Foto

സര്‍വീസ് ചാര്‍ജുയര്‍ത്തി കത്തി വീശി ബാങ്കുകള്‍

✍️ബാബു കദളിക്കാട്

നാടിന്റെ സാമ്പത്തിക നില താറുമാറായത് ബാങ്കുകള്‍ക്കിപ്പോള്‍ വിഷയമല്ല. 

കോവിഡ് കാലത്തെ കനിവിനു പൂര്‍ണ്ണവിരാമമിട്ട്  സര്‍വീസ് ചാര്‍ജിന്റെ പേരില്‍ വീണ്ടും ഉപഭോക്താക്കളെ പരമാവധി പിഴിഞ്ഞുതുടങ്ങി ബാങ്കുകള്‍. മോറട്ടോറിയത്തിന്റെ അനുബന്ധമായുണ്ടായിരുന്ന ഇളവുകളെല്ലാം പിന്‍വലിച്ച ശേഷമാണ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ കീശ ചോര്‍ത്തുന്ന പുതു തന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. കുടയെടുക്കാതെ പുറത്തിറങ്ങുന്നവര്‍ മഴ പെയ്യുമ്പോള്‍ ബാങ്കിന്റെ വരാന്തയിലെങ്ങാനും കയറി നില്‍ക്കേണ്ടി വന്നാല്‍ സര്‍വീസ് ചാര്‍ജ്  നല്‍കേണ്ടിവരുമെന്ന 'ട്രോള്‍' തമാശയാക്കി തള്ളിക്കളയാനാകാത്ത സ്ഥിതിയാണുള്ളതെന്ന് ഇടപാടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

സൗജന്യമായി നല്‍കിയിരുന്ന എല്ലാ സംവിധാനങ്ങള്‍ക്കും ഇനി മുതല്‍ തരക്കേടില്ലാതെ ചാര്‍ജുകള്‍ ഈടാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരിട്ട് ബാങ്കിലൂടെയോ കാര്‍ഡ് വഴിയോ ഓണ്‍ലൈന്‍ വഴിയോ ഉള്ള ഓരോ ട്രാന്‍സാക്ഷനും ശേഷം ബാങ്കില്‍ നിന്നു ലഭിക്കുന്ന മെസേജ്,  ബാങ്കിന്റെ പുതിയ ഓഫറുകളും പ്രോഗ്രാമുകളും അറിയിക്കുന്ന മെസേജ് ഇവയൊന്നും ഇപ്പോള്‍ സൗജന്യമായി ലഭിക്കില്ല.കോവിഡ് തീവ്രമായി നിലനില്‍ക്കുന്നതും നാട്ടിലെ സാമ്പത്തിക നില ഏറ്റവും പരിതാപകരമായതുമൊന്നും ബാങ്കുകള്‍ക്കിപ്പോള്‍ വിഷയമല്ല.

എസ്എംഎസ് അലര്‍ട്ടിന് മൂന്ന് മാസത്തേക്ക് 15 രൂപയാണ് പല ബാങ്കുകളുെടയും ചാര്‍ജ്. പല നിരക്കുകളും ഇതിനിടെ ഉയര്‍ത്തുകയും ചെയ്തു, മിക്കവാറും രഹസ്യമായിത്തന്നെ.എന്തായാലും, വെബ്‌സൈറ്റ് പരിശോധിച്ച് പുതിയ നിരക്കുകള്‍ അറിയാം എന്ന എസ്എംഎസ് ചില ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കുന്നുണ്ട്.മാത്രമല്ല പാദവര്‍ഷം ഓരോ അക്കൗണ്ടിലും നിന്ന് ഈയിനത്തില്‍ പിടിച്ചെടുത്ത ആകെ തുക എത്രയെന്നും എസ്എംഎസ് വഴി അറിയിച്ചുവരുന്നു.ജിഎസ്ടി തുക വേറെ ഈടാക്കുമെന്നും അറിയിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്.

