എന്തൊക്കെയായിരുന്നു ?
മലപ്പുറം കത്തി , A K 47 ...
കളി കഴിഞ്ഞപ്പോഴോ
പവനായി ശവമായി
ഐ സി സി ട്വന്റി 20 ലോക കപ്പ് 2021ലെ രണ്ടാം ദിവസം ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിന് ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിമാന മത്സരത്തിൽ അതിരു കവിഞ്ഞ ആവേശം നിറയ്ക്കുവാനാണ്. പണം വാരിക്കൂട്ടുകയാണല്ലോ ഇന്ന് ക്രിക്കറ്റിൽ മറ്റെന്തിനേക്കാളും പരമ പ്രധാന ലക്ഷ്യം. ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡാണെങ്കിൽ ഇന്ന് ലോകത്തിലെ അതിസമ്പന്നരുമാണ്. കോടികൾ വാരിയെറിഞ്ഞ് ക്രിക്കറ്റിൽ നിന്നും അതിന്റെ പതിന്മടങ്ങ് വാരിക്കൂട്ടാൻ ബോർഡ് കാണിക്കുന്ന മാനേജ്‌മെന്റ് തന്ത്രങ്ങൾ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകില്ല. ഗൾഫ് രാജ്യങ്ങളിൽ അവധി ദിനമായ വെള്ളിയാഴ്ച വിട്ട് ഞായറാഴ്ച തന്നെ കുട്ടി ലോകകപ്പിലെ ഒരു ഗ്രൂപ്പ് മൽസരത്തിന് ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് ന്യൂസിലാന്റ് മുതൽ ന്യൂയോർക്ക് വരെയുള്ള ക്രിക്കറ്റ് പ്രേമികളെ- പ്രത്യേകിച്ചും ഇൻഡ്യാ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രവാസികളെ 40 ഓവർ പിടിച്ചിരുത്തുന്നതിന് തന്നെയാണ്. ഈ സമയം കൊണ്ട് കോടിക്കണക്കിന് ഡോളറാണ് പരസ്യ വരുമാനമായി വന്നു വീഴുന്നത്.
പണം വാരിക്കൂട്ടി ചാനലുകൾ
ഇന്ത്യയും പാകിസ്ഥാനം ട്വന്റി 20 മൽസരങ്ങളിൽ കഴിഞ്ഞ 14 വർഷത്തെ കാലയളവിൽ 8 പ്രാവശ്യമാണ് അന്യോന്യം മാറ്റുരച്ചിരിക്കുന്നത്. 2007 ദക്ഷിണാഫ്രിക്കയിൽ ആദ്യ ലോക കപ്പിൽ ഡർബനിൽ ഗ്രൂപ്പ് സ്റ്റേജിൽ ടൈയിലായ മൽസരത്തിൽ ബോൾ ഔട്ടിൽ കൂടിയായിരുന്ന ഇന്ത്യൻ ജയം. ഫൈനലിൽ, ജൊഹാനസ് ബർഗിൽ ഇന്ത്യ അഞ്ചു റൺസിനാണ് പാക്കിസ്ഥാനെതിരെ വിജയിച്ചത്. മഹേന്ദ്ര സിംങ്ങ് ധോണിയുടെ നായകത്വത്തിൽ ഇന്ത്യയുടെ കന്നി ട്വന്റി 20 ലോക കപ്പ് വിജയമാണ് കുട്ടി ക്രിക്കറ്റിന്റെ തലവര മാറ്റിവരച്ചത്. ഇന്നത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പിറവി ഈ ലോക കപ്പിനു ശേഷമാണ് പാക്കിസ്ഥാനെതിരെ 2016 ലോക കപ്പിൽ ഉൾപ്പടെ അഞ്ച് മൽസരങ്ങൾ കഴിഞ്ഞാൽ കേവലം മൂന്നു മൽസരങ്ങളിലാണ് ഇരു ടീമുകളും മുഖാമുഖം വന്നിട്ടുള്ളത്. എട്ടു മൽസരങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. കണക്കുകൾ നിരത്തി, അനാവശ്യമായ ആവേശം കുത്തിനിറച്ചാണ് ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങൾ ഇന്ത്യാ പാക് മൽസരത്തെക്കുറിച്ച് എഴുതിപ്പിടിപ്പിച്ചത്. എൺപതുകളിൽ ഷാർജയിലെ ക്രിക്കറ്റ് മൽസരങ്ങളിലെ ഇരു ടീമുകളുടേയും മൽസരങ്ങൾ ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ ചാനലുകൾക്കും ഇതൊരു ചാകരയായി. ഞായറാഴ്ച മറ്റൊരു ദിവസവും കാണിക്കാത്ത മൽസരബുദ്ധിയാണ് നമ്മുടെ പ്രാദേശിക ചാനലുകളും പ്രകടിപ്പിച്ചത്.
