ജോഷി ജോർജ്
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയിൽ, അമേരിക്കയുടെ അന്നത്തെ പ്രസിഡണ്ട് ട്രംപ് അടക്കമുള്ള ലോകനേതാക്കൾക്ക് മുന്നിൽ വെച്ച് നടത്തിയ പ്രസംഗത്തിലൂടെയാണ് ഗ്രെറ്റ തൻവെർഗ് ലോകശ്രദ്ധയാകർഷിച്ചത്. മുതലാളിത്ത രാജ്യങ്ങളിലെ ഭരണാധികാരികളോട് 'ഹൗ ഡെയർ യൂ' എന്ന് ഉറച്ച ശബ്ദത്തിൽ ഗ്രെറ്റ അന്ന് മൈക്കിലൂടെ ചോദിച്ചത് ആഗോളതലത്തിൽ മുഴക്കം സൃഷ്ടിച്ചു.
അന്നത്തെ ഗ്രെറ്റയുടെ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്;
അർത്ഥശൂന്യമായ വാക്കുകളിലൂടെ നിങ്ങൾ എന്റെ സ്വപ്നവും ബാല്യവും കവർന്നു. മനുഷ്യർ പൊറുതിമുട്ടുകയാണ്, മനുഷ്യർ മരിക്കുകയാണ്, മുഴുവൻ ആവാസവ്യവസ്ഥകളും തകരുകയാണ്, വംശനാശത്തിന്റെ വക്കിലാണ് നമ്മൾ, എന്നിട്ടും നിങ്ങൾ സംസാരിക്കുന്നതത്രയും പണത്തെയും സാമ്പത്തിക വളർച്ചയെയും കുറിച്ച്. എങ്ങിനെ ധൈര്യം വന്നു നിങ്ങൾക്ക്?
ലോകത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യത്തിൽ ഒരു പെൺകുട്ടിയുടെ ഒറ്റയാൾ പോരാട്ടം വിവിധ രാജ്യങ്ങളിലായി പടർന്ന് പിടിക്കുകയും വലിയ ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തു.
കേവലം 18 വയസ്സുമാത്രമുള്ള സ്വീഡിഷുകാരിയാണ് ഗ്രെറ്റ തൻബർഗ് . മുഴുവൻ പേര് ഗ്രെറ്റ ടിൻടിൻ എലനോറ എൺമാൻ തൻബർഗ്. സ്വാന്റെ തൻബെർഗ് -മലേന എൺമാൻ ദമ്പതികൾക്ക് ജനിച്ച മൂത്ത കുട്ടി. ഫ്ളോറിഡയിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈ സ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ മാർച്ച് ഓഫ് അവർ ലൈഫ്സ് (March for Our Lives) എന്ന പ്രകടനം ആയിരുന്നു ഗ്രെറ്റയുടെ പ്രചോദനം. ഗ്രെറ്റക്ക് ഡോക്ടറുമാർ ആസ്പെർഗ്ഗേർസ് സിൻഡ്രോമും സ്ലെക്റ്റീവ് മ്യുട്ടിസവും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അതൊന്നും ഗ്രെറ്റയെ തളർത്തിയില്ല 2018-ൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗ്രെറ്റ തന്റെ സ്‌കൂളിൽ ഒരു സമരം തുടങ്ങി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് മുതിർന്നവർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് അന്ന് തുടങ്ങിയ സമരം അവസാനിച്ചത് സ്വീഡിഷ് പാർലമെന്റിന് മുന്നിൽ ആണ്. ഇപ്പോൾ ആ സമരം ലോകമെമ്പാടും പടരുകയാണ്. ആളുകളോട് തൊട്ടടുത്തുള്ള ടൗൺ ഹാളിനു മുന്നിൽ എല്ലാ വെള്ളിയാഴ്ചയും സമരം ചെയ്യാൻ ആഹ്വാനം ചെയ്തതിനുതിനു ശേഷം അത് ഇപ്പോൾ അറിയപ്പെടുന്നത് ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ (Fridays For Future) മൂവ്മെന്റ് എന്നാണ്.
