Foto

സന്യാസജീവിതത്തിന്റെ സവിശേഷത ദൈവമുഖാന്വേഷണമാണ്: പാപ്പാ

സെപ്റ്റംബർ മാസം അഞ്ചാം തീയതി, വിശുദ്ധ കുർബാനയുടെ ആരാധന സഹോദരിമാർ അല്ലെങ്കിൽ സാക്രമെന്റൈൻ സഹോദരിമാർക്ക്, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. 

1807 ൽ റോമിൽ, വാഴ്ത്തപ്പെട്ട മരിയ മഗ്ദലേനയാൽ സ്ഥാപിക്കപ്പെട്ട സന്യാസസമൂഹമാണ്, വിശുദ്ധ കുർബാനയുടെ നിത്യാരാധന സഹോദരിമാർ അല്ലെങ്കിൽ സാക്രമെന്റൈൻ സഹോദരിമാർ. ഈ സന്യാസ കുടുംബത്തിലെ അംഗങ്ങൾ ആണ് ഹോളി സ്പിരിറ്റ് ഫെഡറേഷൻ. ഏകദേശം 60 ആശ്രമങ്ങളിലായി ആയിരത്തിൽ താഴെ അംഗങ്ങളാണ് വിശുദ്ധ കുർബാനയുടെ നിത്യാരാധന സഹോദരിമാരുടെ സഭയിൽ ഉള്ളത്. ഹോളി സ്പിരിറ്റ് ഫെഡറേഷൻ സ്ഥാപിതമായിട്ട് അമ്പതു വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ അംഗങ്ങൾ റോമിലേക്ക് തീർത്ഥാടനം തീർത്ഥാടന വേളയിൽ ലിയോ പതിനാലാമൻ പാപ്പാ, സന്യാസിനികളെ വത്തിക്കാനിൽ സ്വീകരിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.  ഏവരെയും സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പങ്കുവച്ചു. ഈ സഹോദരിമാരുടെ സാന്നിധ്യം, ദൈവത്തിന്റെ നന്ദിയുടെ തിളങ്ങുന്ന സാക്ഷ്യമാണെന്നും, ഇത്  അവന്റെ മുഖം അന്വേഷിക്കാനും ധ്യാനിക്കാനുമുള്ള, അസ്വസ്ഥത മനുഷ്യഹൃദയങ്ങളിൽ ജനിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

"കർത്താവേ, ഞാൻ  അവിടുത്തെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എന്നിൽ  നിന്നും മറച്ചുവെക്കരുതേ" എന്ന സങ്കീർത്തക വചനമാണ് ഏവരുടെയും ആഗ്രഹമായി ആയിരിക്കേണ്ടതെന്നു പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസ ജീവിതത്തിന്റെ സവിശേഷതയെന്നും, ഇതാണ് സാക്രമെന്റൈൻ സഹോദരിമാർ സ്വീകരിച്ച ദൈവവിളിയുടെ സൂക്ഷ്മഭാവമെന്നും പാപ്പാ എടുത്തു പറഞ്ഞു. അപ്പമായി മാറിയ ഒരു ദൈവത്തെ, നിശബ്ദമായി ആരാധിക്കുവാൻ പൂർണ്ണമായി ജീവിതം സമർപ്പിച്ചവരെന്ന നിലയിൽ അവരുടെ ജീവിതത്തിൽ ഇത് പ്രകടമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. "അൾത്താരയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ  ഐക്യത്തിന്റെ കൂദാശയാണ്", എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ സ്നേഹത്തിൽ സഭാ ഐക്യത്തിന്റെ ആത്മീയത എന്നത്, വിശുദ്ധ കുർബാനയുടെ ആത്മീയത ആണെന്നും പാപ്പാ പറഞ്ഞു.

സന്യാസജീവിതത്തിന്റെ മാതൃകയിലൂടെ, വിശുദ്ധ കുർബാനയെന്ന അനുഗ്രഹീത കൂദാശയിലെ, ക്രിസ്തുവിന്റെ മുഖത്തിന്റെ സൗന്ദര്യം ലോകത്തിന് പ്രസരിപ്പിക്കുന്നത്  തുടരുവാൻ ഏവരെയും  ശക്തിപ്പെടുത്തുകയും, നവമാക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്, ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കാൻ സ്വയം സമർപ്പിക്കുന്നവർക്ക് ഏറ്റവും നല്ല പാത, സുവിശേഷത്തിന്റെ പുരാതനവും പുതിയതുമായ ജ്ഞാനത്തോടുള്ള വിശ്വസ്തതയാണെന്നും, ഇത്, സ്ഥാപകമാതാവായ, വാഴ്ത്തപ്പെട്ട മരിയ മഗ്ദലേന നമുക്ക് നൽകുന്ന സാക്ഷ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

Comments

leave a reply

Related News