ദുരന്തവും, അത്ഭുതവും എന്ന പേരിൽ, വത്തിക്കാൻ ലൈബ്രറിയിൽ ഓരോ അഞ്ചുവർഷവും കൂടുമ്പോൾ നടത്തുന്ന പ്രദർശന പരമ്പര, ഈ വർഷം, സെപ്റ്റംബർ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ, വത്തിക്കാൻ അപ്പസ്തോലിക പുരാശേഖരത്തിന്റെയും, അപ്പസ്തോലിക ലൈബ്രറിയുടെയും പ്രാധാന്യത്തെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. തന്റെ അമ്മയും, ഒരു ഗ്രന്ഥശാലാധികാരി ആയിരുന്നുവെന്നും, അതിനാൽ തന്റെ ജന്മദിനത്തിൽ, അപ്പസ്തോലിക ലൈബ്രറിയിൽ ആയിരിക്കുവാൻ സാധിക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പാപ്പാ പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ലിയോ പതിനാലാമൻ പാപ്പാ, ലൈബ്രറി സന്ദർശിക്കുന്നത്. ഇത് ഇവയോടുള്ള പാപ്പായുടെ അടുപ്പത്തെ സൂചിപ്പിക്കുന്നുവെന്നു എടുത്തുകാണിച്ചു.
പുസ്തകങ്ങൾ നിശബ്ദവും നിശബ്ദത ആവശ്യപ്പെടുന്നതുമാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, ഒരു വശത്ത് പുസ്തകം സമാധാനപരമാണെങ്കിൽ, മറുവശത്ത് അത് അസ്വസ്ഥത ജനിപ്പിക്കുന്നുവെന്നും, അത് അന്വേഷണത്തിന്റെ ത്വര നമ്മിൽ ഉണ്ടാക്കുന്നുവെന്നും, വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. വിശുദ്ധ തിരുവെഴുത്തുകളുടെ മുഴുവൻ വിശാലതയും ആഴവും ഉൾക്കൊള്ളാൻ, തിരുവചനത്തിന്റെ വ്യത്യസ്ത കൈയെഴുത്തുപ്രതികൾ താൻ ശ്രദ്ധാപൂർവ്വം പഠിച്ചുവെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ എടുത്തു കാണിച്ചു. തുടർന്ന് പാപ്പായുടെ ഗ്രന്ഥശാല എന്നറിയപ്പെടുന്ന അപ്പസ്തോലിക ലൈബ്രറി, ഒരു ഹൃദയം പോലെയാണെന്നും, ഹൃദയമിടിപ്പ് ജീവിതത്തിന്റെ പ്രതീകമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഹൃദയമിടിപ്പിൽ രണ്ടു വ്യത്യസ്ത തലങ്ങൾ ഉള്ളതുപോലെ, ഗ്രന്ഥങ്ങളും, നമുക്ക് വിശ്രമത്തിന്റെയും, ചലനത്തിന്റെയും അനുഭവങ്ങൾ പകരുന്നുവെന്നു കൂട്ടിച്ചേർത്തു. അപ്പസ്തോലിക ലൈബ്രറി സ്വകാര്യത, ശാന്തത, ബഹുമാനം, പരിചരണം എന്നിവയാൽ സമ്പന്നമായ ഒരു സ്ഥലമായി തുടരട്ടെയെന്നു പാപ്പാ ആശംസിച്ചു.
അപ്പസ്തോലിക ലൈബ്രറിയുടെ ആന്തരികത, അത് സംരക്ഷിക്കുന്ന അതുല്യവും അമൂല്യവുമായ നിധിയെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിനാൽ ഡിജിറ്റൽ പരിതസ്ഥിതി വാഗ്ദാനം ചെയ്യുന്ന വികസനങ്ങൾ ആവശ്യമായിരിക്കെ തന്നെ, ഭൗതികമായ യാഥാർഥ്യമായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. വ്യാവസായിക വിപ്ലവം മൂലമുണ്ടായ മാറ്റങ്ങളുടെ സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള പണ്ഡിതന്മാർക്ക്, വത്തിക്കാൻ ഗ്രന്ഥശേഖരത്തിലേക്കു അനുവാദം നൽകിയ പാപ്പായെന്ന നിലയിൽ ലിയോ പതിമൂന്നാമൻ പാപ്പാ, മഹത്തായ സാംസ്കാരിക പരിവർത്തനങ്ങളുടെ വക്താവായിരുന്നുവെന്നു പാപ്പാ അനുസ്മരിച്ചു.
ദൈവശാസ്ത്രകൃതികൾ മാത്രമല്ല, സാഹിത്യശാസ്ത്രം, തത്ത്വശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം, നിയമം, കല, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളുടെയും, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും, മറ്റ് മത പശ്ചാത്തലങ്ങളിലും എഴുതിയ വാല്യങ്ങളും വത്തിക്കാൻ ലൈബ്രറിയുടെ ശേഖരത്തിൽ ഉള്ളത്, ഇതിന്റെ സാർവ്വത്രിക മാനം വെളിപ്പെടുത്തുന്നുവെന്നു പാപ്പാ പറഞ്ഞു. ഈ സാംസ്കാരിക സൗഹാർദ്ദത്തിന്റെ അടയാളം, അപ്പസ്തോലിക പുരാശേഖരത്തിന്റെയും, അപ്പസ്തോലിക ലൈബ്രറിയുടെയും രേഖകൾക്കും പുസ്തകങ്ങൾക്കും ഇടയിൽ ഒരു തുറന്ന വഴി കണ്ടെത്തുന്ന സൗമ്യമായ നയതന്ത്രമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.










Comments