ന്യൂ ദില്ലി : ഇന്ത്യയിലെ കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരായ മൂന്നു കർദ്ദിനാൾമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സി.ബി.സി.ഐ പ്രസിഡൻറും ലത്തീൻ സഭയുടെ തലവനുമായ കർദ്ദിനാൾ ഡോ.ഓസ്വാൾഡ് ഗ്രേഷ്യസ്, കെ.സി.ബി.സി പ്രസിഡൻറും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായകർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ അധ്യക്ഷനും മേജർ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ഇന്നു രാവിലെ 11ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും ഉന്നയിച്ച വിവിധ വിഷയങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഭാ അധ്യക്ഷന്മാർ പ്രതികരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 152 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രിസഭയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. ഭീമ കൊറേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം ഉൾപ്പടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഫാ. സ്റ്റാൻ സ്വാമിയുടെ മേൽ ആരോപിക്കുന്ന കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരിൽ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുന്നു. 83 കാരനായ വൈദികൻ്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കർദ്ദിനാൾ മാർ ആവശ്യപ്പെട്ടു.
സർക്കാരിൻ്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ രേഖാമൂലം ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും പ്രധാന മന്ത്രി ഉറപ്പുനൽകിയതായും കർദ്ദിനാൾമാർ പറഞ്ഞു. ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിൽ പ്രധാനമന്ത്രി അനുകൂല നിലപാടാണ് പങ്കുവെച്ചെതെന്നും അവർ കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കി.
രാവിലെ ഒമ്പതരയോടെ മിസോറാം ഹൗസിൽ എത്തിയ ശേഷമാണ് സഭാ അദ്ധ്യക്ഷന്മാർ പ്രധാനമന്ത്രിയെ കാണാനായി പുറപ്പെട്ടത്. ചർച്ചക്കായ് കർദ്ദിനാളന്മാർ തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിൽ എത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങൾ ലഭ്യമാകുന്നതിലെ വിവേചനങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും സഭാതലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സാമ്പത്തിക സംവരണവും ന്യൂനപക്ഷ സ്കോളർ ക്ഷിപ്പുകളും സ്വാഗതാർഹമെങ്കിലും ഇതിൻ്റെ ആനുകൂല്യങ്ങൾ അർഹരായ ക്രൈസ്തവർക്ക് കിട്ടാതെ പോകുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും രാജ്യത്തെ ഭരണ ഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കത്തോലിക്കാ സഭാതലവന്മാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും കർദ്ദിനാൾമാരും ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ.
1. സ്റ്റാൻ സ്വാമിയുടെ മോചനത്തെ സംബന്ധിച്ച് .
2. കാരിത്താസ് മുഖേന കോവിഡ് കാലത്തു നടത്തിയ സേവനങ്ങളെ സംബന്ധിച്ച് .
3. പുതിയ വിദ്യാഭ്യാസ നയത്തിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനെ സംബന്ധിച്ച് .
4. സാമ്പത്തിക സംവരണത്തിലും ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും കൃത്യമായ പ്രാധിനിത്യം ലഭിക്കുന്നതിനെ സംബന്ധിച്ച്.
5. മതങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിർത്തുന്നതിനെ സംബന്ധിച്ച് .
7. കേരളത്തിലെ കർഷകരുടെ ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പ്രത്യേകിച്ച്. കസ്തൂരി രംഗൻ കമ്മീഷൻ റിപ്പോർട്ടിനെയും, ഉപദ്രവകാരികളായ ചില കാട്ടുമൃഗങ്ങളെ കൊല്ലുന്നതിനു കർഷകർക്ക് അനുവാദം കൊടുക്കുന്നതിനെയും സംബന്ധിച്ച്.
8. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച്.
9. ക്രിസ്ത്യാനികളിൽ ദളിതരുടെ സാമൂഹ്യ ഉന്നമനത്തിനു ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതിന് സംബന്ധിച്ച്.
ജാതി-മത ഘടകങ്ങൾക്ക് ഉപരിയായി സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനെ സംബന്ധിച്ച്.
Comments