നാക്കു കൊണ്ട് കാര്യമില്ല കളിക്കണം
ദുബായിൽ ഇന്ത്യ ട്വന്റി 20 മൽസരത്തിനിറങ്ങുന്നത് ചില പ്രത്യേകതകളോടെയായിരുന്നു. ദീർഘകാലമായി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയും, അനുയായികളായ ബൗളിങ്ങ്, ഫീൽഡിങ്ങ് കോച്ചുമാരായ ഭരത് അരുണും, ആ. ശ്രീധറും അവസാനമായി ഒന്നിക്കുന്ന പരമ്പര ക്രിക്കറ്റിന്റെ സകല ഫോർമാറ്റിലും നായകനായ വിരാട് കോലി വെള്ള ബോൾ ക്രിക്കറ്റിന്റെ അമരത്ത് നിന്നും വിടവാങ്ങുന്ന പരമ്പര. നല്ലൊരു പോരാട്ടത്തിലൂടെ ഗൾഫിൽ ട്വന്റി 20 ലോക കപ്പിൽ തുടക്കം കുറിക്കാമെന്ന കണക്കു കൂട്ടൽ തെറ്റി. കടലാസിൽ ശക്തമായ ഇന്ത്യൻ ടീമിനെ അക്ഷരാർത്ഥത്തിൽ പാക്കിസ്ഥാൻ തച്ചുടക്കുക തന്നെ ചെയ്തു. കളിയുടെ സമസ്ത മേഖലകളിലും ഇന്ത്യൻ ടീം പരാജയപ്പെട്ടത് മികച്ച ഗൃഹപാഠം ചെയ്യാതിരുന്നതിനാലാണ്. ലോകത്തിലെ ഇന്നത്തെ മികച്ച വെള്ളബോൾ ഏറുകാരിൽ മിടുക്കനായ ഷഹീൻ ഷാ അഫ്രിദിയേയും, സഹ ബൗളർമാരെയും നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടത് തന്നെയാണ് നന്നായി കളിച്ച പാക്കിസ്ഥാന് 10 വിക്കറ്റിന്റെ ഉജ്ജ്വല വിജയം 13 പത്തുകൾ ബാക്കിയിരിക്കെ നേടുവാൻ കഴിഞ്ഞത്. 150 കിലോ മീറ്റർ വേഗത്തിൽ പന്തെറിയുന്ന പാക്കിസ്ഥാന്റെ പേസ് ബൗളർമാരുടെ തീപാറുന്ന പന്തുകൾ നേരിടുവാൻ പരിചയ സമ്പന്നരായ ഇന്ത്യൻ മുൻനിരയ്ക്കു കഴിഞ്ഞതേയില്ല. അവസാനം വരെ പിടിച്ചുനിന്ന നായകൻ വിരാട് കോലിയും, വിക്കറ്റ് കീപ്പർ റിഷഭ് പന്തും നേടിയ റൺസുകളാണ് ഇന്ത്യയ്ക്കു പൊരുതുവാൻ പോന്ന ഒരു ടോട്ടൽ നൽകിയത്. പാക്കിസ്ഥാൻ നായകൻ ബാബർ അസമും സഹ ഓപ്പണർ മുഹമ്മദ് റിസ്‌വാനും കരുതലോടെ ബാറ്റേന്തിയപ്പോൾ ഇന്ത്യൻ ബൗളിങ്ങ് നിരയുടെ ദൗർബല്യങ്ങൾ തെളിഞ്ഞു വന്നു. അന്തിമ വിശകലനത്തിൽ നന്നായി കളിച്ച ടീം ജയിച്ചു. അവസാന നാലിലേക്ക് അനായാസമായി ജയിച്ചു കയറാമായിരുന്ന ഗ്രൂപ്പിൽ കോലിക്കും കൂട്ടർക്കും ന്യൂസിലാന്റിന്റെ കെയിൻ വില്യംസൺ നയിക്കുന്ന ടീമിനെതിരെ കരുതലോടെ തന്നെ കഴിക്കേണ്ടിയിരിക്കുന്നു.
