ഇറ്റലിയിലെ പൂല്യയിൽ ഉള്ള പതിനൊന്നാം പീയൂസ് പൊന്തിഫിക്കൽ റീജിയണൽ സെമിനാരിയിലെയും, അവേർസ രൂപതാ സെമിനാരിയിലെയും സെമിനാരി വിദ്യാർത്ഥികളെ, സെപ്റ്റംബർ മൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
മോൾഫെത്ത, അവേർസ എന്നിങ്ങനെയുള്ള ഇറ്റലിയിലെ പൂല്യയിലെ രണ്ടു ഇടങ്ങളിൽ നിന്നുള്ള സെമിനാരികളിൽ നിന്നുള്ള വൈദികാർത്ഥികളെ, ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മൂന്നാം തീയതി, വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സെമിനാരി പരിശീലന കാലഘട്ടത്തിൽ, പഠനം, അച്ചടക്കം, എന്നിങ്ങനെയുള്ള ഓരോ കാര്യങ്ങളും, ദൈവവുമായുള്ള ബന്ധത്തിൽ സ്ഥാപിതമാണെങ്കിൽ മാത്രമേ അവയ്ക്ക് അർത്ഥം ഉണ്ടാവുകയുള്ളുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. കർത്താവായ യേശുവിനോടൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണ് സെമിനാരിക്കാരുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ കടമയെന്നു, വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ, ശിഷ്യരെ വിളിക്കുന്ന രംഗം എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ വ്യക്തമാക്കി.
കർത്താവ് "താൻ ഇഷ്ടപ്പെട്ടവരെ തന്റെ അടുത്തേക്ക് വിളിച്ചു" എന്ന് സുവിശേഷകൻ എടുത്തുപറയുന്നത്, ദൈവത്തിന്റെ സ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടുന്നുവെന്നും, ഈ വിളി ഒരു മത്സരമോ, അല്ലെങ്കിൽ മികച്ചത് തിരഞ്ഞെടുക്കുന്നതോ അല്ല, മറിച്ച് താൻ ആഗ്രഹിച്ചവരെ കർത്താവ് തിരഞ്ഞെടുത്തു എന്നതാണ് ഏറെ പ്രധാനപ്പെട്ടതെന്നു പാപ്പാ പറഞ്ഞു. പിതാവായ ദൈവത്തിന്റെ സ്വതന്ത്ര തിരഞ്ഞെടുപ്പാണ്, നമ്മെ നിരാശപ്പെടുത്താത്ത സ്നേഹത്തിന്റെ അടയാളമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"പ്രിയ സെമിനാരിക്കാരേ, സെമിനാരിയിലെ നിങ്ങളുടെ സാന്നിധ്യം മുഴുവൻ സഭയ്ക്കും പ്രത്യാശയുടെ അടയാളമാണ്. അവ്യക്തമായ ശുഭാപ്തിവിശ്വാസമല്ല, മറിച്ച് ചരിത്രത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും എല്ലാ സ്ഥലങ്ങളിലും കർത്താവ് എപ്പോഴും വിളിക്കുന്നു എന്ന ഉറപ്പിന്റേതാണ് ഈ പ്രത്യാശ," പാപ്പാ പറഞ്ഞു.
