Foto

ഷാജി കൈലാസ് ബൈബിളിലെ ഈ വചനം തെറ്റായിട്ടാണു മനസിലാക്കിയിരിക്കുന്നത്.

ബിബിന്‍ മഠത്തില്‍,

കടുവ എന്ന സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ മാതാപിതാക്കളുടെ കര്‍മ്മഫലമായി അവതരിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്ഷമ ചോദിച്ചു കൊണ്ട് ഷാജി കൈലാസ് ഇട്ട പോസ്റ്റ് വായിച്ചു. അതില്‍ അത്തരത്തിലൊരു ഡയലോഗ് കൊണ്ടുവരാന്‍ ഇടയായ സാഹചര്യം സൂചിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം ഒരു ബൈബിള്‍ വാക്യം ഉദ്ധരിക്കുകയുണ്ടായി. അത് ഇങ്ങനെയാണു, '('പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചു' എന്ന ബൈബിള്‍ വചനം ഓര്‍മിക്കുക). മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു.'' 

യഥാര്‍ത്ഥത്തില്‍ ഷാജി കൈലാസ് ബൈബിളിലെ ഈ വചനം തെറ്റായിട്ടാണു മനസിലാക്കിയിരിക്കുന്നത്. അതെന്താണെന്ന് മനസിലാക്കാന്‍ ബൈബിളില്‍ ഈ വചനം കാണാന്‍ കഴിയുന്ന ഭാഗങ്ങള്‍ ഉദ്ധരിക്കാം. 

''പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ആ നാളുകളില്‍ അവര്‍ പറയുകയില്ല. ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങതിന്നുന്നവന്റെ പല്ലേ പുളിക്കൂ.''        (ജറമിയ 31:29-30)

''പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടെയും ജീവന്‍ എന്‍േറതാണ്. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.''      (എസക്കിയേല്‍ 18:2-4)

ഈ ഭാഗങ്ങള്‍ വായിച്ചാല്‍ ഷാജി കൈലാസ് മനസിലാക്കിയിരിക്കുന്നതുപോലെ അല്ല ബൈബിള്‍ ഇത് പഠിപ്പിക്കുന്നത് എന്ന് കാണാന്‍ സാധിക്കും. ''പിതാക്കന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു'' എന്ന ഒരു പഴമൊഴി ഇസ്രായേലില്‍ നിലവിലുണ്ടായിരുന്നുവെന്നും അത് ഇനി മുതല്‍ ആവര്‍ത്തിക്കരുതെന്നുമാണു യഥാര്‍ത്ഥത്തില്‍ ബൈബിള്‍ പറയുന്നത്. പിതാക്കന്മാരുടെ പ്രവൃത്തികളുടെ ഫലം മക്കള്‍ അനുഭവിക്കേണ്ടി വരും എന്ന് പഞ്ചഗ്രന്ഥിയില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും (പുറപ്പാട് 20:5, 34:6-7, സംഖ്യ 14:18, നിയമാവര്‍ത്തനം 5:9) അത് മക്കളുടെ അംഗവൈകല്യവുമായൊന്നും കൂട്ടിക്കെട്ടരുതെന്ന് യേശുവും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ''അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.'' (യോഹ 9:1-3). 

മുന്‍തലമുറയിലെ പൂര്‍വ്വീകരുടെ പ്രവൃത്തികളുടെ ഫലം പിന്‍തലമുറ അനുഭവിക്കാറുണ്ടെന്നുള്ളത് സത്യമാണു. അത് നന്മയായാലും തിന്മയായാലും. ജനിച്ചു വീഴുന്ന ഒരു കുഞ്ഞ് അനുഭവിക്കുന്ന സുഖമോ ദുഖമൊ ഒക്കെ അവന്റെ മാതാപിതാക്കളുടെ പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും. അവന്റെ വളര്‍ച്ചയിലും മാതാപിതാക്കളുടെ പ്രവൃത്തികള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷെ ഒരുവന്‍ അന്ധനാകുന്നതൊ വികലാംഗനാകുന്നതൊ ഒന്നും അവന്റെ മാതാപിതാക്കള്‍ പാപം ചെയ്തതുകൊണ്ടല്ല. അങ്ങനെ ബൈബിളൊ ക്രിസ്തുവോ പഠിപ്പിക്കുന്നില്ല. 

Comments

leave a reply