വത്തിക്കാൻ സിറ്റി: റഷ്യ ഉയർത്തുന്ന ആക്രമണ സാധ്യതയെ തുടർന്ന് ഉക്രൈനിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ജനുവരി 23ലെ ആഞ്ചലൂസ് പ്രാർത്ഥനയിൽ, ഉക്രൈനിലെ സംഘർഷാവസ്ഥയെ കുറിച്ച് ആശങ്ക അറിയിച്ച പാപ്പ, ജനുവരി 26 ഉക്രൈനുവേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. അതിന് അനുബന്ധമായി പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പ ഇക്കാര്യം വീണ്ടും അഭ്യർത്ഥിച്ചത്.
‘ഉക്രൈനിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. രാജ്യം സാഹോദര്യത്തിന്റെ അരൂപിയിൽ വളരാനും ഭിന്നതകൾ മറികടക്കാനും നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. ഇന്ന് സ്വർഗത്തിലേക്ക് ഉയരുന്ന പ്രാർത്ഥനകൾ ലോക നേതാക്കളുടെ മനസിനെയും ഹൃദയത്തെയും സ്പർശിക്കട്ടെ,’ ഉക്രൈനുവേണ്ടിയുള്ള പ്രാർത്ഥന തുടരാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് പാപ്പ വീണ്ടും അഭ്യർത്ഥിച്ചു.
മേഖലയിലെ സംഘർഷം ലോകയുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധേയമാണ് പാപ്പയുടെ അഭ്യർത്ഥന. ഇനി ഒരിക്കലും യുദ്ധം ഉണ്ടാകരുതെന്ന ഓർമപ്പെടുത്തലോടെയാണ് കഴിഞ്ഞ ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ, ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്. അന്നാട്ടിൽ സാഹോദര്യം തഴച്ചുവളരുന്നതിനും മുറിവുകളും ഭയങ്ങളും ഭിന്നതകളും തരണം ചെയ്യുന്നതിനും ദിവസത്തിൽ പലവുരു പ്രാർത്ഥിക്കണമെന്നായിരുന്നു പാപ്പയുടെ അഭ്യർത്ഥിച്ചു.
പാപ്പായുടെ ക്ഷണം സ്വീകരിച്ച് ഉക്രൈനിലെ സമാധാനത്തിനായി വിവിധ സ്ഥലങ്ങളിൽ പ്രാർത്ഥനകൾ നടക്കുകയും ചെയ്തു. പാപ്പയുടെ പ്രാർത്ഥനാ ആഹ്വാനം ഉക്രൈന് പ്രതീക്ഷയുടെ സമാധാനം നൽകുന്നുവെന്ന് ഉക്രേനിയൻ ഗ്രീക്ക് കാതോലിക്കാസഭാ തലവൻ ആർച്ച്ബിഷപ്പ് സ്വിറ്റോസ്ലാവ് ഷേചക്ക് വ്യക്തമാക്കി. ഉക്രൈനിൽ എപ്പോഴെങ്കിലും ഒരു സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അത് ഉക്രൈനു മാത്രമല്ല, ലോകത്തിനു മുഴുവൻ ഭീഷണിയാകുമെന്ന് പാപ്പയുടെ പ്രാർത്ഥനാ ദിന ആഹ്വാനത്തിൽനിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
2014 ൽ റഷ്യ ഉക്രൈനിലെ ക്രിമിയ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് രാജ്യത്തുണ്ടായ പ്രതിഷേധം റഷ്യൻ അനുകൂല പ്രസിഡന്റിനെ അധികാരത്തിൽനിന്നു നീക്കി. ഉക്രൈന്റെ കിഴക്കൻ അതിർത്തി റഷ്യൻ അനുകൂല വിമതരുടെ കൈയിലാണ്. ഇവിടെയാണ് സംഘർഷം നടക്കുന്നത്. ഉക്രൈനിലേക്ക് കടന്നുകയറ്റം ഉദ്ദ്യേശിക്കുന്നില്ലെന്ന് റഷ്യ പറയുമ്പോഴും, ക്രിമിയയിലും അതിർത്തിയിലും റഷ്യ നടത്തുന്ന സൈനികാഭ്യാസം ഭീഷണിയാണ്.
ആറായിരത്തോളം സൈനികരും 60 യുദ്ധവിമാനങ്ങളുമാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. റഷ്യയുടെ കടന്നു കയറ്റമുണ്ടായാൽ നാറ്റോ സേനയുൾപ്പെടെയുള്ള ശക്തികൾ റഷ്യയ്‌ക്കെതിരെ അണിനിരക്കും, ഇത് മറ്റൊരു മഹായുദ്ധത്തിലേക്കാവും ലോകത്തെ കൊണ്ടെത്തിക്കുക.
Comments