വലിയ തുകകള്‍ നിക്ഷേപിക്കുന്നവരും ചെറിയ തുകകള്‍ കൂടുതല്‍ തവണ നിക്ഷേപിക്കുന്നവരും അറിഞ്ഞിരിക്കണം നമ്മുടെ ബാങ്കുകള്‍ ഇപ്പോള്‍ പഴയ പോലെയല്ലെന്ന്. ഓരോ ഇടപാടിനും ചാര്‍ജുണ്ട്. ശാഖകളിലെ ഇടപാടുകള്‍ മാത്രമല്ല എടിഎം വഴിയുള്ള വിനിമയങ്ങള്‍, മൊബൈല്‍ ട്രാന്‍സാക്ഷന്‍സ് തുടങ്ങി മിനിമം ബാലന്‍സ്  നിലനിര്‍ത്താത്ത അക്കൗണ്ടുകള്‍ക്ക് പോലും സര്‍വീസ് ചാര്‍ജ് നല്‍കണം. എ ടി എമ്മിനു പുറമേ ഡെപ്പോസിറ്റ് മെഷീനുകളിലെയും കണ്‍വീനിയന്‍സ് ഫീസ്, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയവയിലൂടെ ഉപഭോക്താക്കള്‍ക്കു പണം ചോരുന്നുണ്ട്. നവംബര്‍ ഒന്നു മുതല്‍ ഐസിഐസിഐ ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സാധാരണ ദിവസങ്ങളിലെ ബിസിനസ്സ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും റീസൈക്ലര്‍ മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നു.

ബാങ്ക് ഓഫ് ബറോഡ ക്യാഷ് ഡെപ്പോസിറ്റ് ഫീസ് പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചത് താല്‍ക്കാലിക നടപടി മാത്രം. പൊതുമേഖലാ ബാങ്കുകളൊന്നും ഇത്തരം ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയത് ചില രാഷ്ട്രീയ കാരണങ്ങളാലായിരുന്നെന്നാണ് സൂചന. എന്തായാലും ഐസിഐസിഐ ബാങ്ക് കണ്‍വീനിയന്‍സ് ഫീസ് പിന്‍വലിച്ചിട്ടില്ല.ഓരോ ഇടപാടിലും ഈ വഴിക്കു ചോര്‍ത്തിയെടുക്കുന്നത് 50 രൂപ വീതം. മെഷീനുകളിലെ ക്യാഷ് ഡെപ്പോസിറ്റ് പ്രതിമാസം 10,000 രൂപ കവിഞ്ഞാലും സൗകര്യ ഫീസ് ബാധകമാകും. മറ്റു ബാങ്കുകളും ഇതേ മാര്‍ഗം സ്വീകരിക്കുമെന്ന കാര്യം വ്യക്തം.

ഒറ്റത്തവണ തിരിച്ചുപിടിക്കല്‍...

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ജനങ്ങളെ സഹായിക്കുന്നതിന് ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ച ഒറ്റത്തവണ കടം തിരിച്ചുപിടിക്കല്‍ പദ്ധതിയും പണം സമ്പാദിക്കാനുള്ള അവസരമായി ഉപയോഗിച്ചുവരുന്നുണ്ട് സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍.

ചില സ്വകാര്യ ബാങ്കുകള്‍ വായ്പ കുടിശ്ശികയുടെ 0.5 ശതമാനം വരെ പിഴയായി ഈടാക്കുന്നുണ്ടെന്ന് ബാങ്കിംഗ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ അധികമായി 35 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ആണ് ഈടാക്കുന്നത്. പുനഃസംഘടിപ്പിച്ച വായ്പകളുടെ ഇനത്തില്‍ 10 ശതമാനം വരെ നഷ്ടം ബാങ്കുകള്‍ക്കു നേരിടാന്‍ സാധ്യതയുണ്ടെന്ന ന്യായം ചൂണ്ടിക്കാട്ടി ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന നീക്കം ന്യായീകരിക്കപ്പെടുകയാണ്.