2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ഇതിനെതിരെ പ്രതികരിക്കാനായി തൻബെർഗ് തെരഞ്ഞെടുത്ത വഴി സ്‌കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്‌കൂൾ സമരം' എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തു. പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു ഗ്രെറ്റയുടെ പ്രധാന ആവശ്യം.
സമരം പെട്ടെന്നുതന്നെ ലോകമാസകലമുള്ള വിദ്യാർഥികൾ ഏറ്റെടുത്തു. ന്യൂയോർക്ക് മുതൽ കൊച്ചിവരെയുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾ പരിസ്ഥിതിക്കുവേണ്ടി തെരുവിലിറങ്ങി.
2019ൽ ടൈം പഴ്സൻ ഓഫ് ദി ഇയർ ആയി തിരഞ്ഞടുക്കപ്പെട്ടു. 92 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ. അതേ വർഷം തന്നെ അംനസ്റ്റി പുരസ്‌ക്കാരവും നേടി.
ഗ്രെറ്റ തൻബർഗിന്റെ ശ്രദ്ധേയമായോരു പ്രസംഗം.
എന്റെ പേര് ഗ്രെറ്റ തൻബർഗ് . എനിക്ക് 16 വയസായി. എന്റെ സ്വദേശം സ്വീഡൻ ആണ്. ഞാൻ ഇവിടെ സംസാരിക്കാൻ വന്നത് ഭാവി തലമുറയുടെ പ്രതിനിധിയായിട്ടാണ്. എനിക്ക് അറിയാം നിങ്ങളിൽ പലർക്കും ഞങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കേണ്ട എന്ന്. നിങ്ങൾ പറയും, ഇവരൊക്കെ വെറും കുട്ടികൾ അല്ലെ എന്ന്. ഞങ്ങൾ യുണൈറ്റഡ് ക്ലൈമറ്റ് സയൻസ് എന്ത് പറയുന്നോ, അത് ആവർത്തിക്കുന്നു എന്ന് മാത്രം.
നിങ്ങളിൽ പലർക്കും വല്ലാത്ത വേവലാതിയാണ് ഞങ്ങളുടെ പാഴായി പോകുന്ന പഠനസമയത്തെ പറ്റി, പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പു തരാം, ശാസ്ത്രം പറയുന്നതിന് അനുസരിച്ച്, എന്ന് ഞങ്ങളുടെ ഭാവി സുരക്ഷിതം ആകുന്നോ, അന്ന് ഞങ്ങൾ സ്‌കൂളുകളിലേക്ക് തിരികെ കയറും. ഞങ്ങൾ അത്രയല്ലേ ആവശ്യപ്പെടുന്നുള്ളു? അത് കൂടുതലാണോ?
വർഷം 2030 ആകുമ്പോഴേക്കും എനിക്ക് 26 വയസാകും. എന്റെ അനുജത്തി ബേറ്റയ്ക്ക് 23 ഉം . നിങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും പോലെ. എന്റെ അടുത്ത് ആളുകൾ പറയാറുണ്ട് അതൊരു നല്ല പ്രായം ആണ് എന്ന്. ജീവിച്ചു തീർക്കാൻ ഒരു ജീവിതം മൊത്തം മുന്നോട്ടു കിടക്കുന്ന കാലം. പക്ഷെ ഇപ്പോൾ എനിക്ക് അതൊരു നല്ല കാലമാകും എന്ന് വലിയ പ്രതീക്ഷയില്ല.
