Foto

നിർധനരായ സഹോദരങ്ങൾക്ക് ലിയോ പാപ്പയുടെ നേതൃത്വത്തില്‍ സ്നേഹവിരുന്ന്

റോം രൂപതയുടെ അതിർത്തിക്കുള്ളിൽ, വിവിധ കത്തോലിക്ക സഭാകൂട്ടായ്‍മയുടെ സേവനം സ്വീകരിക്കുന്ന നിർധനരായ സഹോദരങ്ങൾക്കു സ്നേഹ വിരുന്ന് ഒരുക്കുവാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ പതിനൊന്നാം തീയതി പാപ്പയുടെ വേനൽക്കാലവസതിയായ കാസൽ ഗന്ധോൽഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽവെച്ച്, ഇവരോടൊപ്പം ലിയോ പാപ്പ ഉച്ചഭക്ഷണം കഴിക്കും. റോം രൂപതയിലെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇരുനൂറോളം പേര്‍ക്കാണ് വിരുന്ന് ഒരുക്കുന്നത്. വിരുന്നിന് മുന്നോടിയായി വിശുദ്ധ കുർബാന അര്‍പ്പണം നടക്കും.

തുടർന്ന് ബോർഗോ ലൗദാത്തോ സിയിലെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള സന്ദർശനവും പാപ്പ നടത്തും. ഇതേ തുടര്‍ന്നാണ് പാവങ്ങളോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിക്കുക. ദാരിദ്ര്യം അനുഭവിക്കുന്നവർ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഈ വിരുന്നിൽ അതിഥികളായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് അൽബാനോ രൂപതയിലെ പാവപ്പെട്ടവർക്കൊപ്പം പാപ്പ നടത്തിയ വിരുന്ന്, അനേകര്‍ക്ക് വലിയ സന്തോഷം പ്രദാനം ചെയ്തതിൽ നിന്നുമാണ്, ഇത്തരമൊരു വാർഷിക പരിപാടിക്ക് രൂപം നൽകിയതെന്നു വത്തിക്കാന്‍ അറിയിച്ചു.

'സെൻ്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ലൗദാത്തോ സി'യുടെ നേതൃത്വത്തിൽ എല്ലാ വർഷവും വ്യത്യസ്ത രൂപതകളിൽ നിന്നുള്ള നിർധനരായ ആളുകളെ ഉൾപ്പെടുത്തി ഈ സംഗമം സംഘടിപ്പിക്കുന്നുണ്ട്. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സഹോദരങ്ങൾക്ക് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും പരിശുദ്ധ പിതാവുമായി സമയം ചെലവഴിക്കാനും അവസരം നല്‍കുന്നതാണ് പരിപാടി. കാരുണ്യ സേവനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി, ലൗദാത്തോ സി സെൻ്റർ, റോം രൂപത എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഇത്തവണത്തെ പരിപാടി നടക്കുന്നത്.

Comments

leave a reply

Related News