സേവന നിരക്കുകള്‍ വലിയ വരുമാന സ്രോതസാക്കാന്‍ ബാങ്കുകള്‍ രംഗത്തിറങ്ങിയശേഷം, സൂക്ഷിച്ചില്ലെങ്കില്‍ അനാവശ്യമായി പണം നഷ്ടപ്പെടാനുള്ള പഴുതുകള്‍ ഏറെയാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആഴ്ചയില്‍ പല തവണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുകയും ഇടയ്ക്കിടെ ബാലന്‍സ് നോക്കുകയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുക്കുകയും ചെയ്യുന്ന വിനോദം വഴി അക്കൗണ്ട് ശുഷ്‌കമാകുമെന്ന കാര്യം പലരും ചിന്തിക്കുന്നില്ല.  ഇവയൊക്കെ പണം ചോര്‍ത്തുന്ന വഴികളാണ്. ഓരോ കടയിലും കയറി മുന്‍ പിന്‍ നോക്കാതെ ഷോപ്പിംഗ് നടത്തി കാര്‍ഡ് വീശുന്നവരും ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കാറില്ല പലപ്പോഴും.

പണം പിന്‍വലിക്കുന്നതിന് പല ബാങ്കുകളും വ്യത്യസ്ത രീതിയിലാണ് സര്‍വീസ് ചാര്‍ജ്  ഈടാക്കുന്നത്. ചില ബാങ്കുകളില്‍ സൗജന്യമായി പിന്‍ വലിക്കാവുന്നത് അഞ്ചു തവണ മാത്രം. ചിലയിടത്ത് പത്ത്.  25000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചെക്ക് ഉപയോഗിക്കാം, ബാക്കിയുള്ള എല്ലാം എടിഎമ്മിലൂടെയും നെറ്റ് ബാങ്കിങിലൂടെയും മറ്റും നടത്താനാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ഇതില്‍ തന്നെ നിശ്ചിത ഇടപാട് കഴിഞ്ഞാല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. സാലറി അക്കൗണ്ടുകളിലെ മിനിമം ബാലന്‍സും സര്‍വ്വീസ് ചാര്‍ജുകളും ഓരോ കമ്പനികളെയും അവര്‍ ആശ്രയിക്കുന്ന ബാങ്കുകളെയും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. വാലറ്റുകള്‍, ബഡ്ഡി ആപ്പ് എന്നിവയിലൂടെ പണം കൈമാറുന്നതിന് 25 രൂപ സര്‍വിസ് ചാര്‍ജ് നല്‍കണം.

ഓരോ ബാങ്കിന്റെയും മിനിമം ബാലന്‍സ് അതത് ബാങ്കുകള്‍ക്ക് സ്വന്തമായി നിശ്ചയിക്കാം. ബാങ്കിന്റെ പരിപാലന ചെലവ്, ലാഭം തുടങ്ങിയവ പരിഗണിച്ചാണ് ഈ നിരക്കുകള്‍ നിശ്ചയിക്കുന്നത്. ഇത് മെട്രോ, റൂറല്‍, അര്‍ബന്‍ മേഖലകളില്‍ വ്യത്യസ്തമായിരിക്കും. ഈ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ മിക്ക ബാങ്കുകളും ഉപഭോക്താവില്‍ നിന്ന്  സര്‍വിസ് ചാര്‍ജ് ഈടാക്കും. സീറോ ബാലന്‍സ് പദ്ധതികള്‍ വരും കാലങ്ങളില്‍ ബാങ്കുകള്‍ പൂര്‍ണമായി ഉപേക്ഷിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. നിലവില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളുള്ളവര്‍ക്ക് ഭാവിയില്‍ പല ബാങ്കിങ് സേവനങ്ങളും നിഷേധിക്കപ്പെടാം.നിലവിലുള്ള അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയുണ്ട്.  എന്നാല്‍ ആ അക്കൗണ്ട് തന്നെ വേണ്ടെന്ന് വെച്ചാലും നല്‍കണം സര്‍വിസ് ചാര്‍ജ്. 500 മുതല്‍ 1000 വരെയാണ് സേവിങ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ചില ബാങ്കുകള്‍ ഈടാക്കുന്നത്. കറന്റ് അക്കൗണ്ട് ആണെങ്കില്‍ 1000 രൂപ്.

പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും, 25 ലീഫിന് 75 രൂപയും 50 ലീഫിന് 150 രൂപയും നല്‍കിയാല്‍ മാത്രമേ ചെക്ക് ബുക്കുകള്‍ ലഭിക്കൂ. പുറമേ സേവന നികുതിയും നല്‍കണം. പഴയ പാസ് ബുക്കുകള്‍ നഷ്ടപ്പെട്ടാല്‍ പുതിയതു ലഭിക്കാന്‍ 100 രൂപ മുതല്‍ 150 രൂപ വരെയും ഈടാക്കുന്നു. ബാങ്കില്‍ നിന്നു ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതിന് 100 രൂപ മുതല്‍ 300 രൂപ വരെ ചാര്‍ജ് വരും.നിശ്ചിത കാലത്തേക്ക് ഇടുന്ന പണത്തില്‍ നിന്ന് ലോണ്‍ എടുക്കാനുള്ള സഹായം എല്ലാ ബാങ്കുകളും നല്‍കുന്നുണ്ട്. എന്നാല്‍ രേഖപ്പെടുത്തിയ കാലയളവിന് മുമ്പേ പണം പിന്‍വലിച്ചാല്‍ പലിശയില്‍ നഷ്ടം സംഭവിക്കും.

ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാകാമെന്നതിനു പുറമേ ചെക്ക് മുടങ്ങിയാല്‍ അതിന് പിഴയും നല്‍കേണ്ടി വരും. മാസത്തില്‍ ഒരു തവണ ചെക്ക് മുടങ്ങിയാല്‍ 100 

ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാകാമെന്നതിനു പുറമേ ചെക്ക് മുടങ്ങിയാല്‍ അതിന് പിഴയും നല്‍കേണ്ടി വരും. മാസത്തില്‍ ഒരു തവണ ചെക്ക് മുടങ്ങിയാല്‍ 100 രൂപ മുതല്‍ 350 രൂപ വരെ പിഴ നല്‍കണം. ഒന്നില്‍ കൂടുതല്‍ തവണ ഇത് ആവര്‍ത്തിച്ചാല്‍ 750 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കും. പതിനായിരം രൂപ വരെയുള്ള ചെക്ക് കളക്ഷന് 50 രൂപയും ഒരു ലക്ഷം വരെയുള്ളതിന് 100 രൂപയും സര്‍വിസ് ചാര്‍ജ് നല്‍കണം. ഇതിനും മുകളിലുള്ള തുകകള്‍ക്ക് 200 രൂപയാണ് ഈടാക്കുന്നത്.  5000 രൂപ വരെയുള്ള ഡിഡിയ്ക്ക് 25 രൂപയാണ് സര്‍വിസ് ചാര്‍ജ്. പതിനായിരം രൂപയ്ക്ക് മുകളിലും ഒരു ലക്ഷത്തിന് ഇടയിലുമാണെങ്കില്‍ ഓരോ ആയിരത്തിനും അഞ്ച് രൂപ നിരക്കിലും അതിന് മുകളിലാണെങ്കില്‍ നാലു രൂപ നിരക്കിലും ചാര്‍ജ് നല്‍കണം.

 

നോട്ടുകള്‍ കീറുകയോ, കറ ഉണ്ടാകുകയോ ചെയ്താല്‍, ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ കേടു പറ്റിയവയെല്ലാം പഴയ നിയമ പ്രകാരം ചില ബാങ്ക് ശാഖകളില്‍ സൗജന്യമായി മാറ്റി ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നോട്ടുകള്‍ മാറുന്നതിന് സേവന നിരക്കുകളുണ്ട്. 20 നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപ വരെ സൗജന്യമായി മാറാന്‍ കഴിയും. അതിന് മുകളില്‍ ഓരോ നോട്ടിനും രണ്ട് രൂപ അല്ലെങ്കില്‍ വലിയ നോട്ടുകള്‍ക്ക് അഞ്ച് രൂപ എന്നിങ്ങനെ ഈടാക്കും.

