Foto

ജപ്പാനില്‍ ഫുമിയോ കിഷിദ പ്രധാനമന്ത്രി സ്ഥാനത്തേക്ക്

ജപ്പാനില്‍ ഫുമിയോ കിഷിദ
പ്രധാനമന്ത്രി സ്ഥാനത്തേക്ക്


ജനപ്രീതി കുറഞ്ഞതിനാല്‍ യോഷിഹിതെ സുഗ വിട പറയുന്നു


ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിദ, യോഷിഹിതെ സുഗയ്ക്കു പകരം അടുത്ത പ്രധാനമന്ത്രിയാകും.

ആദ്യ റൗണ്ടില്‍ വനിതാ സ്ഥാനാര്‍ഥികളായ സാനേ തകൈച്ചിയെയും സെയ്‌കോ നോഡയെയും  മറികടന്ന കിഷിദ, വാക്‌സിനേഷന്‍ മന്ത്രി ടാരോ കോനോയെയാണ് അവസാന ഘട്ടത്തില്‍  പരാജയപ്പെടുത്തിയത്. പൊതുജനങ്ങളുടെ എതിര്‍പ്പു മറികടന്ന് ടോക്കിയോ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ജനപ്രീതി കുറഞ്ഞപ്പോഴാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അധികാരമേറ്റ യോഷിഹിതെ സുഗ ഒരു വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിയുന്നത്. മഹാമാരി കൈകാര്യം ചെയ്തതില്‍ വന്ന പാളിച്ചയും അദ്ദേഹത്തിനു വിനയായി.

പ്രധാനമന്ത്രിയെന്ന നിലയില്‍ കിഷിദയുടെ മുഖ്യ ദൗത്യം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്‍ഡിപിയെ വിജയത്തിലേക്ക് നയിക്കുക എന്നതാകും.നേതൃസ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഏറ്റവും ജനപ്രിയ സ്ഥാനാര്‍ത്ഥിയായി പരക്കെ പരിഗണിക്കപ്പെട്ടിരുന്ന ടാരോ കോനോയെ പരാജയപ്പെടുത്താനായത് അദ്ദേഹത്തിനു ഗുണകരമാകും. പാര്‍ലമെന്റില്‍ എല്‍ഡിപിക്കു നിലവില്‍ ഭേദപ്പെട്ട ഭൂരിപക്ഷമുണ്ട്.'ആളുകളെ ശരിക്കും ശ്രദ്ധിക്കുന്നതിലാണ് എന്റെ താല്‍പ്പര്യം്,' കിഷിദ തന്റെ വിജയം ഉറപ്പിച്ച ശേഷം പറഞ്ഞു.

മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി നേരിടല്‍ എന്നിവയുള്‍പ്പെടെ നിരവധി കടുത്ത പ്രശ്‌നങ്ങളെയാണ് നിയുക്ത പ്രധാനമന്ത്രി  അഭിമുഖീകരിക്കുന്നത്. കൊറോണയെ നേരിടാന്‍ ഒരു 'ആരോഗ്യ പ്രതിസന്ധി മാനേജ്‌മെന്റ് ഏജന്‍സി' സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഉയ്ഗൂര്‍ ന്യൂനപക്ഷത്തോടുള്ള ചൈനയുടെ പെരുമാറ്റത്തെ അപലപിക്കുന്ന  പ്രമേയം പാസാക്കണമെന്ന പക്ഷക്കാരനുമാണ്.

ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ് 64 -കാരനായ കിഷിദ. അച്ഛനും മുത്തച്ഛനും രാജ്യത്തെ പ്രതിനിധി സഭാംഗങ്ങളായിരുന്നു.
2012 നും 2017 നും ഇടയിലാണ് വിദേശകാര്യ മന്ത്രിയായിരുന്നത്. ഹിരോഷിമ സ്വദേശിയായ അദ്ദേഹം സ്വന്തം പട്ടണം നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ 2016 -ലെ ഹിരോഷിമ സന്ദര്‍ശനം സംഘടിപ്പിച്ചത് അദ്ദേഹമാണ്.

മിതവാദ-ലിബറല്‍ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന കിഷിദുവിനെ വിമര്‍ശകര്‍  മന്ദബുദ്ധിയെന്നും വിരസനെന്നുമാണ് വിശേഷിപ്പിക്കാറ്.അതേസമയം, കോനോയില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന് പാര്‍ട്ടിയിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ പിന്തുണ ഉണ്ടായിരുന്നത്  നിര്‍ണായകമായി. 2.5 ദശലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സിന് വ്യക്തമായ മറുപടികള്‍ നല്‍കുന്നതിലൂടെ ശ്രദ്ധേയനായ മന്ത്രി ടാരോ കോണോയെയാണ് ജാപ്പനീസ് വോട്ടര്‍മാര്‍ മുന്‍നിരക്കാരനായി കണ്ടിരുന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുന്നതിന് കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുമെന്ന് കിഷിദ വാഗ്ദാനം ചെയ്തിരുന്നു.മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സാമ്പത്തിക നയത്തെ  തുറന്നു വിമര്‍ശിച്ചിരുന്നയാളുമാണ് അദ്ദേഹം, സമ്പന്നര്‍ മാത്രമാണ് സമ്പന്നരാകുന്നതെന്ന നിരീക്ഷണവുമായി. യുഎസും ചൈനയുമായുള്ള ബന്ധം സന്തുലിതമാക്കാന്‍ അദ്ദേഹം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ വിലയിരുത്തുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ബാബു കദളിക്കാട്

 

Video Courtesy: BBC

Foto

Comments

leave a reply