Foto

കെ.സി.ബി.സി വയനാട്, വിലങ്ങാട് സുസ്ഥിര പുനരധിവാസപദ്ധതി- ലോഗോ പ്രകാശനം ചെയ്തു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി  കേരള കത്തോലിക്കാ മെത്രാൻ സമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ച് നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി - 'വേവ്‌സ്' (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആന്റ് സപ്പോർട്ട്‌സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു.  കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, അഡ്വ. വി.ബി. ബിനു എന്നിവർ സംബന്ധിച്ചു. സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരള സോഷ്യൽ സർവ്വീസ് ഫോറം കല്പറ്റ ആസ്ഥാനമായി ഓഫീസ് തുറന്ന് പ്രവർത്തിച്ചു വരികയാണ്.  ഏജൻസികളായ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവ്വീസസ് എന്നിവയുടെ കൂടി പങ്കാളിത്തത്തോടെ പുനരധിവാസ മേഖലയിലെ സാമൂഹ്യ പ്രവർത്തന സംഘടനകളായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, ശ്രേയസ്സ്, ജീവന, മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി, സെന്റർ ഫോർ ഓവറോൾ ഡെവലപ്‌മെന്റ് എന്നിവയിലൂടെയാണ് കത്തോലിക്കാ സഭ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യൽ സർവ്വീസ് ഫോറം വേവ്‌സ് പദ്ധതി നടപ്പിലാക്കുന്നത്. നൂറ് പുതിയ ഭവനങ്ങളുടെ നിർമ്മാണം, ഗൃഹോപകരണങ്ങൾ നല്കൽ, ജീവനോപാധി പ്രദാനം ചെയ്യൽ, ഇതര സമാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പുനധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സഭ പ്രധാനമായും നടപ്പിലാക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

ഫോട്ടോ  : കെ.സി.ബി.സിയുടെ വയനാട് വിലങ്ങാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ലോഗോ റവന്യൂവകുപ്പുമന്ത്രി കെ.രാജൻ പ്രകാശനം ചെയ്യുന്നു. ഫാ. റൊമാൻസ് ആന്റണി, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അഡ്വ. വി.ബി. ബിനു, ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ സമീപം.

Comments

leave a reply

Related News