 

കാര്‍ഡ് ഇപ്പോള്‍ താരമല്ല

പല നിറങ്ങളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്റ്റാറ്റസ് സിംബലായിരുന്നു കുറേക്കാലം മുമ്പു വരെ. ഓരോ ബാങ്കും കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍ പലതരം ഓഫറുകളോടെ വിവിധ കാര്‍ഡുകള്‍ വിപണിയിലെത്തിച്ചു. ലക്ഷങ്ങളുടെ ക്രെഡിറ്റ്, ഇന്‍ഷുറന്‍സ് എന്നിവ തുടങ്ങി  വിമാനത്താവളങ്ങളില്‍ സൗജന്യങ്ങള്‍, ഓണ്‍ൈലന്‍ ഷോപ്പിങ്ങിന് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല നേട്ടങ്ങള്‍ സമ്മാനിച്ചു ഇവയിലൂടെ. പല ബാങ്കുകളും തികച്ചും സൗജന്യമായാണ് കാര്‍ഡുകള്‍ നല്‍കിയത്.

പിന്നീട് പ്രീമിയം കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് ഈടാക്കിത്തുടങ്ങി.തുടര്‍ന്ന് സാധാരണ കാര്‍ഡുകള്‍ക്കും വാര്‍ഷിക ഫീസ് വന്നു. ഇപ്പോഴാകട്ടെ കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ സേവനത്തിനും ചാര്‍ജുണ്ട്. പിന്‍ നമ്പര്‍ മാറ്റല്‍, ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കല്‍ തുടങ്ങിയവ പൂര്‍ണമായി ഫ്രീ സര്‍വിസ് വഴി എടിഎമ്മില്‍ നടത്താമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇത്തരം സര്‍വീസുകളെല്ലാം എടിഎമ്മില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സൗജന്യ ഇടപാടിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവ അത്യാവശ്യമാണെങ്കില്‍ മാത്രം എടിഎമ്മിലൂടെ നടത്തണമെന്നര്‍ത്ഥം.അല്ലെങ്കില്‍ പണം ചോരും.

കാര്‍ഡ് നല്‍കി പേമെന്റ് നടത്താന്‍ കഴിയുന്നിടത്തെല്ലാം  അത് ഉപയോഗിക്കാനാണ് കോവിഡ് വന്നതോടെ ഉദ്‌ബോധിപ്പിക്കപ്പെട്ടത്. സൈ്വപ്പിങ്ങിന് പ്രത്യേകം ചാര്‍ജ് ഈടാക്കില്ല. വളരെ എളുപ്പമാണ് ഇതിന്റെ ഉപയോഗം. പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് മുമ്പെ നിശ്ചിത തുക തന്നെയാണോ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണം. മൂന്ന് തവണയില്‍ കൂടുതല്‍ പിന്‍ നമ്പര്‍ തെറ്റായി നല്‍കരുത്. രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ പിന്‍ നമ്പര്‍ മാറ്റി സെറ്റ് ചെയ്യുന്നതാണഭികാമ്യം. പിന്‍ നമ്പര്‍ മറന്ന് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ മൊബൈലിലോ ബാഗിലോ എഴുതി സൂക്ഷിക്കാം. പക്ഷേ, കാര്‍ഡിനു പിന്നില്‍ എഴുതി വയ്ക്കരുത്.ബാങ്കില്‍ നിന്നാണെന്നും മറ്റും പറഞ്ഞു വിളിച്ച് കാര്‍ഡ് നമ്പരോ പിന്‍നമ്പരോ കാര്‍ഡിന്റെ പിന്നില്‍ കാണുന്ന മൂന്നക്ക നമ്പറായ സിവിവിയോ  ചോദിച്ചാല്‍ കൊടുക്കരുതെന്ന കാര്യം ഇപ്പോഴും പലരും മറന്ന് അബദ്ധത്തില്‍ പെടുന്നുണ്ട്. കാര്‍ഡ് നഷ്ടപ്പെടുകയോ ദുരുപയോഗം  ചെയ്യപ്പെട്ടതായി സംശയമുണ്ടാവുകയോ ചെയ്താല്‍ ഉടന്‍ ബാങ്കില്‍ വിവരം അറിയിച്ചു കാര്‍ഡ് ബ്ലോക്ക് ചെയ്യുക.

പരമ്പരാഗത ബാങ്കിങ് ഇടപാടുകളേ നടത്തൂ എന്ന പിടിവാശിക്ക് ഇനി പ്രസക്തിയില്ല. നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയിലേക്ക് മാറാത്തപക്ഷം കറന്‍സി ക്ഷാമത്താല്‍ ഭാവിയില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വന്നേക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് പരിചയിച്ചിട്ടില്ലാത്തവര്‍ക്ക് എത്രയും വേഗം അവ പരിശീലിക്കാതെ പറ്റില്ല.നിലവില്‍ എല്ലാ എടിഎമ്മുകളുടെയും പരിപാലന ചെലവ് കൂടി. എടിഎമ്മില്‍ പണം നിറയ്ക്കാനുള്ള ചെലവും വര്‍ധിച്ചു.  ഇന്നത്തെ മാതൃകയിലുള്ള എടിഎമ്മുകള്‍ ഭാവിയില്‍ നാമമാത്രമായേക്കാം.

 

ലോക്കര്‍ വാടകയും ഉയരെ

സുരക്ഷിത നിക്ഷേപ ലോക്കറുകള്‍ക്കുള്ള വാടക ചാര്‍ജ് എല്ലാ ബാങ്കുകളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉയര്‍ത്തി. എസ്ബിഐയുടെ ചെറിയ ലോക്കറിന്റെ വാടക: നഗരം / മെട്രോ: 2000 രൂപ + ജിഎസ്ടി. ഗ്രാമീണ, അര്‍ദ്ധ നഗരങ്ങള്‍: 1500 രൂപ + ജിഎസ്ടി. മീഡിയം ലോക്കറിന്റെ വാടക: നഗരം/ മെട്രോ: 4000 രൂപ + ജിഎസ്ടി .ഗ്രാമീണ, അര്‍ദ്ധ നഗരങ്ങള്‍: 3000 രൂപ + ജിഎസ്ടി. വലിയ ലോക്കറിന്റെ വാടക: നഗരം/ മെട്രോ: 8000 രൂപ + ജിഎസ്ടി.ഗ്രാമീണ, അര്‍ദ്ധ നഗരങ്ങള്‍: 6000 രൂപ + ജിഎസ്ടി. എസ്ബിഐയുടെ എക്‌സdട്രാ ലാര്‍ജ് ലോക്കറിന്റെ വാടക: നഗരം/ മെട്രോ: 12000 രൂപ + ജിഎസ്ടി . ഗ്രാമീണ, അര്‍ദ്ധ നഗരങ്ങള്‍: 9000 രൂപ + ജിഎസ്ടി.

ചെറുതും ഇടത്തരവുമായ ലോക്കറുകള്‍ക്ക് 500 രൂപ + ജിഎസ്ടിയാണ് എസ്ബിഐ ഒറ്റത്തവണ ലോക്കര്‍ രജിസ്‌ട്രേഷന്‍ ചാര്‍ജായി ഈടാക്കുന്നത്. വലുതും അധികം വലുതുമായ ലോക്കറുകള്‍ക്ക് 1,000 രൂപയും ജിഎസ്ടിയും നല്‍കണം. കൂടാതെ എല്ലാ ലോക്കറുകള്‍ക്കും സൗജന്യമായി 12 സന്ദര്‍ശന ചാര്‍ജുകള്‍ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനുശേഷം ഓരോ സന്ദര്‍ശനത്തിനും 100 രൂപ + ജിഎസ്ടി ഈടാക്കും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചട്ടമനുസരിച്ച് ബാങ്കുകള്‍ക്ക് ലോക്കര്‍ തുറക്കാം.

 