വലിയ സ്വപ്നങ്ങൾ കാണണം എന്ന പ്രചോദനം കിട്ടുന്ന നല്ല കാലത്താണ് എനിക്ക് ജനിക്കാൻ ഭാഗ്യം ഉണ്ടായത്; എനിക്ക് ജീവിതത്തിൽ ഏതു വഴിയും തിരഞ്ഞെടുക്കാം, ഇഷ്ടമുള്ളടത്തു താമസിക്കാം. എന്നെ പോലുള്ള ഒരു വ്യക്തിക്ക് വേണ്ട എല്ലാ കാര്യങ്ങളും, അതിൽ കൂടുതലും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ മുത്തശ്ശനും മുത്തശ്ശിക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത കാര്യങ്ങൾ. എന്തൊക്കെ ആഗ്രഹിച്ചോ അതൊക്കെ കിട്ടി പക്ഷേ, ഇനി നമ്മുടെ കയ്യിൽ എന്തെങ്കിലും കാണുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു നല്ല ഭാവി പോലും ഉണ്ടാകും എന്ന് തോന്നുന്നില്ല.
കാരണം കുറച്ചാളുകൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാശിന് വേണ്ടി ഞങ്ങളുടെ ഭാവിയെ വിറ്റു. എപ്പോഴൊക്കെ മാനം മുട്ടെ സ്വപ്നങ്ങൾ കാണാനും ജീവിതം ഒരിക്കലേ കിട്ടു അത് ആസ്വദിച്ചു ജീവിക്കാനും ഉപദേശിച്ചോ അപ്പോഴൊക്കെ ഞങ്ങളിൽ നിന്ന് നിങ്ങൾ ആ ഭാവി തട്ടിപ്പറിച്ചു.
നിങ്ങൾ ഞങ്ങളോട് കള്ളം പറഞ്ഞു. വ്യർത്ഥമായ പ്രതീക്ഷകൾ തന്നു. ഞങ്ങൾക്ക് ഒരു നല്ല ഭാവി ഉണ്ടെന്നു പറഞ്ഞു. വിഷമിപ്പിക്കുന്ന ഒരു കാര്യം, പല കുട്ടികൾക്കും അവരുടെ ഭാവി എന്തായിരിക്കും എന്ന് അറിയില്ല എന്നുള്ളതാണ്. അവർ കാര്യങ്ങൾ മനസിലാക്കി വരുമ്പോഴേക്കും ഒരുപാട് വൈകും. ആ കൂട്ടത്തിൽ ഭാഗ്യം കിട്ടിയവർ ഞങ്ങൾ ആണ്, കാരണം ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കാൻ ഇരിക്കുന്നവർ ഇപ്പോഴേ അതൊക്കെ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ ശബ്ദം ആരും കേൾക്കുന്നില്ല.
വർഷം ഏതാണ്ട് 2030 ആകുമ്പോഴേക്കും, അതായത് ഇനി 10 വർഷവും 252 ദിവസങ്ങളും 10 മണിക്കൂറും കഴിയുമ്പോൾ നമ്മൾ ഒരു പ്രക്രിയക്ക് തിരികൊളുത്തും, ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത വിധം നമ്മുടെ സിവിലൈസേഷനെ നശിപ്പിക്കാൻ പാകത്തിനുള്ള ഒന്നിന്. അങ്ങനെ സംഭവിക്കാതെ ഇരിക്കണമെങ്കിൽ നമ്മൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ തോത് 50 ശതമാത്തോളം കുറക്കാൻ സാധിക്കണം അതിനോടൊപ്പം ഈ സമൂഹം ഇനി തെറ്റായ രീതികളിലേക്ക് തിരിച്ചു പോകാതെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടു ജീവിക്കണം.
ഒരു കാര്യം മറക്കരുത്. ഈ കണക്കുകൾ ഭാവിയിൽ നമ്മളെ അന്തരീക്ഷത്തിൽ നിന്ന് വലിയ തോതിൽ കാർബൺ ഡയോക്സൈഡ് ഒഴിവാകാൻ സഹായിക്കാൻ പോകുന്ന കണ്ടുപിടുത്തങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതൊന്നും ഇത് വരെ യാഥാർഥ്യം ആയിട്ടില്ല.
