ സെമിനാരി ഡയറക്ടര്‍ ആയിരുന്ന ബഹു. മൈക്കില്‍ ആഞ്ചലോ ഒ സി ഡി യോടും, തൃശ്ശൂര്‍ രൂപതാ അധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോര്‍ജ് ആലപ്പാട്ട് മെത്രാനോടും, ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പല വേദികളില്‍ ഇക്കാര്യം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായി. തുടര്‍ന്ന് 1968-ല്‍ തിരുവനന്തപുരം മലങ്കര അതിരൂപതാധ്യക്ഷന്‍ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി അധ്യക്ഷനായും ഫാ. ഡൊമിനിക് ഒസിഡി വൈസ് ചെയര്‍മാന്‍ ആയും കണ്ണത്തച്ചന്‍ സെക്രട്ടറിയായും രൂപീകരിക്കപ്പെട്ട കമ്മീഷനാണ് പ്രഥമ പിഒസി കമ്മീഷന്‍. ദീര്‍ഘ വീക്ഷണത്തോടെ കേരളസഭയുടെ ഐക്യത്തിനും വളര്‍ച്ചക്കും വേണ്ടി അച്ചന്‍ ചെയ്ത സേവനങ്ങള്‍ സഭ എക്കാലവും സ്മരിക്കും. മൂന്ന് വ്യക്തിഗത സഭകളുടെ ഏകോപനം മാത്രമല്ലാ കേരളത്തിലെ കത്തോലിക്ക സമൂഹത്തിന് കെട്ടുറപ്പുള്ള പ്രവര്‍ത്തന നേതൃത്വം കൈവരിക്കാന്‍ ഇതുമൂലം സാധിച്ചു. വൈവിധ്യങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ദൈവരാജ്യപ്രഘോഷണം സാധ്യമാക്കുന്നതിന് പ്രയത്‌നിച്ച ദിവംഗതനായ ബഹു. കണ്ണത്തച്ചന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും പിഒസിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.
Comments