ഓരോ ദൈവവിളിയും ദൈവവുമായുള്ള ഒരു അടുപ്പമുള്ള സംഭാഷണത്തിൽ നിന്നാണ് ജനിക്കുന്നതെന്നും, അത് പിന്നീട് നിശബ്ദതയിലും പ്രാർത്ഥനയിലും വളരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ സംഭാഷണം സാധ്യമാക്കുന്നതിനു, അവനോടൊപ്പം ആയിരിക്കുവാൻ പഠിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
ഇന്നത്തെ ലോകം സെമിനാരിയെ നോക്കിക്കാണുന്നത്, ഒരു ആഡംബരമോ കാലഹരണപ്പെട്ട സ്ഥാപനമോ ആയിട്ടാകാം, എന്നാൽ, സ്വയം രൂപപ്പെടാൻ അനുവദിക്കാൻ ഒരാൾ പഠിക്കുന്ന ഏറെ മൂല്യം നിറഞ്ഞ സ്ഥലമാണ് സെമിനാരിയെന്നും, അതിനെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവവിളി സ്വീകരിച്ചു, സെമിനാരി രൂപീകരണ വേളയിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമെങ്കിലും, ആത്മീയ ജീവിതത്തിന്റെ ക്ഷീണം അകറ്റുന്നത്, സാഹോദര്യത്തിന്റെ സൗന്ദര്യവും, പ്രേഷിത ദൗത്യത്തിന്റെ പങ്കുവയ്ക്കലുമാണെന്ന് പാപ്പാ പറഞ്ഞു.
സഭ ഒരുമിച്ച് ജീവിക്കുന്നുവെന്ന് അവർ മനസ്സിലാക്കേണ്ടതിന് കർത്താവ് ശിഷ്യണമേ ഒരുമിച്ച് കൂട്ടിക്കൊണ്ടുവരുന്നുവന്നു പറഞ്ഞ പാപ്പാ, ഇന്നും ഇപ്രകാരം സഭയെ സ്നേഹിക്കുവാനും, സേവിക്കുവാനും കർത്താവ് സെമിനാരിക്കാരെ ഒരുമിച്ചു ചേർക്കുന്നുവെന്നും, അതിനാൽ സഭകൾ തമ്മിലുള്ള കൂട്ടായ്മ ഒരു ആദർശമല്ല, മറിച്ച് ജീവിതഗന്ധിയായ സൗഹൃദമാണെന്നു, കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന സെമിനാരിക്കാരുടെ ഐക്യത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
ആർക്കും സഭയിൽ ഒറ്റയ്ക്ക് നിൽക്കുക സാധ്യമല്ലെന്നും, അതിനാൽ സഭാ മധ്യസ്ഥതയുടെ സൗന്ദര്യം ഓരോരുത്തരും എല്ലായ്പ്പോഴും അനുഭവിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വിവരങ്ങൾ നേടാനുള്ള ഒരു സ്ഥലമാകുന്നതിനുമുമ്പുതന്നെ, സെമിനാരി വാത്സല്യം അനുഭവിക്കുവാനുള്ള ഒരു ഇടമാകണമെന്നും, അതിനാൽ, പരിചരണത്തിന്റെയും സാഹോദര്യത്തിന്റെയും ആധികാരികമായ സേവകരായി പരിശീലകർ മാറണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അറിവ്, ക്ഷമ, സ്നേഹം എന്നിവയാൽ സ്വയം രൂപീകരണം, പരിശീലകർക്ക് ആവശ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
നമ്മുടെ രക്ഷയുടെ സുവിശേഷമായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സൗന്ദര്യം എല്ലാവരോടും പ്രഘോഷിക്കേണ്ടതിന് അപരനിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള പൗരോഹിത്യധർമ്മവും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ, യേശുവിനോട് എല്ലാ ദിവസവും നിങ്ങളുടെ 'അതെ' എന്ന പ്രതികരണം പുതുക്കണമെന്നും അതിനായി പരിശുദ്ധ അമ്മയുടെ സഹായം തേടുവാനും പാപ്പാ സെമിനാരിക്കാരെ ക്ഷണിച്ചു. ദൈവവിളിയോട് അതെ എന്ന് പ്രതികരിക്കുവാൻ മനസുകാണിച്ച, സെമിനാരിക്കാർക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു. എപ്പോഴും കർത്താവിന്റെ വിശ്വസ്തരും സന്തോഷവാന്മാരും ധൈര്യശാലികളുമായ ശിഷ്യന്മാരായിരിക്കേണ്ടതിന് വർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുമെന്ന ഉറപ്പും പാപ്പാ നൽകി.










Comments