ഇതിന്റെ ഇടയ്ക്കു കൈവരിച്ച പുരോഗതിയെ ബാധിക്കുന്ന തിരിച്ചടികൾ പ്രകൃതിയിൽ നിന്ന് നമ്മൾ നേരിട്ടേക്കാം. ആർട്ടിക് പെർമാഫ്രോസ്റ്റിൽ നിന്ന് വലിയ തോതിൽ ഉയർന്നേക്കാവുന്ന മീഥേൻ ഗ്യാസ് എല്ലാം പുരോഗതിയുടെ വേഗം കുറച്ചേക്കാം.
ഈ കണക്കുകളിൽ ഇപ്പോൾ ഭൂമിയിലെ വിഷവാതകങ്ങൾ കൂട്ടുന്ന ചൂടിന്റെ അളവ് ഒന്നും പെടില്ല. പാരീസ് എഗ്രിമെന്റ് വഴി നമ്മൾ കൊണ്ടു വരാൻ ശ്രമിക്കുന്ന ഇക്വിറ്റിയും, ക്ലൈമറ്റ് ജസ്റ്റിസും ഒന്നും പെടില്ല.
പക്ഷെ ഈ കണക്കുക്കൾക്കു പിന്നിൽ ഐ പി സിസിയിൽ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച ശാസ്ത്ര സത്യങ്ങൾ ഉണ്ട്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലെയും പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളും ഐ പി സിസി മുന്നോട്ടു വെക്കുന്ന കണ്ടെത്തലുകൾ അംഗീകരിക്കുന്നുണ്ട്. ഒരു കാര്യം കൂടെ വിട്ടു പോകരുത്. ഇത് വെറും കണക്കുകൾ ആണ്. കണക്കുകൂട്ടൽ വെച്ചുള്ള സംഖ്യകൾ. അതിന്റെ അർഥം ഈ തിരിച്ചു വരാൻ പറ്റാത്ത കടമ്പകൾ 2030 മുമ്പോ ശേഷമോ ആയിരിക്കാം വരുന്നത്. കൃത്യമായി ആർക്കും പ്രവചിക്കാൻ പറ്റില്ല. പക്ഷെ, ഈ കാലയളവിൽ അത് സംഭവിക്കും എന്നുള്ളത് ഉറപ്പാണ്. കാരണം ഇത് കറക്കിക്കുത്തലോ ഊഹാപോഹങ്ങളോ അല്ല.
നിങ്ങൾ വിറ്റത് ഞങ്ങളുടെ ഭാവിയാണ്
കഴിഞ്ഞ ആറ് മാസമായി ഞാൻ മണിക്കൂറുകൾ ചെലവഴിച്ച് യൂറോപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിലും, ബസിലും, ഇലക്ട്രിക്ക് കാറിലും സഞ്ചരിച്ച് ഈ സന്ദേശം ഉച്ചത്തിൽ പറയാൻ ശ്രമിക്കുന്നു. പക്ഷെ ആരും പിന്നെ അതേപ്പറ്റി സംസാരിച്ചു കണ്ടില്ല. ഒരു മാറ്റവും കണ്ടില്ല. ഈ സമയം കൊണ്ട് കാർബൺ പുറന്തള്ളലിന്റെ തോത് വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു.
പല രാജ്യങ്ങളിലും സംസാരിക്കാൻ വേണ്ടി സന്ദർശിക്കുമ്പോൾ ഓരോ രാജ്യങ്ങളുടെയും പ്രത്യേകമുള്ള ക്ലൈമറ്റ് പോളിസികളെ പറ്റി മനസിലാകാൻ ഒരുപാട് പേര് സഹായം വാഗ്ദാനം ചെയ്യാറുണ്ട്. പക്ഷെ അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം മൂലകാരണം എല്ലായിടത്തും ഒന്ന് തന്നെ ആണ്. ഒരിടത്തും ആവാസവ്യവസ്ഥയെയും അന്തരീക്ഷത്തെയും സംരക്ഷിക്കാൻ ഉള്ള നടപടികൾ ആരും എടുക്കുന്നില്ല. കുറെ സുന്ദരമായ വാഗ്ദാനങ്ങളും വാചകങ്ങളും പറയുന്നതല്ലാതെ.
കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ഒരു പ്രധാന തെറ്റിധാരണ നമ്മൾ പുറന്തള്ളുന്ന തോത് കുറച്ചാൽ മാത്രം മതിയാകും എന്നതാണ്. അത് മാത്രം ചെയ്താൽ പോരാ. ചൂട് വർധിക്കുന്നത് 1.5 - 2 ഡിഗ്രിയിൽ താഴ്ന്ന് നിൽക്കണമെങ്കിൽ പുറന്തള്ളൽ നിർത്തേണ്ടി വരും. കുറച്ചുകൊണ്ട് വരണം എന്നത് വാസ്തവമാണ് പക്ഷെ ഒരു ദശാബ്ദം കൊണ്ട് നിർത്തേണ്ട ഒരു പ്രവൃത്തിയുടെ ആദ്യ പടി മാത്രമാണത്. അത്.നിർത്തണം എന്ന് പറയുമ്പോൾ പൂജ്യവും കടന്നു നെഗറ്റീവിലേയ്ക്ക് കടക്കണം . പക്ഷേ, അത് നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ വ്യവസ്ഥകളെ അത് ഇല്ലാതാക്കും. ഉത്തരവാദിത്വം ഇല്ലാത്ത പെരുമാറ്റം മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി അറിയപ്പെടും.
ആളുകൾ എന്നോടും സമരത്തിനായി ഇറങ്ങി തിരിച്ച മറ്റു സ്‌കൂൾ കുട്ടികളോടും പറയാറുണ്ട് ഞങ്ങൾ നേടിയ കാര്യങ്ങളെ ഓർത്തു അഭിമാനിക്കണം എന്ന്. പക്ഷെ നമ്മൾ ശ്രദ്ധിക്കണ്ടത് പുറന്തള്ളൽ തോതിന്റെ ഉയരുന്ന കണക്കുകൾ ആണ്. ക്ഷമിക്കണം, പക്ഷെ അത് ഇപ്പോഴും ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. ആ കണക്കുകളിൽ മാത്രം മതി നമ്മുടെ ശ്രദ്ധ.
ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും നമ്മൾ ആലോചിക്കണം അത് ആ കണക്കുകളെ എങ്ങനെ ബാധിക്കും എന്ന്. നമ്മുടെ സമ്പത്തും വിജയവും സാമ്പത്തിക വളർച്ചയുടെ കണക്കിൽ അല്ല, ഉണ്ടാകുന്ന ഗ്രീൻ ഹൗസ് ഗ്യാസുകളുടെ നിരക്കിൽ വേണം. നിർണയിക്കാൻ. നമ്മുടെ പുതിയ സാമ്പത്തിക ഘടനയുടെ നട്ടെല്ല് നമുക്ക് ഒരു കാര്യം നടത്തിയെടുക്കാൻ കാശുണ്ടോ എന്ന് നോക്കൽ അല്ല, അതിനു വേണ്ടി ചിലവാക്കാൻ ഉള്ള കാർബൺ ബജറ്റ് ഉണ്ടോ എന്ന് വേണം.
ആളുകൾ പറയുന്നു കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഉള്ള മാര്ഗങ്ങൾ ഒന്നും ഇല്ല എന്ന്. ശരിയാണ്. അതെങ്ങനെ ഉണ്ടാവാനാ? മനുഷ്യരാശി കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാനാ? എങ്ങനെ യുദ്ധങ്ങൾ അവസാനിപ്പിക്കും? എങ്ങിനെ ചന്ദ്രനിൽ പോകും? എങ്ങനെ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തും?
