വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിർത്തലാക്കാനുള്ള ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ആവര്‍ത്തിച്ച് വത്തിക്കാന്‍. ഒക്ടോബർ 7ന് നടന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതു സമ്മേളനത്തിനിടെയാണ് യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ-കാസിസ് നിലപാട് ആവര്‍ത്തിച്ചത്. അമേരിക്കയില്‍ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് എന്ന കുറ്റവാളിയെ വധിക്കാനുള്ള ശ്രമം സെപ്റ്റംബർ 30-ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. മാരകമായ മരുന്നുകള്‍ കുത്തിവെച്ചിട്ടും പൈക്ക് അതിജീവിച്ചിരിന്നു.
മനുഷ്യാവകാശ സംരക്ഷണം എന്നത് സ്ഥിരവും സാർവത്രികവും ആയിരിക്കണമെന്നും, അത് എല്ലാ വ്യക്തികൾക്കും, എല്ലാ ഘട്ടങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ബാധകമാകണമെന്നും ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പറഞ്ഞു. മനുഷ്യന്റെ അന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമായതിനാൽ വധശിക്ഷ അംഗീകരിക്കാനാവില്ല. കുറ്റകൃത്യം എത്ര ഗുരുതരമായാലും, ദൈവം നൽകിയ ഈ അന്തസ്സ് ഒരിക്കലും നഷ്ടപ്പെടുന്നില്ല. പശ്ചാത്താപത്തിനും മാനസാന്തരത്തിനുമുള്ള സാധ്യത കണക്കിലാക്കിക്കൊണ്ട് സമൂഹത്തെ ഫലപ്രദമായി സംരക്ഷിക്കാൻ ഭരണകൂടങ്ങളെ പ്രാപ്തമാക്കുന്ന രീതിയിൽ ശിക്ഷാ സംവിധാനങ്ങൾ ഇന്ന് പുരോഗമിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യവും പിന്തുണയും, ഒപ്പം വേഗത്തിലുള്ളതും നിഷ്പക്ഷവും മാനുഷികവുമായ നീതിയും ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, മറ്റൊരു ജീവൻ എടുക്കുന്നതിലൂടെ നഷ്ടപ്പെട്ടത് അത് തിരികെ ലഭിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. നിഷ്കളങ്കനായ ഒരാൾക്ക് വധശിക്ഷ നടപ്പിലാക്കിയാൽ അതിന് പിന്നീട് പരിഹാരമൊന്നുമില്ലെന്ന് എൽ-കാസിസ് ചൂണ്ടിക്കാട്ടി. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു.
ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം അന്നു വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സിസിസി 2267ചൂണ്ടിക്കാട്ടിയിരിന്നത്.
ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തിരിന്നു.










Comments