മറക്കല്ലേ സാമ്പത്തിക അച്ചടക്കം

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി അക്കൗണ്ടിലെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയാല്‍ നെറ്റ് ബാങ്കിങ് സംബന്ധിച്ച ഭയം സാധാരണക്കാര്‍ക്കുണ്ട്. ഇത്തരം ഭയമുള്ളവര്‍ നെറ്റ് ഇടപാടുകള്‍ക്ക് മാത്രമായി മറ്റൊരു അക്കൗണ്ട് തുറന്ന് ചെറിയ തുക അതില്‍ നിക്ഷേപിക്കാം. ഉദാഹരണത്തിന് പ്രതിമാസം അയ്യായിരം രൂപയുടെ ബില്ലുകള്‍ ആണ് അടയ്‌ക്കേണ്ടതെങ്കില്‍  അത്രയും പണം മാത്രം ചെക്ക് മുഖേന പ്രധാന അക്കൗണ്ടില്‍ നിന്ന് പേമെന്റ് അക്കൗണ്ടിലേക്ക് മാറ്റുക. ഏതെങ്കിലും രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടന്നാല്‍ നഷ്ടം പരിമിതമാകും. പ്രധാന അക്കൗണ്ട്, നെറ്റ് ബാങ്കിങ്ങുമായി ബന്ധപ്പെടുത്തേണ്ടെന്നതാണ് മറ്റൊരു ഗുണം.

കൈയില്‍ കൂടുതല്‍  പണം കൊണ്ടുനടക്കാതെ  ആവശ്യം വരുമ്പോള്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ച് കാര്യം നടത്തണമെന്നാണ് ബാങ്കുകള്‍ കുറച്ചു കാലം മുമ്പു വരെ ഉപദേശിച്ചത്. എല്ലാ പണമിടപാടുകള്‍ക്കും എടിഎമ്മിനെ ആശ്രയിക്കുന്ന പ്രവണത അതോടെ വ്യാപകമായി. പണം കളവ് പോകുമെന്ന പേടിയോ, കൂടുതല്‍ പണം നോട്ടുകളായി കൈയില്‍ കരുതുന്നതിന്റെ ടെന്‍ഷനോ അനുഭവിക്കാതെയുള്ള എടിഎം സ്വാതന്ത്ര്യം മിക്കവരും ആസ്വദിക്കുകയും ചെയ്തു.ഇതിനിടയിലാണ് ബാങ്കുകള്‍ പുതിയ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയത്. കോവിഡ് കാലത്ത് മാറ്റങ്ങള്‍ അതിവേഗമായി.

ഓരോ തവണയും പണം പിന്‍വലിക്കുന്നത് ഏതൊക്കെ ആവശ്യങ്ങള്‍ക്കാണെന്നു വിശകലനം ചെയ്തിരിക്കണം. ഇവയില്‍ ഡിജിറ്റല്‍ പേമെന്റ്  സാധ്യമായിരുന്ന കാര്യങ്ങള്‍ കണ്ടെത്തണം. വാഹനത്തിന് ഇന്ധനം അടിക്കാനും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും മറ്റും ഡിജിറ്റല്‍ പേമെന്റ് ആണ് നന്ന്.  വൈദ്യുതി ബില്ല്, ടെലഫോണ്‍ ബില്ല് തുടങ്ങിയവയ്ക്കും  ഓണ്‍ലൈന്‍ ആകാം. ഇതോടെ എടിഎമ്മിലൂടെ നോട്ടുകള്‍ ഇടയ്ക്കിടെ പിന്‍വലിക്കുന്നത് കുറയ്ക്കാം

ജോലിക്കാരിയുടെ വേതനം, പച്ചക്കറികടയിലും മറ്റും കൊടുക്കേണ്ടത്, യാത്രക്കൂലി എന്നിങ്ങനെ ഓരോ മാസവും പണമായി തന്നെയുള്ള ചെലവുകള്‍ ഉണ്ടാകും. ഒരു മാസത്തെ ശരാശരി കണക്കാക്കി ആ തുക ആദ്യം തന്നെ ബാങ്കില്‍ നിന്നു ചെക്ക് വഴി പിന്‍ വലിച്ച് സൂക്ഷിക്കുന്നതാകും നന്ന്. ആശുപത്രിച്ചെലവ് പോലെ പെട്ടന്ന് ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ കറന്‍സിയായി കുറച്ച് പണം വീട്ടില്‍ സൂക്ഷിക്കുകയും വേണം.എന്നാല്‍, ഈ കരുതല്‍ തുക അമിതമാകരുത്. പണം പിന്‍വലിക്കുന്നതിലും ചെലവാക്കുന്നതിലും സാമ്പത്തിക അച്ചടക്കം പ്രധാനം. സര്‍വീസ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അത്യാവശ്യ വിവരവും അനിവാര്യം.

Comments

leave a reply

Related News