Foto

രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം ഒരു പ്രത്യയശാസ്ത്രമല്ല, മറിച്ച്, ദൈനംദിന ജീവിതത്തിൽ ജീവിക്കുന്നതാണ്: പാപ്പാ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, വിശ്വാസത്തിനും, സാമൂഹിക ഉന്നമനത്തിനും, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനുമായി, ജീവൻ ബലികഴിച്ച, നവരക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായി, വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കസ്റ്ററി, സംഘടിപ്പിച്ച  പഠന ശിബിരത്തിൽ പങ്കെടുത്തവർക്ക്, പാപ്പാ, സെപ്റ്റംബർ മാസം പതിനാറാം തീയതി കൂടികാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത, നിരവധി രക്തസാക്ഷികൾ ഉണ്ടെന്നും, അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു  2023 ൽ ഫ്രാൻസിസ് പാപ്പാ  സ്ഥാപിച്ച കമ്മീഷന്റെ ലക്ഷ്യമെന്നും പാപ്പാ ആമുഖമായി പറഞ്ഞു.

ഭൂമിശാസ്ത്രപരവും, ചരിത്രപരവും, രാഷ്ട്രീയവുമായ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ സുവിശേഷത്തിനുവേണ്ടി ജീവൻ സമർപ്പിച്ച സഹോദരീസഹോദരന്മാരാണ് ഈ രക്തസാക്ഷികളെന്നു പാപ്പാ കൂട്ടിച്ചേർത്തു. "പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട്. ജറുസലേമിലും, യൂദയായിലും, സമരിയയിലും, ഭൂമിയുടെ അതിർത്തികൾ വരെയും, എനിക്ക് സാക്ഷികൾ ആയിരിക്കുവാനുള്ള" ഉത്ഥിതന്റെ ആഹ്വാനം ഇന്നും ഏറെ അർത്ഥവത്താണെന്നും, അധികാരത്തിന്റെ സംസ്കാരവും, അതിരുകളില്ലാത്ത ശക്തിയും, സായുധ വ്യവസ്ഥകളുടെ അനന്തമായ വികാസവും ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിലും, " വിശ്വാസത്തിന്റെ നവ സാക്ഷികളുടെ" വീരോചിതമായ ജീവിതം മാതൃകയാണെന്നും പാപ്പാ പറഞ്ഞു.

അധികാര ദുർവിനിയോഗത്തിന്റെ പേരിലോ ക്രിമിനൽ സംഘങ്ങളുടെ ക്രൂരതയിലോ ജീവൻ ഹോമിക്കേണ്ടി വന്നവർ ആണെന്നും, കാരണം, ക്രിസ്ത്യാനികളെന്ന നിലയിൽ അവർ സുവിശേഷത്തിനു വേണ്ടി  അനീതികൾക്കെതിരെ ശബ്ദമുയർത്തിയവരാണെന്നും പാപ്പാ അടിവരയിട്ടു. ഇവിടെ  "വിശ്വാസത്തോടുള്ള വിദ്വേഷം" വ്യക്തമായി ആരോപിക്കപ്പെടുന്നില്ല എങ്കിലും, പാതകത്തിനു ഇരകളായവർ , തങ്ങളുടെ സുവിശേഷ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിൽ ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തുകയും മരണം വരെ അപ്രകാരം തുടർന്ന് വന്നുവെന്ന  വസ്തുതയാണ് ഇവിടെ ഏറെ പ്രധാനപ്പെട്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു. "ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" , എന്ന യേശുവിന്റെ വാക്കുകളാണ്, ഇവരുടെ ജീവശക്തിയെന്നതും പാപ്പാ അനുസ്മരിച്ചു.

 പുതിയ സാക്ഷികളുടെ സുവിശേഷവത്കരണ ശക്തി ഇന്നത്തെ ലോകത്ത് സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള സഭയുടെ ഏറ്റവും വലിയ പ്രചോദനമാണെന്നും പാപ്പാ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. വിശ്വാസത്തിന്റെ സാക്ഷികൾ ഒരു പ്രത്യയശാസ്ത്രം നിർദ്ദേശിക്കുന്നില്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ ജീവിച്ച ഒരു വിശ്വാസമാണ് നമുക്ക് കാട്ടിത്തരുന്നതെന്നും, ഇത് വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള സ്ഥിരതയിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

സ്വാർത്ഥതയുടെയും അടിച്ചമർത്തലിന്റെയും ഇരുട്ടിൽ  തിളങ്ങുന്ന നക്ഷത്രങ്ങളായി ഈ രക്തസാക്ഷികൾ ആദരിക്കപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സമകാലിക മനുഷ്യരാശിക്ക് സ് നേഹത്തിന്റെ നാഗരികതയിലേക്ക് നയിക്കുന്ന പാത കാണിക്കുന്നതിന്, കർത്താവായ ക്രിസ്തുവിന്റെ വെളിച്ചം കൂടുതൽ  പൂർണ്ണമായി പ്രതിഫലിപ്പിക്കാൻ  അവർ  സഭയെ സഹായിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. ഏവർക്കും പാപ്പാ ആശംസകളും, നന്ദിയും അർപ്പിക്കുകയും ചെയ്തു.

Comments

leave a reply

Related News