ഐ പി എൽ ക്രിക്കറ്റിൽ നിലവിലെ എട്ടു ടീമുകളിൽ നിന്നും പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി വരികയാണ്. ലക്‌നൗ അഹമ്മദാബാദ് ഫ്രാഞ്ചൈസ്സികളാണ് പുതുമുഖങ്ങൾ. ആകെ മൽസരങ്ങൾ 74. ഓരോ ടീമിനും 9 വീതം. കുട്ടി ക്രിക്കറ്റിന്റെ വർദ്ധിച്ചു വരുന്ന പ്രചാരം ബി.സി.സി.ഐ ശരിക്കും മുതലാക്കുന്നുണ്ട്.
മെസ്സി ഉണ്ടായിട്ടും
ഫ്രഞ്ച് ലീഗ് സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടം- ക്ലാസിക്ക് മൽസരം- പി. എസ് ജി മാഴ്‌സെ പോരാട്ടം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സൂപ്പർ താരം ലയണൽ മെസ്സിയുടെ മുഴുനീള സാന്നിദ്ധ്യം പിഎസ്ജിക്ക് മുതലാക്കാനായില്ല. ഇരു ടീമുകളും തമ്മിലുള്ള അകലം 7 പോയിന്റായി കുറഞ്ഞു.
ഇറ്റലിയിലെ സീരിഎയിൽ മിലാനിൽ എ സി മിലാൻ ബൊളോന്യയെ തോൽപിച്ച് പോയിന്റ് നിലയിൽ മുന്നിലെത്തി. അതേ സമയം ബാർസിലോനയിൽ എൽ ക്ലാസിക്കോയിൽ, ബാർസയെ അവരുടെ മൈതാനത്ത് 2-1 ന് കീഴടക്കി റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗായിൽ രണ്ടാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് -റയൽ സോസിദാദ് മൽസരം 2-2 സമനിലയിലായതോടെ 10 കളികളിൽ നിന്നും 21 പോയിന്റോടെ സോസിദാദ് മുന്നിലെത്തി. അത്‌ലറ്റികോ നിലവിൽ നാലാം സ്ഥാനത്താണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർ പൂളിനോട് ഞായറാഴ്ച തോൽവി വാങ്ങിയത് അഞ്ചു ഗോളുകൾക്കായിരുന്നു. ലിവർ പൂളിന്റെ മുഹമ്മദ് സലായാണ് ഒരു ഹാട്രിക്കോടെ ടീമിനെ ആദ്യ പകുതിയിൽ തന്നെ 4-0ന് മുന്നിലെത്തിച്ചത്. ഈ ഇംഗ്ലീഷ് സീസണിൽ 9 കളികളിൽ നിന്നും 15 ഗോളുകളുമായി മുഹമ്മദ് സലാ തന്റെ മികച്ച ഫോമിലാണ്.
Comments