നിങ്ങൾ വിറ്റത് ഞങ്ങളുടെ ഭാവിയാണ്
കാലാവസ്ഥാ വ്യതിയാനം നമ്മൾ കണ്ടതിൽ വെച്ച് പരിഹരിക്കാൻ ഏറ്റവും എളുപ്പവും ഏറ്റവും പ്രയാസകരവുമായുള്ള പ്രശ്നം ആണ്. നമുക്ക് അറിയാം എന്ത് ചെയ്താൽ ഇതിനൊരു പരിഹാരമാകുമെന്ന്. ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നത് നിർത്തുക, അത്രയേ ഉള്ളു. നമ്മുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥ ഫോസിൽ ഫ്യുവൽ ഇൻഡസ്ട്രിയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. വാതകങ്ങൾ കത്തിച്ചു പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാണ് നമ്മൾ പുരോഗതി നേടാൻ നോക്കുന്നത്.
അത് എങ്ങനെ പരിഹരിക്കും എന്ന് നിങ്ങൾ ഞങ്ങൾ സ്‌കൂൾ കുട്ടികളോട് ചോദിക്കുന്നു. .
ഞങ്ങൾ പറയുന്നു, അത് ആർക്കും കൃത്യമായി അറിയില്ല, പക്ഷെ ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നത് നിർത്തി പ്രകൃതിയെ വീണ്ടെടുക്കണം.
അപ്പോൾ നിങ്ങൾ പറയും അത് ഒരു ഉത്തരം അല്ല എന്ന്.
അപ്പോൾ ഞങ്ങൾ പറയും മുന്നിൽ പ്രശ്ന പരിഹാരങ്ങൾ ഒന്നും ഉടനെ ഇല്ലെങ്കിലും ഈ പ്രശ്നത്തെ ഒരു പ്രശ്നം ആയി തന്നെ ആദ്യം അംഗീകരിക്കാൻ തയ്യാറായി പ്രവർത്തിക്കാൻ തയ്യാറാകണം എന്ന്.
ഏയ് അപ്പോഴും അത് ഒരു നല്ല ഉത്തരം അല്ല എന്ന് നിങ്ങൾ പറയും.
അപ്പോൾ,ഏറ്റവും കുറഞ്ഞ രീതിയിൽ വേസ്റ്റ് ഉൽപ്പാദിപ്പിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിലേക്ക് മാറണം എന്നും പ്രകൃതിയെ പുനരുജ്ജീവിപ്പിക്കണം എന്നും എത്രയും പെട്ടന്ന് ഈ മാറ്റങ്ങൾ കൊണ്ട് വരണം എന്നും ഞങ്ങൾ പറയും.
അപ്പോൾ ഞങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസിലാകില്ല.
ഇതിനുള്ള പരിഹാരങ്ങൾ കണ്ടുപിടിച്ചിട്ടില്ലെന്നും, ശാസ്ത്രവുമായി ചേർന്നു പ്രവർത്തിച്ചു ഇതിനുള്ള പരിഹാരങ്ങൾ നമുക്ക് ഒരുമിച്ചു കണ്ടെത്താം എന്നും ഞങ്ങൾ പറയും. കാരണം ഈ പരിഹാരങ്ങൾ നിങ്ങൾക്ക് മനസിലാക്കാൻ പറ്റാത്ത പ്രശ്നങ്ങൾക്ക് വേണ്ടിയുള്ളതാണ്. അല്ലെങ്കിൽ മനസ്സിലാക്കുന്നില്ല എന്ന് ഭാവിക്കുന്നതിന്റെ.
