കാതോർക്കൂ: പ്രപഞ്ചവും ദരിദ്രരും നിലവിളിക്കുന്നു- പാപ്പ
വത്തിക്കാൻ സിറ്റി : കോവിഡ് മഹാമാരി മൂലം പ്രപഞ്ചവും ദരിദ്രരും നിലവിളിക്കുന്നു. ഈ നിലവിളിക്കു മുന്നിൽ ബധിരരായി കഴിയാൻ നമുക്ക് കഴിയില്ല -ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ സംഘത്തെ അഭിസംബോധന ചെയ്യവേ പാപ്പ പറഞ്ഞു. പൊതു ആരോഗ്യം ആഗോള കാഴ്ചപ്പാടിൽ എന്നതാണ് ഇത്തവണത്തെ അസംബ്ലിയുടെ വിഷയം.
ആരോഗ്യരംഗത്തും ജീവിത സാഹചര്യങ്ങളിലുമുള്ള അസമത്വം ഏറെ ഗുരുതരമാണ്. എല്ലാവർക്കും പ്രത്യേകിച്ചും പാവപ്പെട്ടവർക്ക് ഭക്ഷണവും ആരോഗ്യ സുരക്ഷയും പ്രദാനം ചെയ്യണം. എല്ലാവർക്കും ശോഭനമായ ഭാവി എന്ന ചിന്താപാതയിൽ നമുക്ക് സംഭവിച്ചതെന്തെന്ന് ആഴത്തിൽ ശാന്തമായി അപഗ്രഥിക്കാൻ നാം സന്നദ്ധരാകണം.
മാനവ കുടുംബവും പൊതുഭവനവുമെന്ന രീതിയിൽ നാം എത്രത്തോളം പരസ്പരാശ്രയത്വത്തിൽ കഴിയണമെന്ന് കോവിഡ് മഹാമാരി നമ്മെ അനുസ്മരിപ്പിച്ചു കഴിഞ്ഞു. ഇതാകട്ടെ നമ്മുടെ സാമൂഹിക സ്‌നേഹ ശൃംഖല ഒന്നുകൂടി ബലപ്പെടുത്താൻ നമ്മെ ആഹ്വാനം ചെയ്യുന്നു.
ഫ്രത്തേലിതൂത്തി എന്ന ചാക്രിക ലേഖനത്തിന്റെ മുഖ്യ പ്രമേയം അനുസ്മരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
Comments