Foto

അസ്സീസിയുടെ ആത്മാവ്: മതസൗഹാർദ്ദ പ്രാർത്ഥാനദിനത്തിന്റെ നാൽപ്പതാം വാർഷികം

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ മുതൽ ലിയോ പതിനാലാമൻ പാപ്പാ വരെ നീണ്ടു നിൽക്കുന്ന, ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന, അസ്സീസിയുടെ ആത്മാവ്: മതസൗഹാർദ്ദ പ്രാർത്ഥനാദിനത്തിന്റെ നാൽപ്പതാം വാർഷികം  അസ്സീസിയിൽ ആഘോഷിക്കുകയാണ്. മതാന്തര സംവാദത്തിന്റെ ചരിത്രത്തിൽ ആഴത്തിലുള്ള ഒരു മുദ്ര പതിപ്പിച്ചതും, പതിപ്പിക്കുന്നതുമായ സംഗമമാണ് അസ്സീസിയുടെ ആത്മാവ്. ലോകസമാധാനത്തിനും അന്തർമത സംവാദത്തിനുമായി അസ്സീസിയിൽ വെച്ച് ആരംഭിച്ച ഈ ചരിത്ര നിമിഷം, നാല് പാപ്പാമാരുടെ പൈതൃക കാൽവെയ്പുകളിലൂടെയും ദർശനങ്ങളിലൂടെയും വളർന്ന് ഇന്നും ലോകത്തിന് വലിയൊരു പ്രകാശഗോപുരമായി നിലകൊള്ളുന്നു.

ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ, ലോകത്തിലെ വിവിധ മതനേതാക്കൾ ഒന്നിച്ച് അസ്സീസിയിൽ സമ്മേളിക്കുകയും അവരവരുടെ ആചാരപ്രകാരം സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. വ്യത്യസ്ത വിശ്വാസങ്ങൾ കൂട്ടിക്കലർത്താതെ, "ഒന്നിച്ചു പ്രാർത്ഥിക്കുകയല്ല, മറിച്ച് പ്രാർത്ഥിക്കാനായി ഒന്നിക്കുക" എന്ന അദ്വിതീയ തത്വമാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ സംഗമത്തിലൂടെ  മുന്നോട്ടുവെച്ചത്. തുടർന്ന് 2002-ൽ ഭീകരവാദവും അക്രമങ്ങളും ലോകത്തെ പിടിച്ചുകുലുക്കിയപ്പോൾ, ദൈവത്തിന്റെ പേരിൽ നടത്തുന്ന യാതൊരുവിധ അക്രമങ്ങളെയും മതം ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

2011-ൽ അസ്സീസി സംഗമത്തിന്റെ 25-ാം വാർഷികത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ  ഈ പ്രസ്ഥാനത്തെ കൂടുതൽ വിശാലമാക്കി. ദൈവവിശ്വാസമില്ലാത്ത, എന്നാൽ സത്യവും നന്മയും അന്വേഷിക്കുന്ന വ്യക്തികളെക്കൂടി അദ്ദേഹം അസ്സീസിയിലേക്ക് ക്ഷണിച്ചു. "സത്യത്തിന്റെ തീർത്ഥാടകർ" എന്ന് അവരെ വിശേഷിപ്പിച്ച അദ്ദേഹം, മതം അക്രമത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിശ്വാസികൾ സ്വന്തം ജീവിതരീതികളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു.

2016-ൽ ഫ്രാൻസിസ് പാപ്പാ  'അസ്സീസിയുടെ  ആത്മാവി'ന് പുതിയൊരു മാനവിക തലം നൽകി. പ്രാർത്ഥന എന്നത് പരസ്പരം അടുത്തിരുന്നുള്ള സാഹോദര്യത്തിന്റെ പ്രകടനമായിരിക്കണമെന്നും, അത് യുദ്ധത്തിന്റെ ഇരകൾക്കും പാവപ്പെട്ടവർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള ശബ്ദമായി മാറണമെന്നും അദ്ദേഹം ഏവരെയും ഓർമ്മിപ്പിച്ചു. തീവ്രവാദത്തെ മാത്രമല്ല, മറ്റുള്ളവരുടെ ദുരിതങ്ങളോടുള്ള 'ഉദാസീനത'യെയും  കീഴടക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ്വ്യ പാപ്പാ വ്യക്തമാക്കി.

ഇന്ന് 2026-ൽ, ലിയോ പതിനാലാമൻ പാപ്പായും  തന്റെ 'മഞ്ഞീഫിക്ക ഉമാനിത്താസ് 'എന്ന ചാക്രിക ലേഖനത്തിലൂടെയും, മറ്റു  സന്ദേശങ്ങളിലൂടെയും 'അസ്സീസിയുടെ  ആത്മാവിനെ' ആധുനിക വെല്ലുവിളികൾക്കുള്ള ബദലായി നിർദേശിക്കുന്നു. വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്കാരത്തെ ചെറുക്കാൻ എല്ലാ മതങ്ങളും തങ്ങളുടെ യഥാർത്ഥവും പരിശുദ്ധവുമായ ആത്മീയ ഉറവിടങ്ങളിലേക്ക് മടങ്ങണമെന്നും, സാങ്കേതികവിദ്യയുടെയും യുദ്ധങ്ങളുടെയും കാലത്ത് മാനവികതയും സമാധാനവും സംരക്ഷിക്കാൻ കൈകോർക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ  ആഹ്വാനം ചെയ്യുന്നു.

Comments

leave a reply

Related News