നിങ്ങൾക്ക് ശാസ്ത്രം പറയുന്നത് കേൾക്കാൻ താൽപ്പര്യമില്ല കാരണം നിങ്ങൾ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു അത് തുടർന്നുകൊണ്ട് പോകാൻ സഹായിക്കുന്ന പരിഹാരങ്ങൾ മതി നിങ്ങൾക്ക്. ഇനി അങ്ങനെ ഒരു പരിഹാരം ഉയർന്നു വരാൻ പോകുന്നില്ല, കാരണം നിങ്ങൾ വേണ്ട സമയത്ത് അതിനായി പ്രവർത്തിച്ചില്ല.
കാലാവസ്ഥാ സന്തുലനത്തിന് മഹത്തായ ചിന്തകൾ ആവശ്യമാണ്. മേൽക്കൂര എങ്ങനെ പണിയണം എന്ന് അറിയില്ലെങ്കിലും അതിനായി അടിത്തറ ഇട്ടേ പറ്റൂ.
ഒരു വഴി കണ്ടെത്തിയേ തീരു. നമ്മൾ എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചിറങ്ങിയാൽ നമുക്ക് എന്തും സാധിക്കാം. എനിക്ക് ഉറപ്പാണ് നമ്മൾ കാലാവസ്ഥയുടെ വിഷയത്തിൽ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രവർത്തിച്ചാൽ നമുക്ക് ഈ വ്യതിയാനം പരിഹരിക്കാൻ കഴിയുമെന്ന്. മനുഷ്യന് ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയും. നമ്മളെ കൊണ്ട് ഇത് നേരെ ആകാൻ പറ്റും. പക്ഷെ അതിനുള്ള അവസരങ്ങൾ നമ്മൾക്കിനി കിട്ടില്ല. നമ്മൾ ഇന്നുമുതൽ അതിനായി പ്രവർത്തിക്കണം. നമുക്ക് ഇനി ഒഴികഴിവ് പറയാൻ പറ്റില്ല.
നിങ്ങൾ സൃഷ്ടിച്ചെടുത്ത ഒരു സമൂഹ ചിന്താഗതിക്ക് ഉതകുന്ന രീതിയിൽ ഉള്ള ദുർബലമായ പരിഹാര നിർദേശങ്ങൾക്ക് വേണ്ടിയല്ല ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ പഠനസമയവും കുട്ടിക്കാലവും ത്യജിക്കാൻ തയ്യാറാകുന്നത്. ഞങ്ങൾ തെരുവിലേക്കിറങ്ങിയത് നിങ്ങൾക്ക് ഞങ്ങളുടെ കൂടെ നിന്ന് സെൽഫി എടുക്കാനും ഞങ്ങളുടെ പ്രവർത്തനത്തെ പുകഴ്ത്തുന്നത് കേൾക്കാനും അല്ല.
നിങ്ങൾ മുതിർന്നവരെ ഉണർത്താനാണ് ഞങ്ങളുടെ ശ്രമം. നിങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റി വെച്ച് ഒരു പ്രശ്നപരിഹാരത്തിനായി നിങ്ങൾ ഒത്തുചേരാൻ വേണ്ടിയാണ് ഞങ്ങൾ കുട്ടികൾ ഇതിനെല്ലാം ഇറങ്ങിത്തിരിക്കുന്നത്. ഞങ്ങൾ തെരുവിൽ ഇറങ്ങുന്നത് ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തിരികെ നേടിയെടുക്കുവാൻ വേണ്ടിയാണെന്നോർക്കണം. എല്ലാവർക്കും നന്ദി.
കാർബൺ പുറന്തള്ളൽ കുറച്ചുകൊണ്ടുള്ള ജീവിതം ആണ് ഗ്രെറ്റയുടേത്. സഞ്ചരിക്കാൻ വിമാനത്തെ ആശ്രയിക്കാത്ത ഗ്രെറ്റയുടെ പ്രസംഗങ്ങൾ 'നോ വൺ ഈസ് ടൂ സ്മാൾ ടു മെയ്ക്ക് എ ഡിഫറൻസ്' (No One Is Too Small to Make a Difference) എന്ന പേരിൽ പെൻഗ്വൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments