ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളിലുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘം കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച ഒരുക്കിയത്. ന്യൂനപക്ഷാവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ക്രൈസ്തവ സഭകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിതനാക്കണമെന്ന ആവശ്യവും സഭാ മേലധ്യക്ഷന്മാര്‍ ഉന്നയിക്കും. ഫാ. സ്റ്റാന്‍ സ്വാമിയുടെമേല്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണ്. എണ്‍പത്തിമൂന്നുകാരനായ വൈദികനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതു പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നുമാണ് സഭകളുടെ ആവശ്യം. ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള അപേക്ഷയും മെത്രാന്‍മാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.
Comments